മദ്യപിച്ചെത്തി പിതാവിന്റെ വാരിയെല്ല് ചവിട്ടിയൊടിച്ചു: മകൻ അറസ്റ്റിൽ, വയോധികൻ ഗുരുതരാവസ്ഥയിൽ!!
കോട്ടയം: മദ്യപിച്ച് അച്ഛനെ ഉപദ്രവിച്ച മകൻ അറസ്റ്റിൽ. രോഗിയായ അച്ഛന്റെ വാരിയെല്ല് ചവിട്ടിയൊടിച്ച സംഭവത്തിലാണ് മകൻ ജോസി ജോൺ (38) അറസ്റ്റിലായിട്ടുള്ളത്. മകന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ശാന്തിപുരം റൈട്ടൺപറമ്പ് ചക്കുങ്കൽ ജോൺ തോമസ് (67) ചെത്തിപ്പുഴയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞുവരികയാണ്. മദ്യപിച്ച് വീട്ടിലെത്തിയ ജോസി കട്ടിലിൽ കിടക്കുകയായിരുന്ന പിതാവിനെ വലിച്ച് നിലത്തിട്ട ശേഷം വയറിൽ ചവിട്ടിയെന്നാണ് പോലീസ് നൽകുന്ന വിവരം. ഞായറാഴ്ച രാവിലെ 11. 30ഓടെയായിരുന്നു സംഭവം.
സംഭവം നടക്കുമ്പോൾ ജോസിയുടെ അമ്മയാണ് വീട്ടിലുണ്ടായിരുന്നത്. ശബ്ദം കേട്ടെത്തിയ അമ്മയെയും ഇയാൾ മർദ്ദിക്കുകയായിരുന്നു. 62കാരിയായ അന്നമ്മയ്ക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. തുടർന്നാണ് സമീപവാസികളുടെ സഹായത്തോടെയാണ് ഗുരുതരമായി പരിക്കേറ്റ ജോണിനെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. മർദ്ദനമേറ്റ ജോണിന്റെ ആറ് വാരിയെല്ലുകൾ ഒടിഞ്ഞ് ശ്വാസകോശത്തിൽ തറച്ച നിലയിലാണുള്ളത്.

രക്തസ്രാവമുണ്ടായതോടെ ശസ്ത്രക്രിയയ്ക്ക് ശേഷം ജോണിനെ ഐസിയുവിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ജോണിന്റെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായ തന്നെ തുടരുകയാണ്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ജോസിയെ പിന്നീട് ബുധനാഴ്ച ശാന്തിപുരത്ത് നിന്നാണ് പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ശേഷം പിന്നീട് ഇയാളെ റിമാൻഡ് ചെയ്യുകയായിരുന്നു.












Click it and Unblock the Notifications