കോട്ടയം മെഡിക്കല്‍ കോളെജില്‍ വന്‍ തീപിടുത്തം; രോഗികളെ മാറ്റി
ക്യാന്‍സര്‍ വാര്‍ഡിന് സമീപം നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്നാണ് തീ പടര്‍ന്നത്. അപകട കാരണം വ്യക്തമായിട്ടില്ല.

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീപിടുത്തം. നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ ആണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. തിങ്കളാഴ്ച ഉച്ചയോടെ ആണ് കെട്ടിടത്തിനുള്ളില്‍ നിന്ന് തീ പടര്‍ന്നത്. ആശുപത്രിയിലെ ക്യാന്‍സര്‍ വാര്‍ഡ് ഉള്‍പ്പടെ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് സമീപത്താണ് തീപിടുത്തം.
മുന്‍കരുതല്‍ എന്നോണം അടുത്തുള്ള കെട്ടിടങ്ങളില്‍ നിന്ന് രോഗികളെ പൂര്‍ണമായും മാറ്റിയിരിക്കുകയാണ്. കെട്ടിടത്തില്‍ നിന്ന് പുക വ്യാപകമായി ഉയരുന്നുണ്ട്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയുടെമൂന്നാം വാര്‍ഡിന്റെ പിന്നിലായാണ് പുതിയ എട്ട് നില കെട്ടിടത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. കോട്ടയത്തെയും സമീപ പ്രദേശത്തെയും ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമത്തിലാണ്. ആര്‍ക്കും ആളപായമില്ല എന്നാണ് ഫയര്‍ ഫോഴ്‌സ് അധികൃതര്‍ പറയുന്നത്.
കെട്ടിടത്തിനുള്ളില്‍ നിന്ന് എന്തോ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടു എന്നാണ് നാട്ടുകാര്‍ പറയുന്നത്. തീപ്പിടിത്തം ഉണ്ടായി രണ്ടു മണിക്കൂറിന് കഴിഞ്ഞാണ് തീ അണയ്ക്കാനും നിയന്ത്രണവിധേയമാക്കാനും സാധിച്ചത്. സമീപ വാര്‍ഡുകളിലെ അറുപതോളം രോഗികളെയും നിര്‍മാണത്തിലിരുന്ന കെട്ടിടത്തിലെ 25 തൊഴിലാളികളെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട് എന്ന് അധികൃതര്‍ അറിയിച്ചു.

നിര്‍മാണത്തിലിരിക്കുന്ന കെട്ടിടമായതിനാല്‍ വയറിങ്ങിന് ആവശ്യമായ സാധനങ്ങള്‍ സംഭരിച്ചു വെച്ചിരുന്നു. ഇവിടെ നിന്നാണ് തീ പടര്‍ന്നത്. അപകടത്തിന് കാരണം എന്താണ് എന്ന് വ്യക്തമായി അന്വേഷിക്കുമെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ വ്യക്തമാക്കി.












Click it and Unblock the Notifications