ജോണി നെല്ലൂര്‍ കേരള കോണ്‍ഗ്രസ് എമ്മിലേക്ക് തിരിച്ചെത്തുന്നു; ജോസ് കെ മാണിയുമായി ധാരണ
കോട്ടയം: നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി മുന്‍ നേതാവും മുന്‍ എം എല്‍ എയുമായിരുന്ന ജോണി നെല്ലൂര്‍ കേരള കോണ്‍ഗ്രസ് എമ്മിലേക്ക് തിരിച്ചുവരുന്നു. ഈ വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പോടെ ജോണി നെല്ലൂര്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ ഭാഗമാകും. ഇത് സംബന്ധിച്ച് ജോണി നെല്ലൂര്‍ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയുമായി ധാരണയിലെത്തിയതായണ് വിവരം.
നേരത്തെ നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി എന്ന കര്‍ഷക മുന്നണിയുടെ ഭാഗമായി ജോണി നെല്ലൂര്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു. ജോണി നെല്ലൂര്‍ കേരള കോണ്‍ഗ്രസ് എമ്മിലേക്ക് തിരിച്ചെത്തുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് തന്നെ ഉണ്ടാകും. കേരള കോണ്‍ഗ്രസ് എമ്മിലൂടെയാണ് ജോണി നെല്ലൂര്‍ നിയമസഭാ സാമാജികനാകുന്നത്. കേരള കോണ്‍ഗ്രസിന്റെ മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പിന്നീട് ടി എം ജേക്കബ് കേരള കോണ്‍ഗ്രസ് വിട്ട് സ്വന്തം പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ 1996, 2001 കാലങ്ങളില്‍ എം എല്‍ എയും ചെയര്‍മാനുമായി ജോണി നെല്ലൂര്‍ തിരഞ്ഞെടുക്കപ്പെട്ടു. ഔഷധിയുടെ ചെയര്‍മാനായും ജോണി നെല്ലൂര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ ചേര്‍ന്നെങ്കിലും അവിടെ നിന്നും വിട്ട് നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി എന്ന പാര്‍ട്ടി രൂപീകരിച്ചു.
30 വര്‍ഷം നീണ്ട യു ഡി എഫ് ബന്ധം ഉപേക്ഷിച്ചായിരുന്നു ജോണി നെല്ലൂര്‍ എന്‍ പി പി രൂപീകരിച്ചത്. ക്രൈസ്തവരുടെ വക്താക്കള്‍ എന്ന നിലയിലായിരുന്നു പാര്‍ട്ടി പ്രഖ്യാപനം. ഈ സമയത്ത് തന്നെയായിരുന്നു ബി ജെ പി ക്രൈസ്തവ സഭകളുമായി അടുക്കാനുള്ള നീക്കം നടത്തിയത്. ഇതോടെ ബി ജെ പിയുടെ ഭാഗമാകാനാണ് എന്‍ പി പി രൂപീകരിച്ചത് എന്ന വിമര്‍ശനവും ഉയര്‍ന്നു.
അതിന് പിന്നാലെ അദ്ദേഹം പാര്‍ട്ടി വിടുകയും ചെയ്തു. പിന്നാലെ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുന്നതായി വ്യക്തമാക്കി. എന്നാല്‍ ഒരു മാസം മുന്‍പ് രാഷ്ട്രീയത്തിലേക്ക് തിരികെ വരാന്‍ അദ്ദേഹം താല്‍പര്യം പ്രകടിപ്പിക്കുകയായിരുന്നു. 54 വര്‍ഷമായി സജീവ രാഷ്ട്രീയത്തിലുള്ള വ്യക്തി എന്ന നിലയില്‍ പൂര്‍ണമായും രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ശരിയല്ലെന്ന് തോന്നിയതിനാലാണ് തിരികെ വരുന്നത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ചെറുപ്പം മുതല്‍ കേരള കോണ്‍ഗ്രസിലാണ് പ്രവര്‍ത്തിക്കുന്നത് എന്നും കേരള കോണ്‍ഗ്രസ് വിട്ട് മറ്റൊരു പാര്‍ട്ടിയുമായി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു.












Click it and Unblock the Notifications