ഇത് കോട്ടയത്തിന്റെ 'മിന്നല്‍' അബീഷ്; രണ്ട് ഗിന്നസ് ഉള്‍പ്പടെ 15 റെക്കോര്‍ഡുകള്‍, ഈ 38കാരന്‍ ചില്ലറക്കാരനല്ല
കാഞ്ഞിരപ്പള്ളി: അമാനുഷിക ശക്തിയുള്ള മിന്നല്‍ മുരളിയെ സ്‌ക്രീനില്‍ നിറഞ്ഞു കണ്ടവരാണ് നമ്മള്‍. ഒരു മിന്നലടിച്ചതോടെയാണ് കഥയിലെ നായകനായ ടൊവിനോ തോമസിന് അമാനുഷിക ശക്തി ലഭിക്കുന്നത്. എന്നാല്‍ സ്വന്തം പരിശ്രമങ്ങളിലൂടെ കോട്ടയത്തിന്റെ മിന്നല്‍ മുരളിയായ അബീഷിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. അബീഷിന്റെ പ്രകടനങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

146 തേങ്ങകള്‍ ഒരു മിനിറ്റ് കൊണ്ട് ഇടിച്ചു പൊട്ടിക്കും. പത്ത് ടണ്‍ ഭാരമുള്ള കെഎസ്ആര്‍ടിസി ബസ് കടിച്ചു വലിക്കും. ഇതൊക്കെയാണ് പൂഞ്ഞാര്‍ കൈപ്പള്ളി പുതുപ്പറമ്പില്‍ അബീഷ് പി. ഡൊമിനിക്കിന്റെ സാഹസിക പ്രകടനങ്ങള്‍. സോഷ്യല്‍ മീഡിയയില്‍ കോട്ടയത്തിന്റെ മിന്നല്‍ മുരളി എന്ന തലക്കെട്ടിലാണ് വീഡിയോ വൈറലാകുന്നത്.

കരാട്ടയും കളരിയും അഭ്യസിച്ച അബീഷ് ഓട് പൊളിച്ചാണ് ആദ്യ അഭ്യാസം ആരംഭിച്ചത്. പിന്നീട് കോണ്‍ക്രീറ്റും ഇഷ്ടികയും കൈ കൊണ്ട് ഇടിച്ചു പൊട്ടിച്ചതോടെ ആത്മവിശ്വാസമായെന്ന് അബീഷ് പറയുന്നു. അബീഷ് തന്റെ പേരിലുള്ള ആദ്യത്തെ ഗിന്നസ് റെക്കോര്‍ഡ് നേടുന്നത് ഒരുമിനിറ്റില്‍ 146 തേങ്ങ കൈകൊണ്ട് ഇടിച്ച് പൊട്ടിച്ചാണ്. ലോകത്തില്‍ ഏറ്റവുംകൂടുതല്‍ പേര്‍ കണ്ട ഗിന്നസ് റെക്കോഡ് വീഡിയോയും ഇതാണ്.

അതിന് ശേഷം് 2,000 ആര്‍.പി.എമ്മില്‍ കറങ്ങുന്ന പെടസ്റ്ററല്‍ ഫാന്‍ കണ്ണ് മൂടിക്കെട്ടി നാക്കുകൊണ്ട് തൊട്ട് നിര്‍ത്തി. 10 ടണ്‍ ഭാരമുള്ള ബസ് കടിച്ചുവലിച്ച് ഏഷ്യന്‍, അമേരിക്കന്‍ റെക്കാര്‍ഡുകളും അബീഷിന്റെ പേരിലാണ്. തന്റെ അസാധാരണ കഴിവിലൂടെ അറേബ്യന്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കാര്‍ഡ്സ്, ടൈംസ് വേള്‍ഡ് റെക്കോര്‍ഡ്സ്, ഏഷ്യ, ഇന്ത്യ, ലിംക റെക്കാര്‍ഡ്സ് എന്നിവയിലും അബീഷ് ഇടം നേടിയിട്ടുണ്ട്.

കൂടാതെ തേങ്ങ തലകൊണ്ട് ഇടിച്ച് പൊടിച്ചും കറങ്ങുന്ന ഫാനില്‍ മെറ്റല്‍ ഉപയോഗിച്ച് സംഗീതം തീര്‍ത്തും ശ്രദ്ധനേടിയ വ്യക്തി കൂടിയാണ് അബീഷ്. തന്റെ ആഗ്രഹങ്ങള്‍ വലുതാണെന്ന് അബീഷ് പറയുന്നു. ഇനി തന്റെ പേരില്‍ രണ്ട് ഗിന്നസ് റെക്കോര്‍ഡുകള്‍ സ്വന്തമാക്കാനുള്ള പരിശ്രമത്തിലാണ് അബീഷ്.

ശരീര സംരക്ഷണത്തിനായി കൃത്യമായ വ്യായാമവും ജൈവ ഭക്ഷണ രീതികളുമാണ് അബീഷ് പിന്തുടരുന്നത്. ചെവിയില്‍ കെട്ടി മിനി ലോറി വലിക്കുക, കയ്യില്‍ മുട്ട പിടിച്ച് മുട്ട പൊട്ടാതെ കൂടുതല്‍ നാളികേരം ഇടിച്ചു പൊട്ടിച്ച് റെക്കോര്‍ഡ് തിരുത്താനുള്ള ശ്രമത്തിലാണ് അബീഷ്. മറ്റ് രാജ്യങ്ങളിലുള്ളവര്‍ക്ക് കഴിവ് പ്രോത്സാഹിപ്പിക്കുന്നതിനായി സ്‌പോണ്‍സാര്‍മാരെ ലഭിക്കുന്നുണ്ടെന്നും എന്നാല്‍ തനിക്ക് ഇതുവരെ അങ്ങനെ ഒന്നും ലഭിച്ചിട്ടില്ലെന്ന് അബീഷ് പറയുന്നു. പ്രോത്സാഹനം കൂടി ലഭിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റുമെന്ന വിശ്വാസത്തിലാണ് അബീഷ്.












Click it and Unblock the Notifications