ശക്തമായ മഴ: കൊക്കയാറില്‍ ഉരുള്‍പ്പൊട്ടല്‍; മൂന്ന് കുടുംബങ്ങൾ ഒറ്റപ്പെട്ടു
കൂട്ടിക്കല്‍: ഇടുക്കിയിലെ പീരുമേട് താലൂക്കിലെ കൊക്കയാറില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍പ്പൊട്ടലുണ്ടായതായി റിപ്പോര്‍ട്ട്. താഴത്താങ്ങാട് ഭാഗത്താണ് ഉരുള്‍പ്പൊട്ടല്‍ ഉണ്ടായത്. ശക്തമായ മഴയെ തുടര്‍ന്ന് ഉരുള്‍പ്പൊട്ടുകയായിരുന്നു. മൂന്ന് കുടുംബങ്ങള്‍ മഴവെള്ളപ്പാച്ചലില്‍ ഒറ്റപ്പെട്ടതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിവരുന്നതായി കൊക്കയാര്‍ വില്ലേജ് ഓഫീസര്‍ അറിയിച്ചു.
Recommended Video
കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍ മേഖലയിലും ശക്തമായ മഴയാണ് പെയ്യുന്നത്. ചപ്പാത്തിന് മുകളിലൂടെ വെള്ളം ഒഴുകുന്നു. ഞായറാഴ്ച വൈകുന്നേരം മുതലാണ് ശക്തമായ മഴ അനുഭവപ്പെട്ടത്. മണിമലയാറിന്റെ ഉല്‍ഭവ സ്ഥാനമായ ഏന്തയാര്‍ കൂട്ടിക്കല്‍ പുല്ലകയാറില്‍ വലിയ തോതിലുള്ള മലവെള്ളപ്പാച്ചിലാണുള്ളത്. റവന്യൂ ഉദ്യോഗസ്ഥരും പോലിസും അഗ്നിശമന ഉദ്യോഗസ്ഥരും കൂട്ടിക്കലിലെത്തി.

ഒക്ടോബറിലുണ്ടായ പ്രളയത്തിന് സമാനമായ മഴയാണ് അനുഭവപ്പെട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. കൊക്കയാര്‍ പഞ്ചായത്തിലെ മുക്കുളം ടോപ്പ്, വെമ്പാല പ്രദേശത്തും കനത്ത മഴ തുടരുകയാണ്. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കില്‍ ഉരുള്‍പൊട്ടിയതായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നും ജില്ലാ കലക്ടറുടെ ഓഫിസ് അറിയിച്ചു. ഒക്ടോബറില്‍ ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് നിരവധി ജീവനുകള്‍ കവര്‍ന്നെടുത്ത മേഖലകളാണ് കൂട്ടിക്കലും കൊക്കയാറും. കനത്ത മഴയാണ് ഇവിടെങ്ങും ലഭിക്കുന്നത്. പുല്ലകയാര്‍ കരകവിഞ്ഞൊഴുകുന്ന നിലയിലാണ്. മണിമലയാറ്റില്‍ ജലനിരപ്പ് ഉയരുകയാണ്. മുണ്ടക്കയം മേഖലയില്‍ അടക്കം തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദേശം.
ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത
ഡിസംബര്‍ 5 മുതല്‍ 6 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ അതി തീവ്രന്യൂനമര്‍ദ്ദം ദുര്‍ബലമായി തീവ്ര ന്യൂനമര്‍ദ്ദമായി മാറി ഒഡിഷയിലെ പുരി തീരത്തിനടുത്തു അടുത്ത 6 മണിക്കൂറില്‍ എത്തിച്ചേരാന്‍ സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്.
തുടര്‍ന്ന് തീവ്ര ന്യൂനമര്‍ദ്ദം വടക്ക് - വടക്ക് കിഴക്ക് ദിശയില്‍ ഒഡിഷ തീരത്ത് കൂടി സഞ്ചരിച്ചു ഇന്ന് അര്‍ദ്ധരാത്രി (ഡിസംബര്‍ 5) പശ്ചിമ ബംഗാള്‍ തീരത്തെത്തുകയും വീണ്ടും ശക്തി കുറഞ്ഞു ശക്തിയേറിയ ന്യൂനമര്‍ദ്ദമാകാനാണ് സാധ്യത. ന്യൂന മര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും നാളെയും ഇടി മിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇടിമിന്നല്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍
ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.












Click it and Unblock the Notifications