ആന്തരീകാവയവങ്ങളിലെ അണുബാധ; നഴ്‌സ് രശ്മിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
കോട്ടയം : ഹോട്ടലില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജിലെ നഴ്‌സ് മരണപ്പെട്ടത് ആന്തരീകാവയവങ്ങളിലെ അണുബാധമൂലമെന്ന് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. കരള്‍, വൃക്ക, ശ്വാസകോശം എന്നിവിടങ്ങളില്‍ കടുത്ത അണുബാധയുണ്ടായെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഏത് തരം അണുബാധയാണെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിന് രാസപരിശോധന ഫലം ലഭിക്കണം. ഭക്ഷ്യവിഷബാധയിലൂടെയാണോ മരണം എന്ന് രാസപരിശോധനയിലൂടെ മാത്രമാണ് സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളൂ.
രശ്മിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ ആരോഗ്യനില അതീവ ഗുരുതരമായിരുന്നെന്നും അവയവങ്ങളിലെ അണുബാധ മൂലമാണ് മരണമെന്നും കോട്ടയം മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചിരുന്നു. കോട്ടയം സംക്രാന്തിയിലുള്ള പാര്‍ക്ക് ഹോട്ടലില്‍ നിന്നാണ് രശ്മി കുഴിമന്തിയും അല്‍ഫാം ചിക്കനും കഴിച്ചത് .

ഭക്ഷണം കഴിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും രശ്മിക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ പ്രകടിപ്പിച്ചിരുന്നു. ചര്‍ദ്ദിയും വയറിളക്കത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
അതേസമയം, സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 429 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൃത്തിഹീനമായി പ്രവര്‍ത്തിച്ച 22 സ്ഥാപനങ്ങളുടേയും ലൈസന്‍സ് ഇല്ലാതിരുന്ന 21 സ്ഥാപനങ്ങളുടേയും ഉള്‍പ്പെടെ 43 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചു. 138 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 44 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്. ശക്തമായ പരിശോധനകള്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപ്പിലാക്കിയ ഓപ്പറേഷന്‍ ഹോളിഡേയുടെ ഭാഗമായി ഡിസംബര്‍ 31 വരെ 5864 പരിശോധനകള്‍ നടത്തിയിരുന്നു. 26 സ്ഥാപനങ്ങള്‍ അടപ്പിച്ചു. ക്രിസ്തുമസ് പുതുവത്സര അവധിക്കാലവുമായി ബന്ധപ്പെട്ട് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപ്പിലാക്കിയ പ്രത്യേക പരിശോധനയിലൂടെയാണ് ഒരാഴ്ചയ്ക്കിടെ ഇത്രയും സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. എല്ലാ ജില്ലകളിലും ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരുടെ സ്പെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ച് പ്രത്യേക പരിശോധനകള്‍ നടത്തിയിരുന്നു. 802 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 337 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 540 സര്‍വൈലന്‍സ് സാമ്പിളുകളും ശേഖരിച്ചു.
ഭക്ഷണത്തില്‍ മായം കലര്‍ത്തുന്നതും കാലപ്പഴക്കമുള്ള ഭക്ഷണം നല്‍കുന്നതും ക്രിമിനല്‍ കുറ്റമാണ്. ഇത് സംബന്ധിച്ച് കര്‍ശനമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നു. ഏതെങ്കിലും തരത്തില്‍ ഇത്തരത്തിലുള്ള മായം കലര്‍ത്തിയ ഭക്ഷണമോ കാലപ്പഴക്കമുള്ള ഭക്ഷണമോ പിടിക്കപ്പെട്ടാല്‍ ആ സ്ഥാപനത്തിന്റെ ലൈസന്‍സ് ഉള്‍പ്പെടെ റദ്ദാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ലൈസന്‍സ് റദ്ദാക്കപ്പെട്ടാല്‍ അത് പിന്നീട് വീണ്ടും കിട്ടുക എന്നുള്ളത് വലിയ പ്രയാസമുള്ള കാര്യമായിരിക്കും. മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്ന് കര്‍ശനമായ നിര്‍ദ്ദേശമാണ് നല്‍കിയിട്ടുള്ളതെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കിയിരുന്നു.
ആളുകളുടെ ആരോഗ്യത്തെയും ജീവനെയും ഗുരുതരമായി ബാധിക്കുന്ന ഒരു വിഷയമാണിത്. ഇക്കാര്യത്തില്‍ എല്ലാ സ്ഥാപനങ്ങളുടെ ഭാഗത്ത് നിന്നും പ്രത്യേകിച്ച് ആഹാരം തയ്യാറാക്കുന്നവരുടെയും വിതരണം ചെയ്യുന്നവരുടെയും ഭാഗത്തുനിന്നും വളരെ കൃത്യമായ ബോധ്യത്തോടെയുള്ള ഇടപെടല്‍ ഉണ്ടാകണം. ഒരു ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥന്റെ അധികാരപരിധിയിലുള്ള സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സോ രജിസ്ട്രേഷനോ ഉണ്ടോ എന്നുള്ളതും പരാതികളില്‍മേല്‍ കൃത്യമായി പെട്ടെന്നുള്ള നടപടികള്‍ സ്വീകരിക്കുന്നു എന്നുള്ളതും ഉറപ്പാക്കേണ്ടതാണ്.
പൊതുജനങ്ങള്‍ക്ക് ഇത് സംബന്ധിച്ചിട്ടുള്ള പരാതികള്‍ അറിയിക്കുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പോര്‍ട്ടല്‍ തയ്യാറാക്കി വരുന്നു. പൊതുജനങ്ങള്‍ക്ക് ഫോട്ടോയും വീഡിയോയും അപ് ലോഡ് ചെയ്യാനുള്ള സൗകര്യം ഇതിലുണ്ടാകും. ഓരോ പരാതിയില്‍മേലും പെട്ടെന്ന് തന്നെ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications