ജോസ് കെ മാണിയോ അതോ കാപ്പനോ? പാലാ പോരിൽ ആര് നേടും.. മണ്ഡലത്തിലെ കണക്കുകൾ പറയുന്നത്,ആശ്വസിക്കേണ്ട
കോട്ടയം; വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പാലാ മണ്ഡലത്തിൽ പോരാട്ടം കടുക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ജോസ് കെ മാണിയുടെ മുന്നണി പ്രവേശവും പാലാ സീറ്റിനു വേണ്ടിയുള്ള എൻസിപിയുടെ പോരാട്ടവുമാണ് പാലായിലെ മത്സരവും കടുപ്പിച്ചിരിക്കുന്നത്. ജോസ് കെ മാണിയും എൻസിപി നേതാവ് മാണി സി കാപ്പനും പാലാ വിട്ടുകൊടുക്കില്ലെന്നുറച്ചിരിക്കുകയാണ്.
ഇതോടെ 'പാലായ്ക്ക്' വേണ്ടി എൻസിപി യുഡിഎഫിലെത്തുമെന്ന കാര്യവും ഏറെ കുറെ ഉറപ്പായ മട്ടാണ്.അതേസമയം ജോസും മാണി സി കാപ്പനും നേർക്ക് നേർ മണ്ഡലത്തിൽ പോരാടിയാൽ ആരാകും വിജയിക്കുക? മണ്ഡലത്തിലെ കണക്കുകൾ പറയുന്നത് ഇങ്ങനെ

പാലായിൽ പോരാട്ടം
തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ പാലായിൽ വിട്ടുവീഴ്ചയിലെന്ന് എൽഡിഎഫ് നേതൃത്വത്തെ എൻസിപി അറിയിച്ചിരുന്നു. എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പ് കഴിയാതെ സീറ്റിനെ സംബന്ധിച്ച് പ്രതികരിക്കേണ്ടെന്ന നിലപാടായിരുന്നു മുന്നണി നേതൃത്വത്തിന്. തിരഞ്ഞെടുപ്പ് ഫലം അനുസരിച്ച് ഇത് സംബന്ധിച്ച് തിരുമാനം കൈക്കൊള്ളാമെന്നും നേതൃത്വം കണക്ക്കൂട്ടി.

മുന്നണി വിട്ടേക്കും
തിരഞ്ഞെടുപ്പിൽ ജോസ് കെ മാണി വിഭാഗത്തിന്റെ പിന്തുണയോടെ കോട്ടയത്ത് ശക്തമായ ആധിപത്യം ഉറപ്പിക്കാൻ ഇടതുമുന്നണിക്ക് കഴിഞ്ഞു.പാലാ നഗരസഭയിലും ജോസും ഇടതുമുന്നണിയും ശക്തി തെളിയിച്ചു. ഇതോടെ പാലാ ജോസിന് വിട്ട് കൊടുക്കാൻ തന്നെ ഇടതുമുന്നണിയിൽ ധാരണയായി. സിറ്റിംഗ് സീറ്റ് നഷ്ടമാകുമെന്ന ഉറപ്പായതോടെ മാണി സി കാപ്പനും കൂട്ടരും എൽഡിഎഫ് വിടാനുള്ള ഒരുക്കത്തിലുമാണ്.

ആശ്വസിക്കാനാകുമോ?
എൻസിപി മുന്നണി വിട്ടാലും നഷ്ടങ്ങളൊന്നും സംഭവിക്കില്ലന്ന നിലപാടിലാണ് ഇവിടെ എൽഡിഎഫ്. ഉപതിരഞ്ഞെടുപ്പിലെ അട്ടിമറി വിജയവും തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകളും ആണ് ഇടതുമുന്നണി പ്രതീക്ഷവയ്ക്കുന്നത്. എന്നാൽ യഥാർത്ഥത്തിൽ പാലായിൽ ആശ്വസിക്കാനുള്ള വക എൽഡിഎഫിനുണ്ടോ? കണക്കുകൾ പറയുന്നത് ഇതാണ്.

കാലിടറി യുഡിഎഫ്
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തോമസ് ചാഴിക്കാടന് 33472 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചപ്പോൾ ഉപതിരഞ്ഞെടുപ്പിൽ അട്ടിമറി വിജയമായിരുന്നു മാണി സി കാപ്പനിലൂടെ എൽഡിഎഫ് മണ്ഡലത്തിൽ നേടിയത്.2943 വോട്ടുകൾക്കായിരുന്നു കാപ്പന്റെ വിജയം.
12 പഞ്ചായത്തുകളും ഒരു നഗരസഭയും അടങ്ങുന്ന മണ്ഡലത്തിൽ ശക്തി കേന്ദ്രങ്ങളിലെല്ലാം യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോമിന് കാലിടറി.

എൽഡിഎഫിനൊപ്പം
തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകളിലും എൽഡിഎഫ് യുഡിഎഫിനെ ഞെട്ടിച്ചു. ജോസ് കെ മാണിയുടെ പിന്തുണയോടെ പാലാ നഗരസഭയിൽ 17 വാർഡിലും എൽഡിഎഫ് ഭരണം പിടിച്ചു. യുഡിഎഫ് കോട്ടകൾ എന്നറിയപ്പെടുന്ന മീനച്ചിലും കൊഴുവനാല്‍ പഞ്ചായത്തുകളും ഇടതിനൊപ്പം ചേർന്ന് നിന്നു.

അഞ്ച് പഞ്ചായത്തുകൾ
എലിക്കുളം, കരൂര്‍, തലനാട്, കടനാട്, പഞ്ചായത്തുകള്‍ നേരത്തേ തന്നെ എല്‍ഡിഎഫിനെ പിന്തുണച്ച് പോന്നിരുന്ന പഞ്ചായത്തുകളാണ്. ഇവിടെ ഇക്കുറിയും എൽഡിഎഫ് തന്നെയാണ് വിജയം ആവർത്തിച്ചത്.അതേസമയം യുഡിഎഫിനെ നേരത്തേ പിന്തുണച്ചിരുന്ന രാമപുരം, മേലൂക്കാവ്, മൂന്നിലവ്, ഭരണങ്ങാനം,തലപ്പുലം അടങ്ങുന്ന അഞ്ച് പഞ്ചായത്തുകള്‍ തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിനൊപ്പം നിലയിുറച്ചു.

അനുകൂല ഘടകം
ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിനൊപ്പമായിരുന്നു ഈ അഞ്ച് പഞ്ചായത്തുകളും എന്നതാണ് ശ്രദ്ധേയം. ജോസ് മുന്നണി വിട്ടപ്പോൾ പഞ്ചായത്തുകൾ യുഡിഎഫിലേക്ക് മറിഞ്ഞത് അനുകൂല ഘടകങ്ങളാണ് കോൺഗ്രസ് നേതൃത്വം കരുതുന്നത്. ഇനിയുള്ള ചർച്ചകൾ പാലായിൽ ആരൊക്കെ തമ്മിലാകും പോരാട്ടം എന്നതാണ്.

പാലാ അഭിമാന പ്രശ്നം
ജോസ് കെ മാണിയെ സംബന്ധിച്ച് പാലാ എന്നത് അഭിമാന പ്രശ്നമാണ്. പാലായിൽ മത്സരിച്ച് വിജയിച്ച് സംസ്ഥാന രാഷ്ട്രീയത്തിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുകയാണ് ജോസിന്റെ ലക്ഷ്യം. അതേസമയം നിലവിലെ മണ്ഡലത്തിലെ രാഷ്ട്രീയ സാഹചര്യം ജോസിന് അനുകൂലമല്ലെന്ന ആശങ്ക കേരള കോൺഗ്രസിനുണ്ട്.

പൊതുവികാരം
പാലായിൽ ജോസ് മത്സരിച്ച് പരാജയപ്പട്ടാൽ അത് വലിയ തിരിച്ചടിയാകും.അതിനാൽ ഉറപ്പുള്ള മണ്ഡലത്തിൽ തന്നെ ജോസ് മത്സരിക്കണമെന്നാണ് പാർട്ടിയിലെ പൊതുവികാരം. അങ്ങനെയെങ്കിൽ കടുത്തുരുത്തിയിലാകും ജോസ് കെ മാണി മത്സരിച്ചേക്കുക. പാലായിൽ റോഷി അഗസ്റ്റിന്റെ പേരാണ് പരിഗണിക്കപ്പെടുന്നത്.അതേസമയം സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ഉടൻ തന്നെ അന്തിമ തിരുമാനം ഉണ്ടാകും.

നിയമോപദേശം തേടി
അതിനിടെ ഉടൻ തന്നെ ജോസ് കെ മാണി രാജ്യസഭാ എംപി സ്ഥാനം രാജിവെച്ചേക്കും. ഇത് സംബന്ധിച്ച് പാർട്ടി നിയമോപദേശം തേടിയിട്ടുണ്ട്.. അതേസമയം ജോസ് കെ മാണി മാത്രമാകും രാജിവെയ്ക്കുക.കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ നിന്നുമുള്ള എംപി തോമസ് ചാഴിക്കാടന് പാര്‍ലമെന്ററി അംഗത്വം രാജിവെച്ചേക്കില്ല. ജോസ് രാജിവെക്കുന്നതോടെ കേരള കോണ്‍ഗ്രസിന് തന്നെയാകും രാജ്യസഭാ സീറ്റ് തിരികെ ലഭിക്കുകയെന്നാണ് സൂചനകൾ.
ആ പ്രതികരണം സന്തോഷം പകരുന്നു എന്ന് കെഎം ഷാജി; അനാവശ്യ പ്രചാരണം ഇനി അവസാനിപ്പിക്കാം
'മലപ്പുറം എന്താ കേരളത്തിലല്ലേ..?ബിജെപിയുടെ സവിശേഷ മലപ്പുറം വിരോധം ആണോ സിപിഎമ്മിനും'