• search
 • Live TV
കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കണമല സർവ്വീസ് സഹകരണ ബാങ്കിന്റെ കർഷകരെ സഹായിച്ച 'കാന്താരി വിപ്ലവം' ;മന്ത്രിയുടെ കുറിപ്പ്

തിരുവനന്തപുരം; റബര്‌ തോട്ടത്തിൽ നിന്ന് അധിക വരുമാനം കണ്ടെത്താൻ കണമല സർവ്വീസ് സഹകരണ ബാങ്ക് നടത്തിയ കാന്താരി വിപ്ലവത്തെ കുറിച്ച് വിവരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ആദ്യകാലത്ത് മാസത്തില്‍ രണ്ട് പ്രാവശ്യം സംഭരണം നടത്തിയിരുന്ന ബാങ്ക് ഇപ്പോള്‍ എല്ലാ ചൊവ്വാഴ്ചയും കാന്താരി സംഭരണം നടത്തുന്നു. മൂന്ന് ടണ്ണിലധികം കാന്താരി ഇക്കാലയളവില്‍ സംഭരിച്ചിട്ടുണ്ട്.വിപണനത്തിന് ബുദ്ധിമുട്ടില്ല. പൊതുവിപണിയിലെ വില്പനയ്ക്ക് പുറമേ കയറ്റുമതിക്കാര്‍, ആമസോണ്‍ സെല്ലേഴ്സ്, സൂപ്പര്‍മാര്‍ക്കറ്റ് സപ്ലയേഴ്സ് തുടങ്ങിയവരും ബാങ്കില്‍ നിന്ന് കാന്താരി വാങ്ങുന്നു, ഫേസ്ബുക്കിൽ മന്ത്രി കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

ഓരോ സഹകരണ സംഘവും ധനകാര്യ സ്ഥാപനം എന്നതിലുപരി വൈവിധ്യമാർന്ന പ്രവർത്തനങ്ങളുമായി നാടിന്റെ സ്പന്ദനമാവുന്ന കാഴ്ചകളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഇക്കൂട്ടത്തില്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ ബാങ്കുകളിലൊന്നാണ് കോട്ടയം ജില്ലയില്‍ എരുമേലിക്കടുത്ത കണമല സര്‍വീസ് സഹകരണ ബാങ്ക്.

ഇത്തിരിക്കുഞ്ഞനും എരിവില്‍ മുമ്പനുമായ കാന്താരി മുളക് ഒരു ഗ്രാമത്തിന്‍റെ ജീവിതം തന്നെ മാറ്റിമറിച്ച കഥയാണ് കണമലയ്ക്ക് പറയാനുള്ളത്. കാര്‍ഷിക വൃത്തി ജീവിതമാര്‍ഗമാക്കിയവരാണ് ബാങ്കിന്റെ പ്രവര്‍ത്തന പരിധിയിലെ ഒട്ടുമിക്ക ജനങ്ങളും. എരുമേലി വനവുമായി അതിര്‍ത്തി പങ്കിടുന്നതാണ് കണമലയിലെ ഭൂരിഭാഗം പ്രദേശങ്ങളും. കാട്ടാന, കാട്ടുപന്നി, മാന്‍, മലയണ്ണാന്‍ തുടങ്ങിയവ കൃഷി ഭൂമികളില്‍ സ്ഥിരം വിരുന്നുകാരാകുമ്പോള്‍ കര്‍ഷകര്‍ക്ക് ഭൂമിയില്‍ നിന്നു കിട്ടാന്‍ ബാക്കിയൊന്നുമുണ്ടാവില്ല.

ബാങ്കിന്റെ പുതിയ ഭരണസമിതി വന്നപ്പോള്‍ ജനങ്ങളുടെ ഈ പ്രശ്നത്തിന് ഒരു പരിഹാരം ആലോചിച്ചിരുന്നു. അങ്ങനെയാണ് വന്യജീവികളുടെ ശല്യം ഉണ്ടാവാത്തതും എന്നാല്‍ എല്ലാവര്‍ക്കും കൃഷി ചെയ്യാവുന്നതുമായ കാന്താരിയിലേക്ക് ശ്രദ്ധ എത്തുന്നത്. കാന്താരിയുടെ വിപണന സാദ്ധ്യതകള്‍ പഠിച്ച ശേഷം കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ കര്‍ഷകരുടെ യോഗം വിളിച്ച ശേഷം എത്ര കാന്താരി വേണമെങ്കിലും കിലോയ്ക്ക് 250 രൂപാ നിരക്കില്‍ എടുത്തുകൊള്ളാം എന്ന് ബാങ്ക് ഉറപ്പ് നല്‍കി. കര്‍ഷകര്‍ ആവേശപൂര്‍വ്വം കാന്താരികൃഷി ഏറ്റെടുത്തു. ബാങ്കിന്‍റെ തറവില പ്രഖ്യാപനം വന്നതോടെ സ്‌കൂള്‍ വിദ്യാര്‍ഥികളും വീട്ടമ്മമാരും ഉള്‍പ്പടെ കണമല നിവാസികളെല്ലാം അടുക്കളത്തോട്ടങ്ങളിലും കൃഷി ഭൂമിയുടെ ഒഴിഞ്ഞ ഭാഗങ്ങളിലുമെല്ലാം കാന്താരി തൈകള്‍ നട്ടുതുടങ്ങി.

വളരെപ്പെട്ടെന്നുതന്നെ കാന്താരി ഗ്രാമമെന്ന പേരും സമ്പാദിച്ചു. ആദ്യകാലത്ത് മാസത്തില്‍ രണ്ട് പ്രാവശ്യം സംഭരണം നടത്തിയിരുന്ന ബാങ്ക് ഇപ്പോള്‍ എല്ലാ ചൊവ്വാഴ്ചയും കാന്താരി സംഭരണം നടത്തുന്നു. മൂന്ന് ടണ്ണിലധികം കാന്താരി ഇക്കാലയളവില്‍ സംഭരിച്ചിട്ടുണ്ട് എന്നാണ് ബാങ്ക് പ്രസിഡന്റ് അഡ്വ. ബിനോയ്‌ ജോസ് പറയുന്നത്. വിപണനത്തിന് ബുദ്ധിമുട്ടില്ല. പൊതുവിപണിയിലെ വില്പനയ്ക്ക് പുറമേ കയറ്റുമതിക്കാര്‍, ആമസോണ്‍ സെല്ലേഴ്സ്, സൂപ്പര്‍മാര്‍ക്കറ്റ് സപ്ലയേഴ്സ് തുടങ്ങിയവരും ബാങ്കില്‍ നിന്ന് കാന്താരി വാങ്ങുന്നു.

കാന്താരി കൃഷിയില്‍ മാത്രം ഒതുങ്ങുന്നതല്ല കണമല സര്‍വീസ് സഹകരണ ബാങ്കിന്‍റെ കര്‍ഷക ക്ഷേമ പദ്ധതികള്‍. മുക്കൂട്ടുതറ മീന്‍ ഗ്രാമം, പമ്പാവാലി പോത്തുഗ്രാമം എരുത്വാപ്പുഴ തേന്‍ഗ്രാമം എന്നീ പദ്ധതികളും ബാങ്കിന്‍റെ നേതൃത്വത്തില്‍ നടപ്പാക്കുകയാണ്.

ബാങ്കിന് കീഴില്‍ 28 ഫാര്‍മേഴ്സ് ക്ലബുകള്‍ ഉണ്ട്. ഇവയില്‍ ഓരോന്ന് വീതം വനിതകളുടെയും യുവാക്കളുടെയും കുട്ടികളുടെയും ക്ലബുകള്‍ ആണ്. 560 ഓളം കുടുംബങ്ങളാണ് ഫാര്‍മേഴ്സ് ക്ലബുകളില്‍ ഉള്ളത്. പോത്തിനെ വാങ്ങാന്‍ ഫാര്‍മേഴ്‌സ് ക്ലബുകള്‍ക്ക് ഈടില്ലാതെ കുറഞ്ഞ പലിശനിരക്കില്‍ ബാങ്ക് വായ്പ നല്‍കും. പരസ്പര ജാമ്യത്തില്‍ പരമാവധി പത്ത് ലക്ഷം രൂപ വരെയാണ് ഓരോ ക്ലബിനും നല്‍കുന്നത്. ഇത് വരെ 56 ലക്ഷം രൂപ വായ്പ നല്‍കിയിട്ടുണ്ട്. കൃഷിക്ക് ഇന്‍ഷൂറന്‍സും സംഭരണത്തിന് ബാങ്കും ഉള്ളപ്പോള്‍ കൃഷിക്കാര്‍ക്കു തിരിച്ചടവിന് ബുദ്ധിമുട്ടില്ല.

പോത്തുകള്‍ വളര്‍ച്ചയെത്തുമ്പോള്‍ ഇറച്ചിക്ക് 300 രൂപ ഉറപ്പുനല്‍കിയാണ് പമ്പാവാലി പോത്തുഗ്രാമം സൃഷ്ടിക്കാനൊരുങ്ങുന്നത്. ഓരോ വീട്ടിലും മത്സ്യ കൃഷിയെന്ന ലക്ഷ്യവുമായി ആരംഭിച്ചിരിക്കുന്ന മുക്കൂട്ടുതറ മീന്‍ഗ്രാമത്തില്‍ മത്സ്യ കൃഷിക്ക് വായ്പയും 300 രൂപ നിരക്കില്‍ മത്സ്യം ബാങ്ക് സംഭരിക്കാമെന്ന ഉറപ്പും ബാങ്ക് നല്‍കുന്നു. ഓരോ വീട്ടിലും തേന്‍കൂടെന്ന ലക്ഷ്യവുമായി തുടക്കമിട്ട എരുത്വാപ്പുഴ തേന്‍ഗ്രാമത്തില്‍ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന തേന്‍ കിലോയ്ക്ക് 200 രൂപ നിരക്കില്‍ സംഭരിക്കും.

cmsvideo
  Pinarayi vijayan government will continue for next five years says survey

  ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം എന്ന നിലയില്‍ ബാങ്കിന് കീഴില്‍ ഉല്പന്നങ്ങളുടെ മൂല്യവര്‍ധിത പദ്ധതികള്‍ക്കായി നബാര്‍ഡ് പിന്തുണ ഇങ്ങോട്ട് ബന്ധപ്പെട്ട് അറിയിച്ചിട്ടുണ്ട്. മറ്റുള്ള സംഘങ്ങള്‍ക്കും പിന്തുടരാവുന്ന മാതൃകയാണ് കണമല സര്‍വീസ് സഹകരണ ബാങ്ക് മുന്നോട്ട് വെക്കുന്നത്. ഇടവിളയായി തുടങ്ങിയ കൃഷിയില്‍ നിന്നും പ്രധാനവിളയായ റബ്ബറിനേക്കാള്‍ വരുമാനം നേടുന്ന ഒട്ടനവധി കര്‍ഷകര്‍ കണമലയില്‍ ഉണ്ട്. നാടിന്റെ ആവശ്യങ്ങള്‍ അറിഞ്ഞു കൊണ്ട് ഗുണഭോക്താക്കള്‍ക്കും ബാങ്കിനും ഒരേ പോലെ ഗുണകരമാകുന്ന പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ ഒരു നാടിന്റെയാകെ വികസനമാണ് സാധ്യമാകുന്നത്.

  English summary
  Kadakampally Surendran's Facebook Post on Kanamala Service Cooperative Bank's Activities
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X