യുഎന്നില്‍ കസറി മലയാളി വിദ്യാര്‍ത്ഥിയുടെ പ്രസംഗം, കൈയ്യടിച്ച് അഭിനന്ദിച്ച് കമല ഹാരിസ്
കോട്ടയം: യുഎന്നില്‍ ഒരു പ്രസംഗത്തിലൂടെ ലോക ശ്രദ്ധ നേടിയിരിക്കുകയാണ് ഒരു മലയാളി പെണ്‍കുട്ടി. ആമിലിന്‍ റോസ് തോമസ് എന്ന വിദ്യാര്‍ത്ഥിനിയുടെ പ്രസംഗത്തിന് യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് വരെ കൈയ്യടിച്ചിരിക്കുകയാണ്. പെനിസില്‍വാനിയയിലെ സെന്റ് ജോസഫ് അക്കാദമി ഹൈസ്‌കൂളിലാണ് ആമിലിന്‍ റോസ് തോമസ് പഠിക്കുന്നത്. ഐക്യരാഷ്ട്രസഭയില്‍ ബാലാവകാശങ്ങളെ കുറിച്ചാണ് ആമിലിന്‍ ഗംഭീര പ്രസംഗം നടത്തിയത്. കമലാ ഹാരിസ് ഫിലാഡെല്‍ഫിയയിലേക്കുള്ള സന്ദര്‍ശനത്തിലാണ് ആമിലിനെ കാണാനെത്തിയത്. പ്രസംഗത്തെ കമല വാനോളം പ്രശംസിക്കുകയും ചെയ്തതോടെ ആമിലിന്‍ ലോക പ്രശസ്തയായിരിക്കുകയാണ്.

യുഎന്‍ കമ്മിറ്റിയില്‍ അമേരിക്കയിലെ കുട്ടികളുടെ അവകാശങ്ങളെ കുറിച്ചും കേരളത്തിലെ വേരുകളെ കുറിച്ചുമാണ് ആമിലിന്‍ സംസാരിച്ചത്. കമല ഹാരിസിനെ കാണണമെന്നത് ആമിലിന്റെ ദീര്‍ഘകാലമായുള്ള സ്വപ്‌നമായിരുന്നു. അതൊരു തെളിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു. അന്നാണ് താന്‍ കമലയെ കണ്ടതെന്ന് വിദ്യാര്‍ത്ഥിനി പറയുന്നു. ജീവിതത്തിലെ ഏറ്റവും മികച്ച ദിവസത്തിന്, ഏറ്റവും മികച്ച അന്തരീക്ഷം ദൈവം ഒരുക്കി തന്നുവെന്ന് ആമിലിന്‍ വ്യക്തമാക്കി. യുഎന്നിലെ കാര്യങ്ങള്‍ കമലയുമായി പങ്കുവെച്ചെന്നും, അന്നത്തെ പ്രസംഗ ദിവസത്തെ മനോനില അടക്കം കമലയോട് പറഞ്ഞുവെന്നും ആമിലിന്‍ പറഞ്ഞു.
എന്റെ നേട്ടത്തെ കുറിച്ച് അറിഞ്ഞ് അവരാകെ അമ്പരപ്പിലും ആവേസത്തിലായിരുന്നു. അവര്‍ക്കത് വിശ്വസിക്കാനാവുന്നില്ലെന്ന് പറഞ്ഞു. തന്റെ കോളേജ് പഠനത്തെ കുറിച്ചുള്ള ചിന്തകളും കമല ഹാരിസ് ചോദിച്ചറിച്ചു. പെനിസില്‍വാനിയ യൂണിവേഴ്‌സിറ്റിയില്‍ ന്യൂറോ സയന്‍സ് പഠിക്കാനാണ് ആഗ്രഹമെന്ന് പറഞ്ഞപ്പോള്‍ അവര്‍ ശരിക്കും അതിനെ പിന്തുണച്ചു. ആ വാര്‍ത്തയില്‍ അവര്‍ ആഹ്ലാദിക്കുന്നുണ്ട്. പീഡിയാട്രിക് ഡോക്ടറാവാനാണ് കൂടുതല്‍ താല്‍പര്യമെന്ന് ഞാന്‍ അറിയിച്ചതോടെ അവര്‍ ശരിക്കും ത്രില്ലടിച്ച് പോയിരുന്നുവെന്നും ആമിലിന്‍ വ്യക്തമാക്കി. തനിക്ക് ഹോം വര്‍ക്കും തന്നിട്ടാണ് അവര്‍ മടങ്ങിയത്. ദ ഡീപ്പസ്റ്റ് വെല്‍ എന്ന പുസ്തകം വായിക്കാനാണ് ആമിലിനോട് കമല നിര്‍ദേശിച്ചിരിക്കുന്നത്.
പീഡിയാട്രിക് മേഖലയിലേക്ക് വരുന്നവര്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകമാണ് ദ ഡീപ്പസ്റ്റ് വെല്‍ എന്ന് കമല പറഞ്ഞു. കുട്ടിക്കാലത്തെ ട്രോമകളെ കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകമാണിതെന്നും ആമിലിന്‍ പറഞ്ഞു. തന്റെ ഇന്ത്യന്‍ വേരുകളെ കുറിച്ച് ആമിലിന്‍ കമലയെ അറിയിച്ചിരുന്നു. നീയും ദക്ഷിണേന്ത്യക്കാരിയാണ്. എന്റെ കുടുംബത്തിലെ ഒരു പാതിയെ പോലെയാണ് നീ എന്നും കമല പറഞ്ഞതായി ആമിലിന്‍ പറഞ്ഞു. സ്പ്രിംഗ് ഫോര്‍ഡ് ഏരിയ സ്‌കൂളിലെ ഗണിതാധ്യാപകനായ ജോസ് തോമസിന്റെ മകളാണ് ആമിലിന്‍. നേരത്തെ പെന്‍സില്‍വാനിയ ഗവര്‍ണര്‍ ടോം വൂള്‍ഫ് ആമിലിനെ ആദരിച്ചിരുന്നു. യുഎസ് പ്രസിഡന്റ് ജോ ബൈഡനും ആമിലിനെ അഭിനന്ദിച്ചിരുന്നു.












Click it and Unblock the Notifications