പാലായില്‍ കാപ്പന്റെ മുന്നേറ്റമോ?: ആ വോട്ടുകളില്‍ 7500 വരെ വോട്ട് യുഡിഎഫിന് പോയെന്ന് ജോസ് കെ മാണി
കോട്ടയം: കേരള കോണ്‍ഗ്രസിന്റെ മുന്നണി മാറ്റത്തോടെ കോട്ടയം ജില്ലയിലെ രാഷ്ട്രീയ ചിത്രത്തില്‍ വലിയ മാറ്റം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. കഴിഞ്ഞ തവണ രണ്ട് സീറ്റുകളില്‍ മാത്രം വിജയിച്ച മുന്നണി ഇത്തവണ ആറിലേറെ സീറ്റുകളിലാണ് ജില്ലയില്‍ വിജയം പ്രതീക്ഷിക്കുന്നത്. ജോസ് കെ മാണി-മാണി സി കാപ്പന് പോര് നടക്കുന്ന പാലായിലാണ് ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്നത്. മുന്നണി വിട്ട് പോയ മാണി സി കാപ്പനെ മുന്നണി മാറിയെത്തിയ ജോസ് കെ മാണി വീഴ്ത്തുമെന്ന് തന്നെയാണ് എല്‍ഡിഎഫ് ഉറച്ച് വിശ്വസിക്കുന്നത്. അതേസമയം ബിജെപി വോട്ടുകളിലുണ്ടാവുന്ന അടിയൊഴുക്കും ഇടതുമുന്നണിയില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

കെഎം മാണി-ജോസ് കെ മാണി
2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ശക്തമായ മത്സരത്തിനൊടുവില്‍ 4703 വോട്ടുകള്‍ക്കായിരുന്നു മാണി സി കാപ്പനെ പരാജയപ്പെടുത്തി കെഎം മാണി വിജയിച്ചത്. കെഎം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് 2019 ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ 2943 വോട്ടുകള്‍ക്കായിരുന്നു മാണി സി കാപ്പനിലൂടെ മണ്ഡലം എല്‍ഡിഎഫ് പിടിച്ചത്.

ബിജെപി പിടിച്ച വോട്ടുകള്‍
ബിജെപി അത്ര വലിയ സ്വാധീനം അല്ലാതിരുന്നു മണ്ഡലത്തില്‍ അവര്‍ പിടിക്കുന്ന വോട്ടുകളും രണ്ട് തിരഞ്ഞെടുപ്പിലും നിര്‍ണ്ണായകമായിരുന്നു. 2016 ല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എന്‍ ഹരിക്ക് 24821 വോട്ടുകളായിരുന്നു ലഭിച്ചത്. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ എന്‍ ഹരി തന്നെ മത്സരിച്ചിട്ടും ബിജെപി വോട്ടുകള്‍ 18044 ലേക്ക് ഇടിഞ്ഞു.

നിലനിര്‍ത്തുമോ
നിര്‍ണ്ണായകമായ മത്സരം നടക്കുന്ന ഇത്തവണ ബിജെപി പിടിക്കുന്ന വോട്ടുകള്‍ നിര്‍ണ്ണായകമാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒരു പഞ്ചായത്തില്‍ ഭരണം പിടിക്കാന്‍ സാധിച്ച ബിജെപിക്ക് ഇരുപതിനായിരത്തോളം വോട്ടുകള്‍ സമാഹരിക്കാന്‍ സാധിച്ചിരുന്നു. നിയമസഭ തിരഞ്ഞെടുപ്പില്‍ ഈ വോട്ട് വിഹിതം അവര്‍ക്ക് നിലനിര്‍ത്താന്‍ കഴിയില്ലെന്നാണ് എല്‍ഡിഎഫ് വിലയിരുത്തുന്നത്.

വോട്ട് മറിച്ചു
മണ്ഡലത്തില്‍ പലയിടത്തും ബിജെപി വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായി മറിച്ചെന്ന ഗുരുതര ആരോപണം പാലായിലെ സ്ഥാനാര്‍ത്ഥിയും കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണി ഇതിനോടകം തന്നെ ഉയര്‍ത്തി കഴിഞ്ഞു. വിജയസാധ്യത വിലയിരുത്താന്‍ ബിജെപിയുടെ ബൂത്ത്-ജില്ലാ തല യോഗങ്ങള്‍ ചേരുന്നതിനിടെയാണ് ഇത്തരമൊരു ആരോപണവുമായി ജോസ് രംഗത്ത് എത്തുന്നത്.

ഏറ്റവും കുറഞ്ഞത്
പാലായിലും കേരള കോൺഗ്രസ് സ്ഥാനാർഥികൾ മത്സരിച്ച കോട്ടയം ജില്ലയിലടക്കം മറ്റ് മണ്ഡലങ്ങളിലും ബിജെപി വ്യാപകമായി വോട്ടുമറിച്ചെന്നാണ് ജോസ് ആരോപിക്കുന്നത്. പാലായില്‍ ഏറ്റവും കുറഞ്ഞത് 5000 മുതൽ 7500 വരെ വോട്ട് ബിജെപി യുഡിഎഫിന് മറിച്ച് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു.

മുത്തോലി പഞ്ചായത്ത്
തിരഞ്ഞെടുപ്പിന് ശേഷമുള്ള വിലയിരുത്തലുകള്‍ക്ക് ശേഷമാണ് ഇത്തരമൊരു ആരോപണം ജോസ് കെ മാണി ഉന്നയിക്കുന്നത്. ഫലം പുറത്ത് വരുമ്പോള്‍ ഇത് വ്യക്തമാകും. പാലായില്‍ ബിജെപിക്ക് ഇത്തവണ ഗണ്യമായി വോട്ട് കുറയുമെന്നും അദ്ദേഹം പറയും. മുത്തോലി ഉള്‍പ്പടെയുള്ള പഞ്ചായത്തുകളില്‍ വോട്ട് മറിഞ്ഞെന്നാണ് സംശയം.

പാലായ്ക്ക് പുറത്തും
പാലായിലടക്കം ബിജെപിയും യുഡിഎഫും പലയിടത്തും ഒത്തുകളി നടത്തി. കോട്ടയത്ത് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച ചങ്ങനാശ്ശേരിയിലും കടുത്തുരുത്തിയിലും കാഞ്ഞിരപ്പള്ളി, പുഞ്ഞാര്‍ മണ്ഡലങ്ങളിലും ബിജെപി വോട്ടുകള്‍ വലിയ തോതില്‍ യുഡിഎഫിലേക്ക് പോയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
Recommended Video

വിജയം ഉറപ്പ്
എന്നാല്‍ പാലായില്‍ അടക്കം ഇടതുമുന്നണിയുടെ വിജയസാധ്യതയെ ബാധിക്കില്ല. എല്ലായിടത്തും വ്യക്തമായ ഭൂരിപക്ഷത്തോടെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളും തിരഞ്ഞെടുക്കപ്പെടും. യുഡിഎഫിന് കോട്ടയം ജില്ലയില്‍ അടക്കം ഇത്തവണ കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.












Click it and Unblock the Notifications