ലതിക സ്വതന്ത്രയാവുന്നു, ജോസഫ് ഗ്രൂപ്പിന് പരാജയ ഭീതി; നേതാക്കളുമായി സംസാരിച്ച് പ്രിന്‍സ് ലൂക്കോസ്
കോട്ടയം: കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതിന് പിന്നാലെ വലിയ പൊട്ടിത്തെറിയാണ് ഉണ്ടായത്. സംസ്ഥാനത്ത് ഉടനീളം പ്രതിഷേധങ്ങളും രാജി പ്രഖ്യാപനങ്ങളും ഉണ്ടായി. രാഷ്ട്രീയ കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത പ്രതിഷേധം ഉണ്ടായത് മഹിള കോണ്‍ഗ്രസ് നേതാവായ ലതിക സുഭാഷില്‍ നിന്നാണ്. സീറ്റ് ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് സംഘടനയുടെ സംസ്ഥാന അധ്യക്ഷ പദവി രാജിവെച്ച് കെപിസിസി ആസ്ഥാനത്തിന് മുന്നില്‍ തലമുണ്ഡനം ചെയ്താണ് പ്രതിഷേധിച്ചത്. ഇതിന് പിന്നാലെ യുഡിഎഫിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്ന പ്രഖ്യാപനത്തിലേക്ക് പോവുകയാണ് ലതിക സുഭാഷ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം

ഏറ്റൂമാനൂര്‍ മണ്ഡലം
ഏറ്റൂമാനൂര്‍ സീറ്റിന് വേണ്ടിയായിരുന്നു ലതിക സുഭാഷിന്‍റെ ശ്രമം. അവസാന നിമിഷം വൈപ്പിനെങ്കിലും കിട്ടിയാല്‍ മതിയെന്നായി. എന്നാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നപ്പോള്‍ രണ്ട് മണ്ഡലങ്ങളിലേക്കും ലതിക സുഭാഷിനെ പരിഗണിച്ചില്ല. സീറ്റ് വിഭജനത്തിന്‍റെ ഭാഗമായി ഏറ്റുമാനൂര്‍ നേരത്തെ തന്നെ കേരള കോണ്‍ഗ്രസ് ജോസഫിന് നല്‍കിയിരുന്നു.

സീറ്റ് ജോസഫ് വിഭാഗത്തിന്
കേരള കോണ്‍ഗ്രസ് എം മുന്നണി വിട്ടപ്പോള്‍ കോട്ടയത്തെ ഏറ്റുമാനൂര്‍ ഉള്‍പ്പടേയുള്ള മണ്ഡലങ്ങള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. നേതൃത്വത്തിന്‍റെ മൗനാനുവാദത്തോടെ ഏറ്റുമാനൂരില്‍ ലതിക സുഭാഷ് പ്രവര്‍ത്തനവും തുടങ്ങിയിരുന്നു. എന്നാല്‍ സീറ്റ് വിഭജനത്തില്‍ ഏറ്റുമാനൂര്‍ ജോസഫ് വിഭാഗത്തിന് ലഭിച്ചു.
Recommended Video


ഏറ്റുമാനൂര്‍ അല്ലെങ്കില്‍ കാഞ്ഞിരപ്പള്ളി
ഏറ്റുമാനൂര്‍ അല്ലെങ്കില്‍ കാഞ്ഞിരപ്പള്ളി എന്നതായിരുന്നു ജോസഫ് ഗ്രൂപ്പിന്‍റെ ആവശ്യം. എന്നാല്‍ ഐ ഗ്രൂപ്പ് കാരനായ ജോസഫ് വാഴക്കന് സീറ്റുറപ്പിക്കാന്‍ കാഞ്ഞിരപ്പള്ളിക്ക് വേണ്ടി ചെന്നിത്തല ഉറച്ച് നിന്നുവെന്നാണ് ആരോപണം. തന്‍റെ മറ്റ് ഗ്രൂപ്പ് നോമിനികള്‍ക്ക് വേണ്ടി സീറ്റുറക്കിപ്പിക്കാന്‍ ശ്രമിച്ച ഉമ്മന്‍ചാണ്ടിയും ലതിക സുഭാഷിന്‍റെ കാര്യം അവഗണിച്ചെന്നും അവരെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു.

വൈപ്പിന്‍ ലഭിക്കും
ഏറ്റുമാനൂര്‍ ഇല്ലെങ്കില്‍ വൈപ്പിന്‍ ലഭിക്കുമെന്ന സൂചന ചില നേതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നുവെന്നാണ് ലതിക സുഭാഷ് പറയുന്നത്. എന്നാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നപ്പോള്‍ അവിടെയും മറ്റ് പേര് വന്നു. ഇതോടെയാണ് കടുത്ത പ്രതിഷേധത്തിന് ലതിക സുഭാഷ് തയ്യാറായത്. കൂടാതെ ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിക്കാനുള്ള ഒരുക്കത്തിലുമാണ് ലതിക സുഭാഷ്.

സ്വതന്ത്രയായി മത്സരിക്കും
ഇന്ന് വൈകുന്നേരം ഏറ്റുമാനൂരില്‍ ലതിക സുഭാഷ് പ്രവര്‍ത്തകരുടെ യോഗം വിളിച്ചിട്ടുണ്ട്. സ്വതന്ത്രയായി മത്സരിക്കുന്ന കാര്യത്തില്‍ ഇന്ന് വൈകീട്ട് പ്രഖ്യാപനം ഉണ്ടാവും. ഏറ്റവും ഉറപ്പുള്ള ഒരു സീറ്റ് ഇനി തരാന്‍ തയ്യാറായാലും ഇത്തവണ കോണ്‍ഗ്രസിന് വേണ്ടി മത്സരത്തിന് ഇല്ലെന്നും ലതിക സുഭാഷ് മാധ്യമങ്ങളോട് വ്യക്തമാക്കി.

പ്രാഥമിക അംഗത്വം
സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് ഇന്ന് തന്നെ പ്രചാരണം തുടങ്ങാനാണ് ആലോചന. കോൺഗ്രസിൻ്റെ പ്രാഥമിക അംഗത്വം രാജി വയ്‍ക്കുമെന്നും ലതിക വ്യക്തമാക്കി. ആരാണ് തനിക്ക് സീറ്റ് നിഷേധിച്ചതെന്ന് അറിയില്ല. എന്താണ് ഭാവി പരിപാടി എന്നത് സംബന്ധിച്ച് ഇന്ന് നിർണായക തീരുമാനം എടുക്കുമെന്നും അവര്‍ വ്യക്തമാക്കുന്നു.

ഫോണ്‍ എടുത്തില്ല
പലവട്ടം വിളിച്ചിട്ടും കെപിസിസി പ്രസിഡന്‍റ് ഫോണ്‍ പോലും എടുത്തില്ല. ഏറ്റുമാനൂര്‍ കിട്ടുമെന്ന് പ്രതീക്ഷിച്ചു. ഏറ്റുമാനൂർ ഇല്ലെങ്കിലും വൈപിനിൽ മത്സരിക്കാൻ തയ്യാറായിരുന്നു, എന്നാല്‍ ഒന്നും നടന്നില്ല. ഒരു പാര്‍ട്ടിയുടേയും പിന്തുണയില്ലെങ്കിലും ഏറ്റുമാനൂരില്‍ ജയിക്കാനാകും എന്നാണ് വിശ്വാസമെന്നും ലതിക സുഭാഷ് പറഞ്ഞു.

ഏറ്റുമാനൂരിന്‍റെ ചരിത്രം
മുന്‍പും സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ നിന്ന് മത്സരിച്ച് വിജയിച്ച ചരിത്രം ഏറ്റുമാനൂരിന് ഉണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ലതിക സുഭാഷ് സ്വതന്ത്രയായി മത്സരിച്ചാല്‍ അത് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് തിരിച്ചടിയാവുമെന്ന ആശങ്ക ജോസഫ് ഗ്രൂപ്പിനുണ്ട്. പ്രശ്നം പരിഹരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് സ്ഥാനാര്‍ത്ഥി പ്രിന്‍സ് ലൂക്കോസ് പറയുന്നത്.

ജനപിന്തുണ
ഏറ്റുമാനൂരില്‍ വലിയ ജനപിന്തുണയുള്ള നേതാവാണ് ലതിക സുഭാഷ്. ഇടതുപക്ഷത്തിന്‍റെ സീറ്റിങ് സീറ്റായ ഏറ്റുമാനൂരില്‍ ലതിക സുഭാഷ് പോലുള്ള ഒരു നേതാവ് കൂടി വരുന്ന വലിയ പ്രതിസന്ധി യുഡിഎഫിന് മുന്നില്‍ സൃഷ്ടിക്കും. അതേസമയം കേരള കോണ്‍ഗ്രസ് എം കൂടി മുന്നണി വിട്ട് വന്നത് കണക്കിലെടുക്കുമ്പോള്‍ വലിയ ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി.
കാനന മനോഹാരിതയ്‌ക്കൊപ്പം അതിഥി ബാലന്‍: ചിത്രങ്ങള്‍












Click it and Unblock the Notifications