കോട്ടയത്ത് ജോസഫിന് എട്ടിന്റെ പണിയുമായി കോൺഗ്രസ്; നൽകുക ഈ ഒരു സീറ്റ് മാത്രം? 8 സീറ്റിലും കോൺഗ്രസ് മത്സരിക്കും?
കോട്ടയം; ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശനത്തിന് ശേഷമുള്ള ആദ്യ നിയമസഭ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ തട്ടകമായ കോട്ടയത്ത് പല രാഷ്ട്രീയ അട്ടിമറികളും ഇത്തവണ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഏത് വിധേനയും കൂടുതൽ സീറ്റുകൾ നേടിയെടുക്കാനാണ് യുഡിഎഫിലെ ചർച്ചകൾ.
ഇത് മുന്നിൽ കണ്ട് കേരള കോൺഗ്രസ് ജോസഫ് വിഭാഗവും കോൺഗ്രസും തമ്മിലുള്ള സീറ്റ് ചർച്ചകൾ യുഡിഎഫിൽ പുരോഗമിക്കുകയാണ്. അതിനിടെ ജോസഫിന് കടുംവെട്ടു നൽകി ജില്ലയിലെ ഏഴ് മണ്ഡലങ്ങളും ഏറ്റെടുക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസ്, ഏറ്റവും പുതിയ വിവരങ്ങളിലേക്ക്
ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ കേരള സന്ദര്‍ശന ചിത്രങ്ങള്‍ കാണാം

യുഡിഎഫ് കോട്ട
യുഡിഎഫിന്റെ ഉറച്ച കോട്ടകളിലൊന്നായാണ് കോട്ടയം കണക്കാക്കപ്പെടുന്നത്.കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ആകെ അഞ്ച് സീറ്റുകളിൽ വിജയിക്കാൻ മുന്നണിക്ക് കഴിഞ്ഞിരുന്നു. എന്നാൽ ജോസ് കെ മാണിയുടെ മുന്നണിമാറ്റത്തോടെ ജില്ലയിൽ കനത്ത തിരിച്ചടിയാണ് യുഡിഎഫ് നേരിട്ടത്. ജോസിന്റെ മുന്നണി മാറ്റത്തിന് വഴിവെച്ച കോട്ടയം ജില്ലാ പഞ്ചായത്ത് ഉൾപ്പെടെ എൽഡിഎഫിന് ലഭിച്ചു.

കൂടുതൽ സീറ്റുകൾ
ഇതോടെയാണ് നിയമസഭ തിരഞ്ഞെടുപ്പിൽ ജില്ലയിൽ കൂടുതൽ സീറ്റുകൾ നേടിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് നീക്കങ്ങളിലേക്ക് കോൺഗ്രസ് കടക്കുന്നത്.
കോട്ടയം ജില്ലയിൽ ആകെ 9 നിയമസഭ സീറ്റുകളാണ് ഉള്ളത്. ഇതിൽ പാലാ., ചങ്ങനാശേരി, കാഞ്ഞിരപ്പളളി, കടുത്തുരുത്തി, ഏറ്റുമാനൂർ, പൂഞ്ഞാർ എന്നീ സീറ്റുകളിലായിരുന്നു കഴിഞ്ഞ തവണ കേരള കോൺഗ്രസ് എം മത്സരിച്ചിരുന്നത്.

ജയസാധ്യത ഉള്ള മണ്ഡലങ്ങൾ
വൈക്കം, പുതുപ്പള്ളി, കോട്ടയം സീറ്റുകളില്‍ കോണ്‍ഗ്രസും മത്സരിച്ചു.ജോസ് കെ മാണി വിഭാഗം പോയതോടെ ജയസാധ്യത ഉള്ള മണ്ഡലങ്ങൾ ഏറ്റെടുക്കണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തമായിരുന്നു. സുരക്ഷിത സീറ്റ് ലക്ഷ്യം വെച്ചുള്ള ചരടുവലികൾ ചില കോൺഗ്രസ് നേതാക്കൾ ആരംഭിക്കുകയും ചെയ്ിരുന്നു. എന്നാൽ ഇത്തവണയും മുഴുവൻ സീറ്റുകളും വേണമെന്നാണ് പിജെ ജോസഫ് വിഭാഗത്തിന്റെ ആവശ്യം.

പാലായിൽ അയഞ്ഞു
പാലാ സീറ്റിനെ ചൊല്ലി ഇടഞ്ഞ് നിൽക്കുന്ന മാണി സി കാപ്പൻ എൽഡിഎഫ് വിട്ട് യുഡിഎഫിൽ എത്തുകയാണെങ്കിൽ കാപ്പന് വേണ്ടി വിട്ടുവീഴ്ച ചെയ്യാമെന്ന നിലപാടാണ് ജോസഫ് വിഭാഗം യുഡിഎഫ് നേതൃയോഗത്തെ അറിയിച്ചിരിക്കുന്നത്. പാലായിൽ ജോസ് കെ മാണി മത്സരിച്ചാൽ ശക്തനായ സ്ഥാനാർത്ഥിയെ കണ്ടെത്തുകയെന്നത് ജോസഫ് വിഭാഗത്തെ സംബന്ധിച്ചും വെല്ലുവിളിയാകും. ഈ സാഹചര്യത്തിലാണ് പാലായിൽ വിട്ടുവീഴ്ചയ്ക്ക് ജോസഫ് തയ്യാറായത്.

കടുത്തുരുത്തി ഒഴികെ
എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ജില്ലയിൽ കടുത്തുരുത്തി ഒഴികെയുള്ള മുഴുവൻ മണ്ഡലങ്ങും ഏറ്റെടുക്കണമെന്ന നിർദ്ദേശമാണ് കോൺഗ്രസിൽ ഉയരുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് നേതൃത്വം എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനും സെക്രട്ടറി ഐവാൻ ഡിസൂസയ്ക്കും കത്ത് നൽകി.

അടിത്തറ ഇല്ലാത്ത സീറ്റുകൾ
ഡിസിസി അധ്യക്ഷൻ ജോഷി ഫിലിപ്പിന്റെ പേരിലാണ് നിവേദനം സമർപ്പിച്ചിരിക്കുന്നത്. ജോസ് കെ മാണി വിഭാഗം മുന്നണി വിട്ടതോടെ ജോസഫ് ഗ്രൂപ്പിന് പലയിടങ്ങളിലും സ്വാധീനം നഷ്ടമായെന്നും അടിത്തറ ഇല്ലാത്ത ഇടങ്ങളിൽ അവർക്ക് സീറ്റ് നൽകുന്നത് തിരിച്ചടിയാകുമെന്ന മുന്നറിയിപ്പാണ് നേതാക്കൾ നൽകുന്നത്.

ഏറ്റെടുക്കണമെന്ന്
ഏറ്റുമനൂർ, പാലാ, കാഞ്ഞിരപ്പള്ളി,ചങ്ങനാശേരി സീറ്റുകൾ ഏറ്റെടുക്കണമെന്നാണ് നിവേദനത്തിൽ ആവശ്യപ്പെടുന്നു. ഏറ്റുമാനൂരിൽ ഇതിനോടകം തന്നെ കോൺഗ്രസ് നേതാവ് ലതിക സുഭാഷ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. സിഎഫ് തോമസിന്റെ മണ്ഡലമായിരുന്ന ചങ്ങനാശേരിയിൽ കെസി ജോസഫിനെ പരിഗണിച്ചുള്ള ചർച്ചകളും കോൺഗ്രസിൽ നടക്കുന്നുണ്ട്.

ജോസഫിന് വിട്ടുനൽകും
കടുത്തുരിത്തി മാത്രമാണ് കോൺഗ്രസ് ജോസഫിന് വിട്ടുനൽകാമെന്ന് വ്യക്തമാക്കുന്നത്. കടുത്തുരുത്തിയിൽ ജോസഫ് വിഭാഗം നേതാവ് മോൻസ് ജോസഫ് സ്ഥാനാർത്ഥിയാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. പാലാ സീറ്റിലെ സാധ്യത പരിശോധിച്ച ശേഷം ജോസ് കെ മാണി എൽഡിഎഫിന് വേണ്ടി കടുത്തുരുത്തിയിൽ ഇറങ്ങേയിക്കുമെന്നുള്ള ചർച്ചകളും ശക്തമാണ്.

സംഘടന പ്രവർത്തനം
അതേസമയം സീറ്റ് ചർച്ചകൾ ഔദ്യോഗികമായി തുടങ്ങുമ്പോൾ സീറ്റ് വിഭജനം സംബന്ധിച്ച് തിരുമാനം കൈക്കൊള്ളാമെന്ന് താരിഖ് അൻവർ നേതാക്കളോട് അറിയിച്ചു. നിലവിൽ താഴെ തട്ട് മുതൽ സംഘടന പ്രവർത്തനം ശക്തിപ്പെടുത്താനള്ള നടപടികൾ ക്കൊള്ളണമെന്നും അദ്ദേഹം നേതാക്കൾക്ക് നിർദ്ദേശം നൽകി. ഈ മാസം 10 ന് മുൻപ് ബൂത്ത് കമ്മിറ്റികൾ പുസംഘടിപ്പിക്കണമെന്ന നിർദ്ദേശവും പ്രാദേശിക നേതൃത്വത്തിന് നൽകിയിട്ടുണ്ട്












Click it and Unblock the Notifications