കോട്ടയം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാപ്പൻ എത്തിയില്ലെങ്കിൽ പാലായിൽ യുഡിഎഫിന് പ്ലാൻ ബി, ജോസ് കെ മാണിയെ വീഴ്ത്താൻ ഇറക്കുക പിസി ജോർജിനെ

Google Oneindia Malayalam News

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയ നീക്കങ്ങള്‍ ചടുലമാക്കുകയാണ് യുഡിഎഫ്. തിരഞ്ഞെടുപ്പിന് മുന്‍പായി എന്‍സിപിയില്‍ നിന്നും മാണി സി കാപ്പന്‍ യുഡിഎഫിലേക്ക് എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മാണി സി കാപ്പന്‍ എത്തിയാല്‍ പാലായില്‍ ജോസ് കെ മാണിക്ക് എതിരെ മറ്റൊരു സ്ഥാനാര്‍ത്ഥിയെ കുറിച്ച് യുഡിഎഫിന് ചിന്തിക്കേണ്ടതില്ല. എന്നാല്‍ മാണി സി കാപ്പന്‍ ഇല്ലെങ്കില്‍ ജോസ് കെ മാണിയെ വീഴ്ത്താന്‍ തക്ക കരുത്തുളള ഒരാളെ തന്നെ പാലായില്‍ യുഡിഎഫിന് ഇറക്കേണ്ടതുണ്ട്. അതിനായി യുഡിഎഫിന് പ്ലാന്‍ ബിയും തയ്യാറാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

പാലാ പിടിച്ച കാപ്പൻ

പാലാ പിടിച്ച കാപ്പൻ

ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളം ഉറ്റ് നോക്കുന്ന ഒരു മണ്ഡലമായിരിക്കും പാലാ. വര്‍ഷങ്ങളോളം കെഎം മാണിയിലൂടെ യുഡിഎഫ് കോട്ടയായി നിലനിര്‍ത്തിയ മണ്ഡലം. കെഎം മാണിയുടെ മരണ ശേഷം നടന്ന ഉപതിരഞ്ഞെടുപ്പിലാണ് മാണി സി കാപ്പനെ നിര്‍ത്തി പാലാ എല്‍ഡിഎഫ് പിടിച്ചടക്കിയത്. കേരള കോണ്‍ഗ്രസ് എമ്മിലെ ഭിന്നത അടക്കമുളള പല കാര്യങ്ങളും കാപ്പന് പാലായില്‍ തുണയായിരുന്നു..

ഇരുകൂട്ടർക്കും അഭിമാന പ്രശ്നം

ഇരുകൂട്ടർക്കും അഭിമാന പ്രശ്നം

പിടിച്ചെടുത്ത പാലാ നിലനിര്‍ത്തുക എന്നത് എല്‍ഡിഎഫിന് നിര്‍ണായകമാണ്. ജോസ് കെ മാണിയെ പാലായില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുന്നു. പാലാ തിരിച്ച് പിടിക്കുക എന്നത് യുഡിഎഫിനാകട്ടെ അഭിമാന പ്രശ്‌നവുമാണ്. മുന്നണിയെ കാല് വാരി ഇടത് പാളയത്തിലേക്ക് പോയ ജോസ് കെ മാണിക്ക് മറുപടി നല്‍കേണ്ടത് കോണ്‍ഗ്രസിനും പിജെ ജോസഫിനും സുപ്രധാനവുമാണ്.

മാണി സി കാപ്പനെ സ്വന്തമാക്കാൻ

മാണി സി കാപ്പനെ സ്വന്തമാക്കാൻ

പാലാ ജോസ് കെ മാണിക്ക് തിരിച്ച് നല്‍കാനുളള എല്‍ഡിഎഫ് നീക്കത്തിലുളള എന്‍സിപിയെ അതൃപ്തി മുതലെടുത്ത് മാണി സി കാപ്പനെ സ്വന്തമാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. പാലാ സീറ്റ് തന്നില്ലെങ്കില്‍ മുന്നണി വിടുമെന്നുളള ശക്തമായ സൂചനകള്‍ മാണി സി കാപ്പന്‍ ഇതിനകം തന്നെ നല്‍കിക്കഴിഞ്ഞു. രാജ്യസഭാ സീറ്റ് അടക്കം നല്‍കി കാപ്പനെ അനുനയിപ്പിക്കാന്‍ സിപിഎം ശ്രമിച്ചേക്കും.

ജോസിനെ വീഴ്ത്താന്‍

ജോസിനെ വീഴ്ത്താന്‍

അനുനയത്തിന് വഴങ്ങി കാപ്പന്‍ എല്‍ഡിഎഫില്‍ തന്നെ തുടരാന്‍ തീരുമാനിക്കുകയാണ് എങ്കില്‍ പാലായില്‍ യുഡിഎഫിന്റെ കണക്ക് കൂട്ടലുകള്‍ പാളും. ജോസ് കെ മാണി ഇടത് സ്ഥാനാര്‍ത്ഥിയായി പാലായില്‍ എത്തിയാല്‍ യുഡിഎഫിന് കാര്യങ്ങള്‍ കഠിനമാകും. തദ്ദേശ തിരഞ്ഞെടുപ്പില്‍ പാലായിലെ തന്റെ കരുത്ത് ജോസ് കെ മാണി തെളിയിച്ച് കഴിഞ്ഞിട്ടുണ്ട്. മാണി സി കാപ്പന്‍ അല്ലെങ്കില്‍ ജോസിനെ വീഴ്ത്താന്‍ ശക്തനായ പോരാളി യുഡിഎഫ് പാളയത്തിലില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

കാപ്പനല്ലെങ്കില്‍ മറ്റാര്

കാപ്പനല്ലെങ്കില്‍ മറ്റാര്

കാപ്പനല്ലെങ്കില്‍ മറ്റാര് എന്ന ചോദ്യത്തിന് യുഡിഎഫിന് മുന്നിലുളള ഉത്തരം ജനപക്ഷം നേതാവും പൂഞ്ഞാര്‍ എംഎല്‍എയുമായാ പിസി ജോര്‍ജ് ആണ്. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായി യുഡിഎഫില്‍ എത്താന്‍ പിസി ജോര്‍ജ് നേരത്തെ മുതല്‍ക്കേ തന്നെ ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ ഔദ്യോഗികമായി പിസി ജോര്‍ജിന് യുഡിഎഫ് ഇതുവരെ പച്ചക്കൊടി കാട്ടിയിട്ടില്ല. മുന്നണിയിലുളള എതിര്‍പ്പാണ് പ്രധാന കാരണം.

പാലായില്‍ മത്സരിക്കാൻ

പാലായില്‍ മത്സരിക്കാൻ

പൂഞ്ഞാര്‍ വിട്ട് പാലായില്‍ മത്സരിക്കാനുളള താല്‍പര്യം പിസി ജോര്‍ജ് പരസ്യമായി പ്രകടിപ്പിച്ചിട്ടുളളതാണ്. യുഡിഎഫ് സ്വാഗതം ചെയ്യുകയാണ് എങ്കില്‍ മുന്നണിയുടെ ഭാഗമാകാന്‍ താല്‍പര്യമുണ്ടെന്ന് പിസി ജോര്‍ജ് പറയുന്നു. ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അടക്കമുളള കോണ്‍ഗ്രസ് നേതാക്കളുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും പിസി ജോര്‍ജ് പറയുന്നു.

പാലായും പൂഞ്ഞാറും കൂടാതെ കാഞ്ഞിരപ്പളളിയും

പാലായും പൂഞ്ഞാറും കൂടാതെ കാഞ്ഞിരപ്പളളിയും

പൂഞ്ഞാറും പാലായും അടക്കം അഞ്ചിടത്ത് മത്സരിക്കാനാണ് ഇക്കുറി ജനപക്ഷം തയ്യാറെടുക്കുന്നത്. പാലയും പൂഞ്ഞാറും കൂടാതെ കാഞ്ഞിരപ്പളളി സീറ്റും പിസി ജോര്‍ജ് യുഡിഎഫിനോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. മകന്‍ ഷോണ്‍ ജോര്‍ജിനെ പൂഞ്ഞാറില്‍ മത്സരിപ്പിച്ച് പാലായിലേക്ക് മാറാനാണ് പിസി ജോര്‍ജ് താല്‍പര്യപ്പെടുന്നത്.

മുന്നണിയിൽ എതിർപ്പ്

മുന്നണിയിൽ എതിർപ്പ്

പിസി ജോര്‍ജിനെ മുന്നണിയില്‍ എടുക്കുന്നതിനോട് രമേശ് ചെന്നിത്തലയും പിജെ ജോസഫും അടക്കമുളളവര്‍ക്ക് താല്‍പര്യമുണ്ട്. എന്നാല്‍ സോളാര്‍ കേസ് വഴി തിരിച്ച് വിട്ടതില്‍ പിസി ജോര്‍ജിനുളള പങ്ക് സംശയിക്കുന്ന ഉമ്മന്‍ ചാണ്ടിക്കും കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വത്തിനും ചില കേരള കോണ്‍ഗ്രസ് നേതാക്കള്‍ക്കും ജനപക്ഷം യുഡിഎഫിന്റെ ഭാഗമാകുന്നതിനോട് തീരെ താല്‍പര്യം ഇല്ല.

രാജി ഭീഷണി

രാജി ഭീഷണി

പിസി ജോര്‍ജിനെ മുന്നണിയില്‍ എടുക്കുന്നതിനെതിരെ നേരത്തെ കോട്ടയത്തെ പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം പ്രമേയം പാസ്സാക്കിയിരുന്നു. പിസി ജോര്‍ജുമായുളള യുഡിഎഫ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ചില കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ രാജി ഭീഷണിയും മുഴക്കിയിട്ടുണ്ട്. പിസി ജോര്‍ജിനെ സ്വീകരിച്ചാല്‍ ഈരാറ്റുപേട്ടയിലെ മുഴുവന്‍ കോണ്‍ഗ്രസ് ഭാരവാഹികളും രാജിവെച്ച് ഇടത് പക്ഷത്തിന് വേണ്ടി പ്രവര്‍ത്തിക്കും എന്നാണ് മുന്നറിയിപ്പ്.

പിജെ ജോസഫിന് താൽപര്യം

പിജെ ജോസഫിന് താൽപര്യം

പിസി ജോര്‍ജിനെ യുഡിഎഫിലെത്തിക്കാന്‍ ഏറ്റവും താല്‍പര്യം പിജെ ജോസഫിനാണ്. ജോസ് കെ മാണിയെ വീഴ്ത്താന്‍ പാലാ പിസി ജോര്‍ജിന് വിട്ട് കൊടുക്കാന്‍ തയ്യാറാണെന്ന് ജോസഫ് പരസ്യമായി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. പിസി ജോര്‍ജിനെ മുന്നണിയില്‍ എടുക്കുന്നില്ലെങ്കില്‍ പൂഞ്ഞാറില്‍ ജോസഫ് വാഴക്കനോ ടോമി കല്ലാനിയൊ പോലുളള മുതിര്‍ന്ന നേതാക്കള്‍ മത്സരിച്ചേക്കാനാണ് സാധ്യത.

English summary
https://www.asianetnews.com/kerala-news/jose-k-mani-response-on-resignation-from-rajyasabha-and-ldf-political-crisis-qmpf6v
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X