ഗണേഷിനെ മന്ത്രിയാക്കുന്നതില്‍ കേരള കോണ്‍ഗ്രസ് എമ്മിന് എതിര്‍പ്പ്; ഗൗനിക്കാതെ സിപിഎം
കോട്ടയം: കേരള കോണ്‍ഗ്രസ് ബി നേതാവും പത്തനാപുരം എം എല്‍ എയുമായ കെ ബി ഗണേഷ് കുമാറിനെ മന്ത്രിയാക്കുന്നതില്‍ കേരള കോണ്‍ഗ്രസ് എമ്മിന് അതൃപ്തി. സോളാര്‍ കേസിലെ പുത്തന്‍ സംഭവവികാസങ്ങളുടെ പേരിലാണ് ഗണേഷ് കുമാറിന്റെ മന്ത്രി സ്ഥാനത്തോട് കേരള കോണ്‍ഗ്രസ് എമ്മിന് കല്ലുകടി. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേര് സോളാര്‍ കേസിലെ പരാതിക്കാരിയുടെ കത്തില്‍ ഗണേഷ് കുമാര്‍ എഴുതി ചേര്‍ത്തതാണ് എന്ന് റിപ്പോര്‍ട്ട് വന്നിരുന്നു.
കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയുടെ പേരും ഗണേഷ് കുമാറാണ് എഴുതിച്ചേര്‍ത്തത് എന്നാണ് പാര്‍ട്ടിയുടെ വാദം. ജോസ് കെ മാണിയുടെ പേരും എഴുതി ചേര്‍ക്കുകയായിരുന്നു എന്നാണ് പരാതിക്കാരിയുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ വെളിപ്പെടുത്തിയത്. ഈ സാഹചര്യത്തില്‍ ഗണേഷ് കുമാറിന് മന്ത്രി സ്ഥാനം നല്‍കുന്നതിനെ എതിര്‍ക്കാനാണ് കേരള കോണ്‍ഗ്രസിന്റെ തീരുമാനം.

എന്നാല്‍ സി പി എം ഈ എതിര്‍പ്പ് കാര്യമായെടുക്കാന്‍ സാധ്യതയില്ല. മന്ത്രിമാര്‍ക്കെതിരെ പരസ്യ വിമര്‍ശനം ഉന്നയിക്കുന്നുണ്ടെങ്കില്‍ സി പി എമ്മിന് എന്‍ എസ് എസിലേക്കുള്ള പാലമായി ഗണേഷ് കുമാറിന്റെ മന്ത്രിസ്ഥാനം മാറിയേക്കും. ഒന്നാം എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലം തൊട്ട് എന്‍ എസ് എസ് സി പി എമ്മിനോട് ഇടഞ്ഞിട്ടാണ്. ശബരിമല വിഷയം അതിന് ഇന്ധനമാകുകയും ചെയ്തു.
ഏറ്റവുമൊടുവില്‍ മിത്ത് വിവാദത്തില്‍ എന്‍ എസ് എസ് പരസ്യ നിലപാട് സ്വീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ എന്‍ എസ് എസ് അംഗം കൂടിയായ ഗണേഷ് കുമാറിന് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാതിരിക്കാനാവില്ല എന്ന നിലാപാടാണ് സി പി എമ്മിനുള്ളത്. നിലവില്‍ എന്‍ എസ് എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ് ഗണേഷ് കുമാര്‍. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ ഇത് ഗുണം ചെയ്യുമെന്നാണ് എല്‍ ഡി എഫ് വിലയിരുത്തല്‍.
രണ്ടാം എല്‍ ഡി എഫ് സര്‍ക്കാരിന്റെ രൂപീകരണ സമയത്ത് തന്നെ ആദ്യ ടേമില്‍ ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം കൊടുക്കാന്‍ സി പി എം തയ്യാറായിരുന്നു. എന്നാല്‍ കുടുംബസ്വത്തുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായതും ഗണേഷിന്റെ സഹോദരി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് സംസാരിച്ചതുമാണ് ഇതിന് വിലങ്ങുതടിയായി. അതോടെയാണ് രണ്ടാം ടേമിലേക്ക് ഗണേഷ് കുമാറിന്റെ അവസരം മാറിയത്.
അതേസമയം സോളാര്‍ പീഡനക്കേസ് ഗൂഢാലോചനയുടെ സൂത്രധാരന്‍ ഗണേഷ് കുമാര്‍ ആണെന്നും ജയിലിലായിരിക്കേ പരാതിക്കാരി എഴുതിയ കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെയും ജോസ് കെ മാണിയുടേയും പേരുകളുണ്ടായിരുന്നില്ല എന്നുമാണ് ഫെനി ബാലകൃഷ്ണന്‍ പറഞ്ഞത്. ഗണേഷ്‌കുമാര്‍ ആവശ്യപ്പെട്ടത് പ്രകാരമാണു കത്തില്‍ മാറ്റം വരുത്തിയത് എന്നാണ് ഫെനി പറയുന്നത്.












Click it and Unblock the Notifications