പിറവത്ത് വൻ പ്രതിഷേധം, ജോസ് കെ മാണിയുടെ കോലം കത്തിച്ച് കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തകർ
കോട്ടയം: പിറവത്ത് ജോസ് കെ മാണിക്കെതിരെ കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധം. പിറവത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെച്ചൊല്ലിയാണ് പാര്‍ട്ടി ചെയര്‍മാനെതിരെ പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയിരിക്കുന്നത്. പിറവത്ത് മുന്‍ സിപിഎം നേതാവ് സിന്ധുമോള്‍ ജേക്കബിനാണ് ജോസ് കെ മാണി ടിക്കറ്റ് നല്‍കിയിരിക്കുന്നത്. ഇതോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ശക്തമായ പ്രതിഷേധത്തിലാണ്.
പിറവത്ത് പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണിയുടെ കോലം കത്തിച്ചു. പിറവം നഗരത്തില്‍ ജോസ് കെ മാണിക്കെതിരെ മുദ്രവാക്യം വിളികളുമായി സംഘടിച്ച് എത്തിയാണ് പ്രവര്‍ത്തകര്‍ കോലം കത്തിച്ചത്. ജോസ് കെ മാണി സീറ്റ് കച്ചവടം നടത്തി എന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്

സിന്ധു മോള്‍ ജേക്കബിന് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസിന്റെ പിറവം നഗരസഭാ കൗണ്‍സിലര്‍ ജില്‍സ് പെരിയപുറം രാജി വെച്ചിരുന്നു. യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡണ്ട് കൂടിയാണ് ജില്‍സ്. പിറവത്തേക്ക് ജില്‍സിനെ നേരത്തെ പാര്‍ട്ടി പരിഗണിച്ചിരുന്നു. പിറവം സീറ്റ് ജോസ് കെ മാണി വിറ്റുവെന്ന് രാജിക്ക് പിന്നാലെ ജില്‍സ് ആരോപിച്ചു. പണവും ജാതിയും നോക്കിയാണ് പാര്‍ട്ടിയില്‍ സീറ്റ് വിഭജനം എന്നും ജില്‍സ് കുറ്റപ്പെടുത്തി.
ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയായ സിന്ധുമോള്‍ ജേക്കബിനെ സിപിഎം പ്രാദേശിക നേതൃത്വം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി അറിയിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി ലോക്കല്‍ കമ്മറ്റിയെ തളളി സിപിഎം ജില്ലാ നേതൃത്വം രംഗത്ത് വന്നു. സിന്ധുമോള്‍ മത്സരിക്കാന്‍ യോഗ്യയാണെന്നും പുറത്താക്കലിനെ കുറിച്ച് അറിയില്ലെന്നുമാണ് ജില്ലാ സെക്രട്ടറി വിഎന്‍ വാസവന്‍ പ്രതികരിച്ചത്.












Click it and Unblock the Notifications