500 പേര് പോലുമില്ലാത്ത പാർട്ടിക്ക് 9 സീറ്റ്; ജോസഫിനെ ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി
കോട്ടയം: കേരള കോണ്‍ഗ്രസിന്റെ മുന്നണി മാറ്റം കേരള രാഷ്ട്രീയത്തില്‍ എന്ത് സ്വാധീനം ചെലുത്തും എന്നതിനുള്ള ഉത്തരം നല്‍കുക തദ്ദേശ തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയിലെ മുന്നണികളുടെ പ്രകടനം ആയിരിക്കും. ജോസിന്റെ വരവോടെ ജില്ലയില്‍ പതിറ്റാണ്ടുകളായുള്ള യുഡിഎഫ് ആധിപത്യം തകർക്കാന്‍ കഴിയുമെന്ന ശുഭ പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. മറുപക്ഷത്ത് കോണ്‍ഗ്രസ് ആവട്ടെ പിജെ ജോസഫിനോട് പരമാവധി അനുകമ്പ പുലർത്തി കേരള കോണ്‍ഗ്രസ് വോട്ടുകള്‍ മുന്നണിയില്‍ തന്ന പിടിച്ച് നിർത്താനുള്ള ശ്രമമാണ് കോണ്‍ഗ്രസിന്റേത് എന്നാല്‍ ഇത് അവരുടെ പാർട്ടിയില്‍ തന്നെ വലിയ പൊട്ടിത്തെറികള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.

കോട്ടയം ജില്ലാ പഞ്ചായത്തില്‍
സീറ്റ് വീതം വെയ്പ്പില്‍ കോട്ടയം ജില്ലാ പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് വലിയ പരിഗണനയാണ് ലഭിച്ചത്. കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് എം ഒന്നായിരുന്നപ്പോള്‍ 22 അംഗ ജില്ലാപഞ്ചായത്ത് കൌണ്‍സിലിലേക്ക് 11 വീതം സീറ്റുകളിലായിരുന്നു കേരള കോണ്‍ഗ്രസ് എമ്മും കോണ്‍ഗ്രസും മത്സരിച്ചത്. ലീഗ് ഉള്‍പ്പടേയുള്ള മറ്റ് ഘടകക്ഷികള്‍ക്ക് സീറ്റൊന്നും ലഭിച്ചില്ല.

ജോസ് കെ മാണിയും കൂട്ടരും
ജോസ് കെ മാണിയും കൂട്ടരും ഇടതുമുന്നണിയിലേക്ക് പോയെങ്കിലും ഇത്തവണയും കേരള കോണ്‍ഗ്രസ് 11 സീറ്റുകള്‍ തന്നെ വേണമെന്ന വാശിയിലായിരുന്നു പിജെ ജോസഫ്. എന്നാല്‍ കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് വിജയിച്ച ആറ് എണ്ണം നല്‍കാമെന്നായിരുന്നു കോണ്‍ഗ്രസിന്റെ നിലപാട്. ഇതിന് യാതൊരു വിധത്തിലും വഴങ്ങില്ലെന്ന് ജോസഫ് വ്യക്തമാക്കിയതോടെ ഒമ്പത് സീറ്റ് കൊടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവുകയായിരുന്നു.

കേരള കോണ്‍ഗ്രസ്
നിലവില്‍ ജില്ലാ പഞ്ചായത്തിലെ 6 കേരള കോണ്‍ഗ്രസ് അംഗങ്ങളില്‍ രണ്ട് പേർ മാത്രമാണ് ജോസഫ് വിഭാഗത്തില്‍ നിന്നും ഉള്ളത്. ഇവരാകട്ടെ ജോസ് കെ മാണി വിഭാഗത്തില്‍ നിന്ന് കൂറുമാറിയെത്തിയവരും. ജോസ് പോയതോടെ യുഡിഎഫിനുള്ളിലെ കേരള കോണ്‍ഗ്രസ് കൂടുതല്‍ ദുർബലമാവുകയും ചെയ്തു. എന്നിട്ടും 9 സീറ്റുകള്‍ ജില്ലാ പഞ്ചായത്തിലേക്ക് നേടിയെടുക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസം ജോസഫ് പക്ഷത്ത് പ്രകടമാണ്.

നിലവിലുള്ള അവസ്ഥ
നിലവിലുള്ള അവസ്ഥ തുടരുക എന്നതാണ് സംസ്ഥാന നയമെന്ന് പറയുമ്പോഴും വിജയിച്ച സീറ്റോ അതോ മത്സരിച്ച സീറ്റോ എന്നതിലായിരുന്നു ഇരുപാര്‍ട്ടികളും തമ്മില്‍ തര്‍ക്കം. ഈ തർക്കം പരിഹരിക്കാന്‍ കഴിഞ്ഞെങ്കിലും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് അമിത പ്രധാന്യം നല്‍കിയത് കോണ്‍ഗ്രസിനുള്ളില്‍ വലിയ പൊട്ടിത്തെറികള്‍ക്കാണ് ഇടം നല്‍കിയത്.

വിമര്‍ശനം
ഡിസിസി ഓഫീസില്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ സാന്നിധ്യത്തില്‍ നടന്ന ജില്ലാ നേതൃയോഗത്തില്‍ വന്‍ വിമര്‍ശനമാണ് നേതൃത്വത്തിനെതിരെ ഉയർന്നത്. കെപിസിസി സെക്രട്ടറി കുഞ്ഞ് ഇല്ലമ്പള്ളിയാണ് വിമര്‍ശനത്തിന് തുടക്കമിട്ടതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. പിന്നീട് സംസാരിച്ച ഭൂരിപക്ഷം അംഗങ്ങളും കോണ്‍ഗ്രസ്സ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി.

കേരള കോണ്‍ഗ്രസ് വോട്ടുകള്‍
കേരള കോണ്‍ഗ്രസ് വോട്ടുകള്‍ പരമാവധി മുന്നണിയില്‍ നിലനിർത്തുക എന്ന ലക്ഷ്യം വെച്ചാണ് ജോസഫിന് കൂടുതല്‍ സീറ്റുകള്‍ നല്‍കിയെന്ന വിശദീകരണം നേതൃത്വം നടത്തിയെങ്കിലും അത് അംഗീകരിക്കാന്‍ പലരും തയ്യാറായില്ല. ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കിയ കെസി ജോസഫ്, ജോസഫ് വാഴയ്ക്കന്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ഡിസിസി പ്രസിഡണ്ട് ജോഷി ഫിലിപ്പ് എന്നിവര്‍ക്കെതിരെ യോഗത്തില്‍ രൂക്ഷ വിമർശനം ഉയർന്നു.

ഇറക്കി വിട്ടിട്ട്
കോണ്‍ഗ്രസിനെ പുറപ്പുഴല്‍ കൊണ്ടുകെട്ടിയോ, കോണ്‍ഗ്രസിനെ വളര്‍ത്താന്‍ ജോസ് കെ മാണിയെ മുന്നണിയില്‍ നിന്നും ഇറക്കി വിട്ടിട്ട് ജോസഫിനെ വളര്‍ത്തുകയാണ് ചെയ്യുന്നത് എന്ന് തുടങ്ങിയ വിമർശനങ്ങളായിരുന്നു യോഗത്തില്‍ ഉയർന്നു വന്നത്. പിജെ ജോസഫിന്റെ സ്ഥലമാണ് പുറപ്പുഴല്‍. ജോസ് പോയതോടെ ജില്ലയില്‍ കേരള കോണ്‍ഗ്രസ് ദുർബലമായെന്നും വിമർശകർ അഭിപ്രായപ്പെട്ടു.

ദേശീയ നേതൃത്വത്തിനടക്കം
ജില്ലയിലാകെ 500 പ്രവര്‍ത്തകര്‍ ഇല്ലാത്ത പാര്‍ട്ടിക്ക് ജില്ലാപഞ്ചായത്ത് അടിയറവുവച്ചെന്നാണ് ആക്ഷേപമാണ് വിമര്‍ശിച്ചവരില്‍ ഭൂരിപക്ഷത്തിനുമുള്ളത്. ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനടക്കം ഒരു വിഭാഗം പരാതി നല്കാന് ഒരുങ്ങുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. വിഷയത്തില്‍ സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അതൃപ്പതിയിലാണെന്നാണ് ഇവര്‍ ആരോപിക്കുന്നത്

കോട്ടയം ജില്ലാ പഞ്ചായത്തില്‍
നേരത്തെ ജില്ലാ പഞ്ചായത്തിലെ പ്രസിഡന്റെ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങളെ തുടർന്നായിരുന്നു ജോസ് കെ മാണിയും കൂട്ടരും യുഡിഎഫ് വിട്ടത്. ഈ പഞ്ചാത്തലത്തില്‍ എന്ത് വിലകൊടുത്തും ജില്ലാ പഞ്ചായത്ത് പിടിക്കണമെന്നതായിരുന്നു ജില്ലാ കോണ്‍ഗ്രസ് നേതാക്കളുടെ വികാരം. ഇതിനായി കൂടുതല്‍ സീറ്റുകള്‍ പാർട്ടി തന്നെ മത്സരിക്കണമെന്നും അവർ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു.