കോട്ടയത്ത് ഉരുള്‍പ്പൊട്ടലില്‍ വീട് തകര്‍ന്നു, ആറംഗം കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കോട്ടയം: ഇന്നലെ രാത്രി ശക്തമായി പെയ്ത മഴയ്ക്ക് പിന്നാലെ കോട്ടയത്ത് ഉരുള്‍പ്പൊട്ടലും. കടനാട്, ഭരണങ്ങാനം പഞ്ചായത്തുകളുടെ അതിര്‍ത്തിയിലാണ് ഉരുള്‍പ്പൊട്ടലുണ്ടായത്. ഭരണങ്ങാനം പഞ്ചായത്തിലെ നാലാം വാര്‍ഡിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ആളപായം ഉണ്ടായില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് പുലര്‍ച്ചയെണ് അപകടമുണ്ടായത്. ഭരണങ്ങാനത്തിനടുത്ത കുറുമണ്ണിന് സമീപം രണ്ടുമാവ് ചായനാനിക്കല്‍ ജോയിയുടെ വീടാണ് ഉരുള്‍പ്പൊട്ടലില്‍ തകര്‍ന്നത്. സംഭവം നടക്കുമ്പോള്‍ ആറ് പേര്‍ വീട്ടിലുണ്ടായിരുന്നു. തലനാരിഴയ്ക്കാണ് ഇവര്‍ രക്ഷപ്പെട്ടത്. വെള്ളമൊഴുക്കിന്റെ ശക്തിയില്‍ അടുക്കളയും കുളിമുറിയും അടക്കം തകര്‍ന്നു. അതേസമയം വീട്ടിലുണ്ടായിരുന്നവര്‍ ഇപ്പോള്‍ ബന്ധുവീട്ടിലാണ്.

നേരത്തെ ശക്തമായ മഴയാണ് കോട്ടയം ജില്ലയിലുണ്ടായത്. ഇന്നലെ രാത്രി ആരംഭിച്ച മഴ പുലര്‍ച്ചയോടെ കുറഞ്ഞിരുന്നു. തീക്കോയി, പൂഞ്ഞാര്‍, തെക്കേക്കര, പഞ്ചായത്ത് പരിധികളില്‍ മീനച്ചിലാറ്റില്‍ ജലനിരപ്പ് പലയിടത്തും കരകവിഞ്ഞു. കനത്ത മഴയില്‍ കോട്ടയം ജില്ല വെള്ളപ്പൊക്ക ഭീഷണിയിലായിരുന്നു. പാലാ, ഈരാറ്റുപ്പേട്ട മേഖലകളിലാണ് മീനച്ചിലാര്‍ കരവിഞ്ഞത്. ഈരാറ്റുപേട്ട നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയത്. ഈരാറ്റുപ്പേട്ട ടൗണ്‍ കോസ്‌വേ, കോളേജ് പാലം എന്നിവിടങ്ങളില്‍ ജലനിരപ്പ് പാലം തൊട്ടു. രണ്ട് മണിയോടെ മഴയ്ക്ക് ശമനം ഉണ്ടായെങ്കിലും ഉരുള്‍പ്പൊട്ടല്‍ പുലര്‍ച്ചെയാണ് ഉണ്ടായത്.
അതേസമയം അസാനി ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരുകയാണ്. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഉച്ചയ്ക്ക് ശേഷം മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും കൂടുതല്‍ മഴ കിട്ടും. അടുത്ത ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യത. മണിക്കൂറില്‍ അമ്പത് കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. മഴ കൂടുതല്‍ ശക്തിപ്പെടുമെന്നും സൂചനയുണ്ട്.
അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം, പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. അതേസമയം അസാനി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ് തുടങ്ങിയിട്ടുണ്ട്. നിലവില്‍ മാച്‌ലി പട്ടണത്തിന്റെ 50 കിലോമീറ്റര്‍ അകലെയും, കാക്കിനാടയില്‍ നിന്ന് 150 കിലോമീറ്റര്‍ അകെലയുമാണ് അസാനി. ആന്ധ്ര തീരത്തിന് സമീപത്ത് നിന്ന് ദിശ മാറി യാനം, കാക്കിനാട, വിശാഖപട്ടണം, തീരത്തേക്ക് പോകും. രാത്രിയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പ്രവേശിക്കാനാണ് സാധ്യത.












Click it and Unblock the Notifications