'ഇങ്ങനെ ഒരു സംഭവം ഇതുവരെ ഉണ്ടായിട്ടില്ല, ഈ ഭീകരാവസ്ഥ ഇതാദ്യം', നടൻ കൂട്ടിക്കൽ ജയചന്ദ്രൻ പറയുന്നു
കോട്ടയം: കനത്ത മഴയില്‍ കേരളത്തിന് നോവായിരിക്കുകയാണ് കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍ എന്ന പ്രദേശം. അപ്രതീക്ഷിതമായി പെയ്ത മഴയില്‍ മധ്യകേരളത്തിലെ പല പ്രദേശങ്ങളും മുങ്ങുകയും പലയിടത്തും ഉരുള്‍പൊട്ടലുകളുണ്ടാവുകയും ചെയ്തു. കൂട്ടിക്കലില്‍ ഉരുള്‍പൊട്ടലില്‍ ഇതുവരെ ഏഴ് പേരാണ് മരണപ്പെട്ടിരിക്കുന്നത്. കാണാതായ പന്ത്രണ്ട് പേരെ ഇനിയും കണ്ടെത്താനുണ്ട്. കൂട്ടിക്കല്‍ സ്വദേശിയും നടനുമായ കൂട്ടിക്കല്‍ ജയചന്ദ്രന്‍ പ്രദേശത്തെ സാഹചര്യം പങ്കുവെച്ച് രംഗത്ത് വന്നിരിക്കുകയാണ്.

കൂട്ടിക്കല്‍ ജയചന്ദ്രൻ
കൂട്ടിക്കല്‍ ജയചന്ദ്രന്റെ വാക്കുകള്‍: '' സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ കൂട്ടിക്കലിലുണ്ട്. എന്നാല്‍ എല്ലാവരും സുരക്ഷിതരാണ്. ഇതുപോലൊരു സംഭവം ചരിത്രത്തിലാദ്യമാണ്. തന്റെയൊക്കെ ചെറുപ്പത്തില്‍ പോലും ഇങ്ങനെയൊരു സംഭവം കണ്ടിട്ടില്ല. കാരണവന്മാരൊക്കെ പറഞ്ഞ് കേട്ടിട്ടുണ്ട് 1957ലൊക്കെ ഇങ്ങനെ സംഭവിച്ചു എന്ന്. അതിന് ശേഷം ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ഭീകരമായ അവസ്ഥ വരുന്നത്.

ടൗണിലും കടകളിലുമൊക്കെ വെള്ളം കയറിയിരിക്കുന്ന അവസ്ഥയിലാണ് ഉളളത്. ഇങ്ങനെ ഒരു സംഭവം ഇതുവരെ ഉണ്ടായിട്ടില്ല. കടകളിലൊക്കെ താഴത്തെ നിലയില്‍ മാത്രം വെള്ളം ചെറുതായി കയറിയിറങ്ങുക ആയിരുന്നു ഇതുവരെ ഉണ്ടായിരുന്നത്. ഉരുള്‍പൊട്ടിയാലും മഴ പെയ്താലുമൊക്കെ അങ്ങനെയായിരുന്നു സംഭവിച്ചിരുന്നത്. ഇതിപ്പോള്‍ എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല.

കൂട്ടിക്കല്‍ എന്നത് മൂന്ന് ആറുകള്‍ ചേരുന്ന പ്രദേശമാണ്. കൊക്കയാര്‍, ഏന്തയാര്‍, താളുങ്കല്‍ ആറ് ഇവ മൂന്നും ചേരുന്ന ഭാഗമാണ് കൂട്ടിക്കല്‍. രണ്ട് ആറ്റിലേയും വെള്ളം താളുങ്കല്‍ ആറ്റിലേക്ക് റിവേഴ്‌സ് പോകുന്ന അവസ്ഥ പണ്ടുണ്ടായിരുന്നു. ഇപ്പോള്‍ മാലിന്യം കൂടി വരുന്നതും പുഴയുടെ ആഴം കുറയുകയും കൂടി ചെയ്തപ്പോള്‍ വെള്ളത്തിന്റെ ലെവല്‍ പൊങ്ങിയതാകാനാണ് സാധ്യത''.

''കൂട്ടിക്കല്‍കാര്‍ ഒരിക്കലും ഒറ്റയ്ക്കല്ല. മന്ത്രി അടക്കമുളളവര്‍ സ്ഥലത്തുണ്ട്.. അതില്‍ വലിയ സന്തോഷമുണ്ട്. മഴയ്ക്ക് മുന്‍പ് തന്നെ മല ഇടിഞ്ഞ് വീഴുന്ന കാഴ്ച കണ്ടു. മുങ്ങിയ ചപ്പാത്തിന് സമീപത്താണ് തന്റെ വീട്. അതൊരു അപകട മേഖല ആയിരുന്നില്ല.. താനിപ്പോള്‍ അവിടെ അല്ല താമസിക്കുന്നത്. ഇപ്പോള്‍ അവിടെ അച്ഛന്റെയും അമ്മയുടേയും ആത്മാവ് മാത്രമേ ഉളളൂ''.
Recommended Video

''റോഡ് സൈഡാണ് പ്രദേശം. മലയുടെ തൊട്ട് അടിവാരമൊന്നുമല്ല കൂട്ടിക്കല്‍. അവിടെ പോലും ഇത് സംഭവിച്ചു. വെളളത്തിന് ഒഴുകി പോകാന്‍ സാധിക്കാതെയാണ് അത് കരകവിഞ്ഞ് എത്തിയിരിക്കുന്നത് എന്നാണ് താന്‍ കരുതുന്നത്. അല്ലാതെ ഇന്ന് വരെ ഇങ്ങനെ വെള്ളം വന്നിട്ടില്ല. താഴത്തെ തൊടി വരെ മാത്രമേ വെള്ളം വരാറുളളൂ.. എത്രയോ വര്‍ഷങ്ങളായിട്ട് അങ്ങനെയാണ്. പ്രിയപ്പെട്ട സുഹൃത്തുക്കള്‍ നാട്ടിലുണ്ട്. അവര്‍ക്ക് എന്ത് സംഭവിക്കുന്നു എന്നോര്‍ത്ത് വിഷമമാണ്'' എന്നും കൂട്ടിക്കല്‍ ജയചന്ദ്രന്‍ പറഞ്ഞു.












Click it and Unblock the Notifications