'എന്റെ വീട് മുങ്ങാറായി', ഇത്രയും വലിയ വെള്ളം കാണുന്നത് ആദ്യമെന്ന് പിസി ജോർജ്, ഷോണിന്റെ വീഡിയോ
കോട്ടയം: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പെട്ട് ഒറ്റപ്പെട്ടിരിക്കുകയാണ് കോട്ടയം ജില്ലയിലെ കൂട്ടിക്കല്‍. കനത്ത നാശമാണ് ജില്ലയില്‍ പെരുംമഴ വിതച്ചിരിക്കുന്നത്. മലയോര മേഖല വെള്ളത്തിലാണ്. കൂട്ടിക്കലില്‍ ഉരുള്‍ പൊട്ടലില്‍ മരണം നാലായി.
കൂട്ടിക്കലില്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജിന്റെ വീടും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. ഇതുപോലൊരു വെള്ളപ്പൊക്കം കണ്ടിട്ടില്ലെന്ന് പിസി ജോര്‍ജ് പറയുന്നു. വീടിന് മുന്നില്‍ നിന്ന് നെഞ്ചൊപ്പം വെള്ളത്തില്‍ നില്‍ക്കുന്ന വീഡിയോ ഷോണ്‍ ജോര്‍ജ് പുറത്ത് വിട്ടിട്ടുണ്ട്.

തന്റെ വീട് മുങ്ങാറായെന്ന് പിസി ജോര്‍ജ് പറഞ്ഞു. 'ജീവിതത്തില്‍ ആദ്യമായാണ് ഇത്രയും വലിയ വെള്ളം കാണുന്നത്. താന്‍ താമസിക്കുന്ന വീടിന്റെ പുരയിടത്തില്‍ പോലും ഇതുവരെ വെള്ളം കയറിയിട്ടുളളതല്ല. തന്റെ വീടിന്റെ വാതില്‍ മുട്ടി വെള്ളം നില്‍ക്കുകയാണ്. ഒരു ഇഞ്ച് കൂടി കയറിയാല്‍ വീടിനുളളില്‍ വെള്ളം നിറയും'. ഉരുള്‍പൊട്ടല്‍ ഏറ്റവും രൂക്ഷമായിരിക്കുകയാണ് കൂട്ടിക്കല്‍ പഞ്ചായത്തില്‍ എന്നും പിസി ജോര്‍ജ് പറഞ്ഞു.

'എല്ലാ മേഖലയിലും വെള്ളം നിറഞ്ഞിരിക്കുകയാണ്. മീനച്ചില്‍ താലൂക്കിലാണ് കൂടുതല്‍ രൂക്ഷമായിരിക്കുന്നത്. പൂഞ്ഞാര്‍ പള്ളിയുടെ ഭാഗത്ത് പൂര്‍ണമായും വെള്ളം നിറഞ്ഞ് അവിടേക്ക് വാഹനം പോകുന്നില്ല. ഈരാറ്റുപേട്ടയിലേക്ക് വരാന്‍ കഴിയുന്നില്ല. കാരണം പാലം ഉള്‍പ്പെടെ മുങ്ങിക്കിടക്കുകയാണ്'. ആര്‍ക്കും അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യാന്‍ സാധിക്കാതെ ഈരാറ്റുപേട്ട മുങ്ങിപ്പോയിരിക്കുകയാണ് എന്നും പിസി ജോര്‍ജ് പറഞ്ഞു.

'തന്റെ അറിവില്‍ ഇത്രയും വെള്ളം പൊങ്ങിയ ഒരു കാലഘട്ടം ഉണ്ടായിട്ടില്ല. 1958ലെ വെള്ളപ്പൊക്കത്തിനേക്കാള്‍ വെള്ളമാണ് ഇപ്പോഴെന്നും പിസി ജോര്‍ജ് പറഞ്ഞു. പകല്‍ ആയത് കൊണ്ട് അപകടമൊന്നും ഉണ്ടാകാതെ ഈരാറ്റുപേട്ടക്കാര്‍ക്ക് സൂക്ഷിക്കാന്‍ പറ്റി. വീട് മുങ്ങുന്നത് ഇന്ന് വരെ ഉണ്ടായിട്ടില്ല. പോലീസിനും ഫയര്‍ഫോഴ്‌സിനും ഇറങ്ങാന്‍ പറ്റുന്നില്ല'. എല്ലാം വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ് എന്നും പിസി ജോര്‍ജ് പറഞ്ഞു.

'പാലാ ഇപ്പോള്‍ മുങ്ങും. കോട്ടയം വരെ ഉളളവര്‍ ശ്രദ്ധിക്കണം. കടക്കാരൊക്കെ സാധനങ്ങള്‍ സുരക്ഷിതമായി മാറ്റണം. കോട്ടയം ടൗണ്‍ വരെ വലിയ വെള്ളപ്പൊക്കത്തിന് സാധ്യത കാണുന്നുണ്ട്. രണ്ട് മണിക്കൂറിനുളളില്‍ പാലാ ടൗണും അതിന് ശേഷം കോട്ടയത്തേക്കും വെള്ളം എത്തും'. ആളുകള്‍ ശ്രദ്ധിക്കണം എന്നും പിസി ജോര്‍ജ് ആവശ്യപ്പെട്ടു.

'പ്ലാപ്പള്ളിയില്‍ വലിയ പ്രശ്‌നങ്ങളില്ല. വെള്ളം വരും ഭൂമി നഷ്ടപ്പെടും എന്നല്ലാതെ ആള്‍നാശമില്ല എന്നതാണ് ആശ്വാസകരം. നേരത്തെ വലിയ ആള്‍നാശമുണ്ടായ ഉരുള്‍പൊട്ടലുണ്ടായ മേഖലയാണ് അത്. തന്റെ കിണറടക്കം മൂടിയിരിക്കുകയാണ്. ഇപ്പോഴും മഴ നിന്നിട്ടില്ല. വെള്ളം ചെറിയ തോതില്‍ ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്'. ജനങ്ങള്‍ തന്നെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി ഇറങ്ങുന്നുണ്ടെന്നും പിസി ജോര്‍ജ് പറഞ്ഞു.

പിസി ജോര്‍ജിന്റെ വീടിന് മുന്നില്‍ നിന്നുളള വീഡിയോ ഷോണ്‍ ജോര്‍ജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. അരയൊപ്പം വെളളം കയറിയിരിക്കുന്നത് വീഡിയോയില്‍ കാണാം. ഗേറ്റ് ഏറെക്കുറെ പൂര്‍ണമായും മുങ്ങാറായ നിലയിലാണ് ഉളളത്. ഇത് തന്റെ വീടിന് മുന്നിലെ അവസ്ഥയാണ് എന്നും ഇത്രയും വെള്ളം കയറിയ സ്ഥിതി ഉണ്ടായിട്ടില്ലെന്നും വീഡിയോയില്‍ ഷോണ്‍ ജോര്‍ജ് പറയുന്നു. എല്ലാവരും വലിയ ജാഗ്രത പാലിക്കണം എന്നും വെള്ളം കയറിയ ഇടങ്ങളിൽ നിന്നും ആളുകളെ എത്രയും പെട്ടെന്ന് മാറ്റി പാർപ്പിക്കണം എന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications