ബിജെപി പിന്തുണയില്‍ യുഡിഎഫ് ഭരണം; കിടങ്ങൂര്‍ പുതുപ്പള്ളിയുടെ ടെസ്റ്റ് ഡോസ് എന്ന് സിപിഎം
കോട്ടയം: പുതുപ്പള്ളി നിയമസഭാ ഉപതിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊള്ളവെ കിടങ്ങൂര്‍ പഞ്ചായത്തില്‍ അട്ടിമറി. ബിജെപി പിന്തുണയില്‍ യുഡിഎഫ് പഞ്ചായത്ത് ഭരണം പിടിച്ചു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗമാണ് യുഡിഎഫ് അംഗങ്ങളായി പഞ്ചായത്തിലുള്ളത്. അംഗബലത്തില്‍ യുഡിഎഫിനേക്കാള്‍ മേല്‍ക്കൈയുള്ള ബിജെപി യുഡിഎഫിനെ പിന്തുണയ്ക്കുകയായിരുന്നു.
പുതുപ്പള്ളിയില്‍ യുഡിഎഫും ബിജെപിയും തമ്മില്‍ ധാരണയുണ്ടാക്കുമെന്ന് സിപിഎം ക്യാമ്പ് ആരോപിക്കുന്നതിനിടെയാണ് തൊട്ടടുത്ത പഞ്ചായത്തിലെ ഭരണമാറ്റം. ഇതിനെതിരെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസ്, മന്ത്രി വിഎന്‍ വാസവന്‍ എന്നിവര്‍ രംഗത്തുവന്നു. മണിപ്പൂര്‍ അടക്കം സൂചിപ്പിച്ചായിരുന്നു ജെയ്കിന്റെ പ്രതികരണം. വര്‍ഗീയ ശക്തികളെ കൂട്ടുപിടിച്ചുള്ള ഭരണം ഞങ്ങള്‍ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

15 അംഗങ്ങളാണ് കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തിലുള്ളത്. ഏഴ് അംഗങ്ങളാണ് എല്‍ഡിഎഫിന്. മൂന്ന് അംഗങ്ങള്‍ യുഡിഎഫിനും അഞ്ച് അംഗങ്ങള്‍ ബിജെപിക്കുമുണ്ട്. ഇതുവരെ ഭരിച്ചിരുന്നത് എല്‍ഡിഎഫ് ആണ്. കേരള കോണ്‍ഗ്രസ് എം-സിപിഎം ധാരണ പ്രകാരം പ്രസിഡന്റ് മാറുന്നതിന് വേണ്ടി രാജിവച്ചിരുന്നു. കേരള കോണ്‍ഗ്രസ് അംഗം ഒഴിഞ്ഞ് സിപിഎം അംഗത്തിന് പ്രസിഡന്റാകാനുള്ള വഴി ഒരുക്കാനായിരുന്നു രാജി.
എന്നാല്‍ അതിനിടെയാണ് ട്വിസ്റ്റ് സംഭവിച്ചത്. യുഡിഎഫ് അംഗങ്ങളെ പിന്തുണയ്ക്കാന്‍ ബിജെപി തീരുമാനിച്ചു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ നിന്നുള്ള തോമസ് മാളിയേക്കല്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഇതുവരെ കേരള കോണ്‍ഗ്രസ് എം പ്രതിനിധി ബോബി മാത്യു പ്രസിഡന്റും സിപിഎം പ്രതിനിധി ഹേമരാജ് വൈസ് പ്രസിഡന്റുമായിരുന്നു.
പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിന് നാല് അംഗങ്ങളാണുള്ളത്. സിപിഎമ്മിന് മൂന്ന് അംഗങ്ങളും. എല്‍ഡിഎഫ് നേരത്തെ തയ്യാറാക്കിയ ഭരണ വീതംവയ്പ്പ് ധാരണ പ്രകാരമാണ് പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവച്ചത്. കിടങ്ങൂരിലെ ഭരണമാറ്റം പുതുപ്പള്ളിയില്‍ രാഷ്ട്രീയ ആയുധമാക്കുകയാണ് സിപിഎം. നേതാക്കള്‍ വിഷയം ഉന്നയിച്ചുകഴിഞ്ഞു. മറുപടി പറയാന്‍ യുഡിഎഫ് ക്യാമ്പ് അല്‍പ്പം വിയര്‍ക്കും.
ചങ്ങനാശേരി നഗരസഭാ ഭരണം യുഡിഎഫിന് നഷ്ടമായി
ചങ്ങനാശേരിയില്‍ എല്‍ഡിഎഫ് പിന്തുണയോടെ സ്വതന്ത്ര അംഗം ബീന ജോബി ചെയര്‍പേഴ്‌സണ്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. ബീനയ്ക്ക് 19 വോട്ട് കിട്ടി. യുഡിഎഫിലെ ഷൈനി ഷാജിക്ക് 14 വോട്ട് ലഭിച്ചു. നഗരസഭാ ഉപാധ്യക്ഷന്‍ ബെന്നി ജോസഫിന്റെ വോട്ട് അസാധുവായി. ബിജെപി അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
കഴിഞ്ഞ മാസാവസാനമാണ് യുഡിഎഫ് ഭരണത്തിനെതിരെ എല്‍ഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. സ്വതന്ത്ര അംഗവും രണ്ട് കോണ്‍ഗ്രസ് അംഗങ്ങളും പിന്തുണച്ചതോടെ പ്രമേയം പാസായി. യുഡിഎഫ് ഭരണം വീഴുകയും ചെയ്തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പിലും രണ്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ ബീന ജോബിയെ പിന്തുണച്ച് വോട്ട് ചെയ്തു.












Click it and Unblock the Notifications