'ചാണ്ടി ഉമ്മന്‍ നടത്തിയ നീക്കം'; ബിഡിജെഎസ് പിന്തുണ കോണ്‍ഗ്രസിന്, എല്‍ഡിഎഫിന് കൂരോപ്പട ഭരണം നഷ്ടം
കോട്ടയം: കോട്ടയം കൂരോപ്പട പഞ്ചായത്ത് ഭരണം യുഡിഎഫിന്. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇന്ന് നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനും യുഡിഎഫിനും ഏഴ് വോട്ട് വീതമാണ് ലഭിച്ചത്. ഇതോടെ പ്രസിഡന്റിനെ നറുക്കിട്ട് തിരഞ്ഞെടുക്കുകയായിരുന്നു. യുഡിഎഫിന് അനുകൂലമായി നറുക്ക് വീണതോടെ കോണ്‍ഗ്രസ് അംഗം അമ്പിളി മാത്യു പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
17 അംഗ കൂരോപ്പട പഞ്ചായത്തില്‍ ഏഴ് അംഗങ്ങളുള്ള എല്‍ഡിഎഫായിരുന്നു ഭരിച്ചിരുന്നത്. ഇടതുമുന്നണിയിലെ ധാരണ പ്രകാരം പ്രസിഡന്റ് ഷീലാ ചെറിയാന്‍ രാജിവെച്ചതോടെയാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്. സിപിഐയിലെ ദീപ്തി ദിലീപായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. കൂരോപ്പടയില്‍ യുഡിഎഫിന് ആറും എന്‍ഡിഎക്ക് നാലും അംഗങ്ങളാണ് ഉള്ളത്. എന്‍ഡിഎയിലെ ബിഡിജെഎസ് അംഗം ആശ ബിനുവാണ് യുഡിഎഫിന് വോട്ട് ചെയ്തത്.

ബിജെപി അംഗങ്ങള്‍ ആര്‍ക്കും വോട്ട് ചെയ്തില്ല. അതേസമയം യുഡിഎഫ്-എന്‍ഡിഎ അവിശുദ്ധ കൂട്ടുകെട്ടിന്റെ നേര്‍സാക്ഷ്യമാണ് കൂരോപ്പടയില്‍ കണ്ടത് എന്നാണ് എല്‍ഡിഎഫ് പറയുന്നത്. ബിഡിജെഎസ് കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്നതാണ് എന്നും അതിന്റെ ആലോചനകള്‍ പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്റെ നേതൃത്വത്തിലാണ് നടന്നത് എന്നും സിപിഐ നേതാവ് ദീപ്തി ദിലീപ് വണ്‍ഇന്ത്യ മലയാളത്തോട് പറഞ്ഞു.
'ആശ ബിനു കോണ്‍ഗ്രസിലേക്ക് വന്നിട്ട് പ്രസിഡന്റ് സ്ഥാനം അവര്‍ക്ക് കൊടുക്കണം എന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത് എന്നാണ് ഞങ്ങള്‍ അറിഞ്ഞത്. ആശ ബിനു യുഡിഎഫിനെ പിന്തുണക്കും എന്ന് ആരും വിശ്വസിച്ചിരുന്നില്ല. പുതുപ്പള്ളിയിലെ ചാണ്ടി ഉമ്മന്റെ വസതിയില്‍ വെച്ചും പ്രാദേശികമായി പല വീടുകളിലിരുന്നും പലതവണ ചര്‍ച്ച നടന്നു,' ദീപ്തി പറയുന്നു.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബിഡിജെഎസിന് വേണ്ടി പ്രവര്‍ത്തിച്ചയാളാണ് ആശ ബിനു എന്നും തുഷാര്‍ വെള്ളാപ്പള്ളി കൂരോപ്പട പഞ്ചായത്തില്‍ സന്ദര്‍ശിച്ച എല്ലാ ദിവസങ്ങളിലും അദ്ദേഹത്തിന്റെ കൂടെ ആശ ഉണ്ടായിരുന്നു എന്നും ദീപ്തി ദിലീപ് പറഞ്ഞു. ബിഡിജെഎസ് മഹിളാ ജില്ലാ ജനറല്‍ സെക്രട്ടറിയായി അടുത്ത കാലത്താണ് തിരഞ്ഞെടുക്കപ്പെട്ടത്.
അതേസമയം ബിഡിജെഎസ് അംഗത്തിന്റെ പിന്തുണ അപ്രതീക്ഷിതമായിരുന്നു എന്നാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അമ്പിളി മാത്യു വണ്‍ഇന്ത്യ മലയാളത്തോട് പ്രതികരിച്ചത്. 'ബിഡിജെഎസിന്റെ പിന്തുണ അപ്രതീക്ഷിതമായിരുന്നു. ടോസ് വന്നപ്പോള്‍ ദൈവാനുഗ്രഹം ഞങ്ങള്‍ക്കൊപ്പമായിരുന്നു. എല്‍ഡിഎഫിന്റെ ആരോപണത്തെ കുറിച്ച അറിയില്ല. വോട്ടിംഗ് സമയത്താണ് ആശ വോട്ട് ചെയ്തു എന്ന് അറിയുന്നത്. അതിനപ്പുറത്തേക്ക് ഒന്നും അറിയില്ല,' അമ്പിളി പറഞ്ഞു.

2010-15 കാലത്തും അമ്പിളി മാത്യുവായിരുന്നു കൂരോപ്പട പഞ്ചായത്ത് പ്രസിഡന്റ്. എന്നാല്‍ യുഡിഎഫിന് നല്‍കിയ പിന്തുണ സംബന്ധിച്ച് ആശ ബിനു വ്യക്തമായ മറുപടി നല്‍കിയില്ല. താന്‍ സ്വതന്ത്രയായിട്ടാണ് മത്സരിച്ചത് എന്നും പഞ്ചായത്ത് വെബ്‌സൈറ്റില്‍ എല്ലാം തന്റെ പേരിന് നേര്‍ക്ക് സ്വതന്ത്ര എന്നാണ് ഉള്ളത് എന്നുമാണ് ആശ വണ്‍ഇന്ത്യ മലയാളത്തോട് പ്രതികരിച്ചത്.
' 2015-20 ലും ഞാന്‍ മെമ്പറായിരുന്നു. ബിഡിജെഎസിന്റെ ഭാരവാഹിത്വത്തിലേക്ക് ഇടക്കാലത്ത് വന്നു. വികസനം മാത്രമാണ് എന്റെ ലക്ഷ്യം. കഴിഞ്ഞ ടേമില്‍ ഒത്തിരി കാര്യങ്ങള്‍ ചെയ്യാന്‍ സാധിച്ചു. ഇത്തവണ ഫലപ്രദമായ വികസനം നടത്താന്‍ സാധിച്ചിട്ടില്ല. കക്ഷി രാഷ്ട്രീയത്തിന് അതീതമായിട്ടാണ് എന്റെ എല്ലാ പ്രവര്‍ത്തനവും. അതിനാലാണ് ജനറല്‍ സീറ്റായിരുന്നിട്ട് കൂടി ഇത്തവണ കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷത്തില്‍ ജയിച്ചത്,' ആശ പറയുന്നു.
എന്നാല്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പോട് കൂടിയാണ് ബിഡിജെഎസിന്റെ പ്രവര്‍ത്തനത്തിലേക്ക് വന്നത് എന്നും ബിജെപിയെ പിന്തുണച്ചിരുന്നെങ്കിലും ചില അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു എന്നും ആശ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് പിന്തുണ തേടി സമീപിച്ചിരുന്നു എന്നത് ശരിയാണ് എന്നും ആശ ബിനു പറഞ്ഞു. നേരത്തെ ബി ഡി ജെ എസ് അംഗത്തെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാക്കാന്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളുടെ നേതൃത്വത്തില്‍ ശ്രമം നടത്തിയതായി റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു.
എന്നാല്‍ ഇതിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ തന്നെ എതിര്‍പ്പുണ്ടായിരുന്നു. മുന്‍ പ്രസിഡന്റുമാരുള്‍പ്പെടുന്ന നാല് വനിതകള്‍ കോണ്‍ഗ്രസിലുണ്ടെന്നതിനാല്‍ പുറത്തുനിന്ന് ആരെയും പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കേണ്ട എന്നായിരുന്നു ഇവരുടെ വാദം. ഇതിന് പിന്നാലെയാണ് അമ്പിളി മാത്യുവിനെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത്. അതേസമയം യുഡിഎഫ് -എന്‍ഡിഎ അവിശുദ്ധ കൂട്ടുകെട്ടിന് പിന്നില്‍ ചാണ്ടി ഉമ്മനാണ് എന്ന് സിപിഎമ്മും ആരോപിച്ചു.
'മൂന്ന് ദിവസമായി ചാണ്ടി ഉമ്മന്റെ നേതൃത്വത്തില്‍ നടത്തിവന്ന അവിശുദ്ധ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ മൂന്നര വര്‍ഷക്കാലമായി എല്‍ഡിഎഫ് ഭരണ സമിതിക്കെതിരായി നടത്തിവന്ന രഹസ്യ അവിശുദ്ധ കൂട്ടുകെട്ട് പരസ്യമായി പുറത്തുവന്നത്. തോല്‍വി അംഗീകരിച്ച് ക്രിയാത്മക പ്രതിപക്ഷമായി എല്‍ ഡി എഫ് മെമ്പര്‍മാര്‍ പ്രവര്‍ത്തിക്കും,' കൂരോപ്പട സിപിഎം ലോക്കല്‍ സെക്രട്ടറി വിനോദ് പറഞ്ഞു












Click it and Unblock the Notifications