കൂപ്പണ്‍ പോസ്റ്റലായി എത്തി, ചുരണ്ടി നോക്കിയപ്പോള്‍ 10 ലക്ഷം രൂപ..!! തട്ടിപ്പിന്റെ പുതുവഴികള്‍
ഒടിപിയും ബാങ്ക് അക്കൗണ്ടും ചോദിച്ചുള്ള ഫോണ്‍ കോളുകളില്‍ അബദ്ധം പറ്റരുത് എന്നാണ് പൊലീസ് പറയുന്നത്. ഇത്തരക്കാരുടെ തട്ടിപ്പില്‍ വീണാല്‍ ബാങ്ക് അക്കൗണ്ടിലെ പണമെല്ലാം നഷ്ടമാകും എന്നും പൊലീസ് വ്യക്തമാക്കി

കോട്ടയം: ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ വീണ്ടും സജീവമാകുന്നു. കോട്ടയം ജില്ലയിലെ അയര്‍ക്കുന്നം സ്വദേശി കഴിഞ്ഞ ദിവസം തലനാരിഴക്കാണ് കാശ് നഷ്ടപ്പെടുന്നതില്‍ നിന്ന് രക്ഷപ്പെട്ടത്. ഒറവയ്ക്കല്‍ വ്യാപാര സ്ഥാപനം നടത്തുന്ന അയര്‍ക്കുന്നം സ്വദേശി മാത്യു ജോസഫ് തട്ടിപ്പില്‍ നിന്ന് രക്ഷപ്പെട്ടത്.
ദിവസങ്ങള്‍ക്ക് മുന്‍പ് മാത്യു ജോസഫിന് നെടുങ്ങാടപ്പള്ളി പോസ്റ്റ് ഓഫീസില്‍ നിന്നാണ് എന്ന് പറഞ്ഞു ഒരു ഫോണ്‍ കോള്‍ വന്നിരുന്നു. മേല്‍വിലാസം മാറി ഒരു കവര്‍ വന്നിട്ടുണ്ട് എന്നും കൃത്യമായ അഡ്രസ് പറഞ്ഞാല്‍ കവര്‍ അയച്ച് തരാം എന്നുമായിരുന്നു ഫോണിലൂടെ പറഞ്ഞത്.
ഇത് പ്രകാരം അഡ്രസ് പറഞ്ഞതോടെ രണ്ട് ദിവസത്തിനകം തപാലായി കവര്‍ എത്തി. ഇത് പൊട്ടിച്ച് നോക്കിയപ്പോള്‍ ഒരു സമ്മാനകൂപ്പണും ഒരു കത്തും ഉണ്ടായിരുന്നു. നേരത്തെ ഒരു കമ്പനിയുടെ സ്ഥാപനത്തില്‍ നിന്ന് മാത്യു തോമസ് സാധനങ്ങള്‍ വാങ്ങിയിരുന്നു.

ഇതിന്റെ പേരിലുള്ള സമ്മാന കൂപ്പണാണ് കവറില്‍ ഉണ്ടായിരുന്നത്. കൂപ്പണ്‍ ചുരണ്ടി നോക്കിയപ്പോള്‍ 10 ലക്ഷം രൂപ സമ്മാനം അടിച്ചിട്ടുണ്ടെന്നാണ് കണ്ടത്. എന്നാല്‍ ഇതില്‍ സംശയം തോന്നിയ മാത്യു തോമസ് കൂപ്പണുമായി പൊലീസ് സ്റ്റേഷനില്‍ എത്തി.
പൊലീസ് ഇതിലെ നമ്പറുമായി ബന്ധപ്പെട്ടപ്പോള്‍ ഹിന്ദിയിലുള്ള മറുപടിയാണ് ലഭിച്ചത്. ബാങ്ക് ചാര്‍ജായി 5000 രൂപ നല്‍കണം ന്നും ഒടിപി വരുമ്പോള്‍ അക്കൗണ്ട് നമ്പര്‍ പറഞ്ഞ് തരണം എന്നും അറിയിച്ചു. ഇതോടെ തട്ടിപ്പാണ് എന്ന് പൊലീസിന് ബോധ്യമായി.
കൂപ്പണുമായി ബാങ്കിലെത്തി പരിശോധിക്കാനും സാധനം വാങ്ങിയ കമ്പനിയെ ബന്ധപ്പെടാനും മാത്യു തോമസിനോട് പൊലീസ് ആവശ്യപ്പെട്ടു. മാത്യു തോമസ് ബാങ്കില്‍ ചെന്നപ്പോഴാണ് മറ്റ് രണ്ട് പേരും ഇത്തരത്തില്‍ തട്ടിപ്പിന് ഇരയായിട്ടുണ്ട് മനസിലായത്. സാധനം വാങ്ങിയ കമ്പനിയില്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഇത്തരത്തില്‍ യാതൊരു സമ്മാന പദ്ധതിയും ഇല്ലെന്നാണ് പറഞ്ഞത്.












Click it and Unblock the Notifications