തെറ്റിദ്ധാരണ; പശുവിന്റെ കണ്ണിലും ദേഹത്തും ആസിഡൊഴിച്ച് അയല്‍വാസിയുടെ ക്രൂരത
കോട്ടയം: പശുവിന്റെ ദേഹത്ത് ആസിഡൊഴിച്ച് മധ്യവയ്‌സകന്റെ ക്രൂരത. കോട്ടയം ജില്ലയിലെ പാമ്പാടിയിലാണ് സംഭവം. പങ്ങടയില്‍ ഷാപ്പുപടിക്ക് സമീപത്തുള്ള സുരേഷിന്റെ പശുവിനെയാണ് അയല്‍വാസി ആക്രമിച്ചത്. വ്യക്തിവിരോധത്തിന്റെ പേരിലാണ് മിണ്ടാപ്രാണിയോടുള്ള ക്രൂരത. സംഭവവുമായി ബന്ധപ്പെട്ട് കൂരോപ്പട തട്ടാംപറമ്പില്‍ ബിനോയിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
45 കാരനായ ഇയാള്‍ അയല്‍വാസിയോടുള്ള വൈരാഗ്യത്തെ തുടര്‍ന്നാണ് ക്രൂരകൃത്യത്തില്‍ ഏര്‍പ്പെട്ടതെന്നാണ് വിവരം. പശുവിന്റെ കണ്ണിലും ദേഹത്തും ആസിഡ് ഒഴിച്ചിട്ടുണ്ട്. ആക്രമണത്തെ തുടര്‍ന്ന് പശുവിന് ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി. ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. തന്റെ പശുവിന്റെ പാല്‍ കുറഞ്ഞ് വരുന്നത് അയല്‍വാസിയായ രാജമ്മ തോമസ് കറന്നെടുക്കുന്നതിനാലാണ് എന്ന തെറ്റിദ്ധാരണയിലാണ് അവരുടെ പശുവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ചത്.

ഇയാള്‍ ഇടക്കിടെ ഇത്തരത്തില്‍ ആരോപണമുന്നയിക്കുകയും ബഹളം വെക്കുകയും ചെയ്യാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ബിനോയിയ്ക്ക് എന്തെങ്കിലും തരത്തിലുള്ള മാനസിക പ്രശ്‌നങ്ങളുണ്ടോ എന്ന് സംശയിക്കുന്നതായും കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരികയാണെന്നും പൊലീസ് വ്യക്തമാക്കി. അതേസമയം ഗുരുതരമായി പൊള്ളലേറ്റ പശുവിനെ കൂരോപ്പട മൃഗാശുപത്രിയില്‍ നിന്ന് ഡോക്ടറെത്തി പരിശോധിച്ചു.
രണ്ടാമത്തെ കണ്ണിന് കുഴപ്പമില്ലെങ്കിലും വിശദ പരിശോധന ആവശ്യമാണെന്ന് ഡോക്ടര്‍ അറിയിച്ചു. സംഭവത്തില്‍ പാമ്പാടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications