കോട്ടയത്ത് വീണ്ടും പോസ്റ്റര്‍ വിവാദം; ചെന്നിത്തലയുടെ പരിപാടിയില്‍ ഉമ്മന്‍ചാണ്ടിയില്ല
കോട്ടയം: കോട്ടയം ഡി സി സി സംഘടിപ്പിക്കുന്ന ബഫര്‍ സോണ്‍ വിരുദ്ധ സമരത്തിന്റെ പോസ്റ്ററില്‍ നിന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ചിത്രം ഒഴിവാക്കിയത് വിവാദത്തില്‍. ചൊവ്വാഴ്ച കോരുത്തോട് നടത്താനിരുന്ന ബഫര്‍ സോണ്‍ വിരുദ്ധ സമരത്തിന്റെ പോസ്റ്ററില്‍ നിന്നാണ് ഉമ്മന്‍ചാണ്ടിയുടെ ചിത്രം ഒഴിവാക്കിയിരിക്കുന്നത്.
മാസങ്ങള്‍ക്ക് മുന്‍പ് ശശി തരൂരിന്റെ കോട്ടയത്തെ പരിപാടിയില്‍ നിന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ചിത്രം ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഉമ്മന്‍ചാണ്ടിയുടെ ചിത്രം ഒഴിവാക്കിയത് എന്നത് ശ്രദ്ധേയമാണ്. എ ഐ ഗ്രൂപ്പ് പോരാണ് ഉമ്മന്‍ചാണ്ടിയുടെ ചിത്രം പോസ്റ്ററില്‍ ഉള്‍പ്പെടുത്താതിന് പിന്നില്‍ എന്നാണ് സൂചന.

അതേസമയം വിഷയത്തില്‍ എ ഗ്രൂപ്പ് നേതാക്കള്‍ ഡി സി സി നേതൃത്വത്തെ അതൃപ്തി അറിയിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്തുകുര്യന്‍ അടക്കമുള്ള ഉമ്മന്‍ചാണ്ടി അനുകൂലികള്‍ ആണ് ഡി സി സി നേതൃത്വത്തെ അതൃപ്തി അറിയിച്ചിരിക്കുന്നത്.
എന്നാല്‍ വിവാദത്തിന്റെ ആവശ്യമില്ല എന്നും പരിപാടിയില്‍ പങ്കെടുക്കുന്ന നേതാക്കളുടെ മാത്രം ചിത്രമാണ് പോസ്റ്ററില്‍ വെച്ചത് എന്നുമാണ് കോട്ടയം ഡി സി സിയുടെ വിശദീകരണം. ബഫര്‍ സോണ്‍ വിരുദ്ധ സമരം ഉദ്ഘാടനം ചെയ്യുന്ന മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെയും കെ സി ജോസഫിന്റെയും ചിത്രങ്ങള്‍ പോസ്റ്ററില്‍ ഉണ്ട്.
നേരത്തെ ശശി തരൂരിന് ഉമ്മന്‍ ചാണ്ടി അനുകൂലികളായ എ ഗ്രൂപ്പ് നേതാക്കളാണ് കോട്ടയത്ത് വേദി ഒരുക്കിയിരുന്നത്. ഇതില്‍ ഔദ്യോഗിക നേതൃത്വത്തിന് കടുത്ത അതൃപ്തി ഉണ്ടായിരുന്നു. ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ് അടക്കമുള്ളവര്‍ ഇതിന് എതിരെ രംഗത്തെത്തുകയും ചെയ്തിരുന്നു.
ഡി സി സി പ്രസിഡന്റ് നാട്ടകം സുരേഷ് പരിപാടികളില്‍ നിന്നു വിട്ട് നില്‍ക്കുകയും ചെയ്തിരുന്നു. ഡി സി സി പ്രസിഡന്റിനോട് അറിയിക്കാതെ കോണ്‍ഗ്രസിന്റെ പോഷക സംഘടനകള്‍ പരിപാടികള്‍ ആസൂത്രണം ചെയ്യാറില്ല എന്നും ഇത് അച്ചടക്ക ലംഘനമാണ് എന്നും നാട്ടകം സുരേഷ് പറഞ്ഞിരുന്നു.
അതേസമയം പരിപാടിക്ക് പിന്നില്‍ ഉമ്മന്‍ ചാണ്ടിയുടെ തന്ത്രമാണ് എന്ന തരത്തില്‍ ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ ഉമ്മന്‍ ചാണ്ടി അനുകൂലിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പോലും തരൂരിന്റെ പരിപാടിയോട് സഹകരിച്ചിരുന്നില്ല .












Click it and Unblock the Notifications