കോട്ടയത്ത് ബിഎസ്പി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട നിലയില്‍; സുഹൃത്തുക്കള്‍ കസ്റ്റഡിയില്‍
ഇന്ന് രാവിലെ നാട്ടുകാരാണ് ഷൈജുവിന്റെ മൃതദേഹം കണ്ടത്. ഷൈജുവിന്റെ ശരീരത്തില്‍ വിവിധയിടങ്ങളിലായി മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്

കോട്ടയം കോട്ടയം ജില്ലയിലെ തിരുവഞ്ചൂര്‍ പോളച്ചിറ കോളനിക്ക് സമീപം ബി എസ് പി പ്രവര്‍ത്തകനെ തലക്കടിച്ച് കൊന്നു. വന്നല്ലൂര്‍കര കോളനി നിവാസി ഷൈജുവാണ് കൊല്ലപ്പെട്ടത്. ഹെല്‍മറ്റ് കൊണ്ട് തലക്കടിയേറ്റാണ് ഷൈജു കൊല്ലപ്പെട്ടത് എന്നാണ് സൂചന.
സംഭവത്തില്‍ ഷൈജുവിന്റെ സുഹൃത്ത് സിബി, നാട്ടുകാരനായ ലാലു എന്നിവരെ അയര്‍കുന്നം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകം നടന്നത് ലാലുവിന്റെ വീടിന് സമീപത്താണ്. വീടിനു മുന്നില്‍ രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. വീട്ടില്‍ വെച്ച് കൊലപാതകം നടത്തിയ ശേഷം മൃതദേഹം റോഡില്‍ ഉപേക്ഷിച്ചതാകാം എന്ന നിഗമനത്തിലാണ് പൊലീസ്.
അതേസമയം കൊലപാതക കാരണം വ്യക്തമായിട്ടില്ല. ബി എസ് പി പ്രവര്‍ത്തകനായ ഷൈജു ശനിയാഴ്ച രാത്രി പോസ്റ്റര്‍ ഒട്ടിക്കാനായി പോയതായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഷൈജുവിന്റെ മൃതദേഹം പോസ്റ്ററുകള്‍ കൊണ്ട് മൂടിയ നിലയിലായിരുന്നു. ശരീരത്തില്‍ നിരവധി മുറിവുകളേറ്റിട്ടമുണ്ട്.

പെയിന്റിങ് തൊഴിലാളി കൂടിയായ ഷൈജുവിന്റെ സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണം എന്ന് കോട്ടയം ബി എസ് പി നേതൃത്വം ആവശ്യപ്പെട്ടു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ഷൈജുവിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു.
അതേസമയം കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയമില്ല എന്നാണ് പൊലീസ് പറയുന്നത്. ഞായറാഴ്ച രാവിലെ നാട്ടുകാരാണ് ഷൈജുവിന്റെ മൃതദേഹം കണ്ടത്. പിന്നീട് വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി നടത്തിയ പരിശോധനയില്‍ ശരീരത്തില്‍ വിവിധയിടങ്ങളിലായി മുറിവുകള്‍ കണ്ടെത്തുകയായിരുന്നു.












Click it and Unblock the Notifications