മുഖം മിനുക്കാനൊരുങ്ങി ചങ്ങനാശേരി കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍; രൂപരേഖ റെഡി
കോട്ടയം: മുഖം മിനുക്കാനൊരുങ്ങി ചങ്ങനാശേരി കെഎസ്ആര്‍ടിസി ബസ് ടെര്‍മിനല്‍. ടെര്‍മിനലിന്റെ രൂപരേഖ തയാറായി. ടെര്‍മിനല്‍ നിര്‍മിക്കുന്ന പൊതുമരാമത്ത് കെട്ടിടവിഭാഗമാണ് രൂപരേഖ തയാറാക്കിയത്. ഇത് രണ്ടാം തവണയാണ് ടെര്‍മിനലിന്റെ രൂപരേഖ തയ്യാറാക്കുന്നത്. ആദ്യം പുറത്തിറക്കിയ രൂപരേഖയില്‍ അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിങ് ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ വെള്ളക്കെട്ടിനുള്ള സാധ്യത വിദഗ്ധസമിതി ചൂണ്ടിക്കാട്ടിയതോടെ ഇത് പിന്‍വലിച്ചു.
കുട്ടനാടന്‍ പ്രദേശമായതിനാല്‍ മണ്ണൈടുത്താല്‍ ഭൂനിരപ്പില്‍ വെള്ളമെത്താനുള്ള സാധ്യതയും വിദഗ്ധസമിതി ചൂണ്ടിക്കാട്ടി. അതേസമയം പദ്ധതിക്കായി മണ്ണ് പരിശോധന പൂര്‍ത്തിയാക്കിയിട്ടുണ്ട്. സ്ഥലസൗകര്യം പൂര്‍ണമായും പ്രയോജനപ്പെടുത്തുന്ന രീതിയിലും പൊതുഗതാഗതത്തെ ബാധിക്കാത്ത വിധത്തിലുമാണ് ടെര്‍മിനല്‍ നിര്‍മിക്കുക എന്ന് ജോബ് മൈക്കിള്‍ എംഎല്‍എ അറിയിച്ചു.

ടെര്‍മിനല്‍ നിര്‍മാണത്തിന് 7.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. പുതിയ ടെര്‍മിനല്‍ വരുന്നതോടെ ബസുകളുടെ യാത്രാരീതി മാറും. തിരുവല്ല ഭാഗത്ത് നിന്ന് കോട്ടയം ഭാഗത്തേക്കുള്ള ബസുകള്‍ ടെര്‍മിനലിനുള്ളിലേക്ക് കയറാതെ എംസി റോഡിന് അഭിമുഖമായി നിര്‍മിക്കുന്ന ബസ്‌ബേയില്‍ ആളുകളെ കയറ്റിയിറക്കി പോകും. ഒരേസമയം അഞ്ച് ബസുകള്‍ക്ക് ആളുകളെ കയറ്റാനും ഇറക്കാനും സൗകര്യമുണ്ടാകും.
കോട്ടയം ഭാഗത്തുനിന്നു തിരുവല്ല ഭാഗത്തേക്കു പോകുന്ന ബസുകള്‍ നിലവിലെ രീതിയില്‍ തന്നെയായിരിക്കും ടെര്‍മിനലിലേക്ക് എത്തുന്നതും കയറി ആളുകളെ കയറ്റിയിറക്കുന്നതും. ശേഷം പിറകിലുള്ള ടിബി റോഡിലേക്കിറങ്ങി എംസി റോഡിലേക്ക് പ്രവേശിക്കും. ആലപ്പുഴ ബസുകളും ഈ രീതിയിലാണ് പോകുക. ഇതുവഴി ടെര്‍മിനലിനകത്തേക്ക് രണ്ട് ഭാഗത്ത് നിന്നും ബസുകള്‍ എത്തുന്നത് കുറയ്ക്കാനും എംസി റോഡില്‍ നഗരമധ്യത്തിലേക്ക് ബസുകള്‍ ഇറങ്ങി വരുന്നതു കുറയ്ക്കാനുമാകും.
മള്‍ട്ടിലെവല്‍ പാര്‍ക്കിങ് സംവിധാനമാണ് ഇവിടെ ഒരുക്കുന്നത്. ഇവിടെ കാര്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സംവിധാനമുണ്ടാകും. ടെര്‍മിനലിന്റെ മുകള്‍നിലയില്‍ യാത്രക്കാര്‍ക്കും ജനങ്ങള്‍ക്കുമായി ഡോര്‍മിറ്ററി, താമസിക്കാനുള്ള മുറികള്‍, കഫെറ്റീരിയ, ക്ലോക്ക് റൂം എന്നിവ വാടകയ്ക്ക്. താഴത്തെ നിലയില്‍ പൊലീസ് എയ്ഡ് പോസ്റ്റ്, ഹെല്‍ത്ത് സെന്റര്‍, കോഫി ഷോപ്പ്, കണ്‍ട്രോള്‍ റൂം, സ്ത്രീകളുടെ കാത്തിരിപ്പുകേന്ദ്രം, അന്വേഷണ വിഭാഗം, പൊതു കാത്തിരിപ്പുകേന്ദ്രം, എടിഎം തുടങ്ങിയവയാണ് ഉണ്ടാകുക.












Click it and Unblock the Notifications