'വീട്ടിലിരുന്ന് സമ്പാദിക്കാം' തട്ടിപ്പുകള്‍ കൂടുന്നു; ജാഗ്രത വേണമെന്ന് പൊലീസ്
കോട്ടയം: സൈബറിടത്തെ തട്ടിപ്പുകളില്‍ വീണ് പോകരുത് എന്ന് പൊതുജനങ്ങളോട് ജില്ലാ പൊലീസ്. മുംബൈ പൊലീസിന്റെ പേരില്‍ പുതിയതരം സൈബര്‍ തട്ടിപ്പ് വ്യാപകമാകുന്നതിനിടെയാണ് അതീവജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പുമായി ജില്ലാ പൊലീസ് രംഗത്തെത്തിയിരിക്കുന്നത്. ജില്ലാ സൈബര്‍ വിഭാഗത്തില്‍ പുതുതായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ജാഗ്രതാ നിര്‍ദേശം.
' മുംബൈ പൊലീസില്‍ നിന്നാണ് വിളിക്കുന്നത്, നിങ്ങള്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങരുത്. നിങ്ങള്‍ ഞങ്ങളുടെ നിരീക്ഷണത്തിലാണ് എന്ന് പറഞ്ഞൊരു വിഡിയോ കോള്‍ വന്നേക്കാം. പിന്നീട് ഇക്കൂട്ടര്‍ വ്യാജമായി നിര്‍മിച്ച അറസ്റ്റ് വാറന്റ് രേഖ കാണിക്കും. വിളിക്കുന്നയാള്‍ പൊലീസ് യൂണിഫോമിലായിരിക്കും,' പൊലീസ് പറയുന്നു. നിങ്ങളുടെ പേരില്‍ വിദേശത്തേക്ക് ഒരു പാഴ്‌സല്‍ അയച്ചിട്ടുണ്ട് എന്നും അതിനുള്ളില്‍ ലഹരി മരുന്ന് പോലുള്ള വസ്തുക്കള്‍ ഉള്ളതായി മുംബൈ പൊലീസ് കണ്ടെത്തിയിട്ടുണ്ടെന്നുമായിരിക്കും ഇയാള്‍ പറയുക.

അറസ്റ്റ് വാറന്റിനുള്ളില്‍ നമ്മുടെ പേരും വിലാസവുമെല്ലാം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടാകും. നിങ്ങളുടെ അറസ്റ്റ് ഒഴിവാക്കാനായി പണം ആവശ്യപ്പെടും എന്നാണ് പൊലീസ് പറയുന്നത്. ഇത്തരത്തില്‍ ലക്ഷങ്ങളാണ് ജില്ലയില്‍ കബളിപ്പിക്കപ്പെട്ടത് എന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. ഇത് കൂടാതെ ഓണ്‍ലൈന്‍ ട്രേഡിംഗ്, വീട്ടിലിരുന്ന് ജോലി ചെയ്ത് സമ്പാദിക്കാം തുടങ്ങിയ പേരുകളിലും തട്ടിപ്പ് വ്യാപകമാണ്.
വിദേശ ട്രേഡിംഗ് കമ്പനിയുടെ പേരില്‍ വ്യാജ വെബ്‌സൈറ്റ് നിര്‍മിച്ച ശേഷം ഫേസ്ബുക്കിലും വാട്‌സാപ്പിലും ടെലിഗ്രാമിലും മറ്റും ട്രേഡിംഗിന് താല്‍പര്യമുള്ളവരെ തിരയാന്‍ പരസ്യം നല്‍കിയാണ് ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പുകാര്‍ ഇരകളെ തേടുന്നത്. താല്‍പര്യമുള്ളവരോട് വെബ്‌സൈറ്റ് വഴി ട്രേഡിംഗ് ബിസിനസ് നടത്തിയാല്‍ നിക്ഷേപിക്കുന്ന തുകയുടെ 15% മാസം തോറും ബോണസായി ലഭിക്കുമെന്ന് പറഞ്ഞ് കബളിപ്പിച്ച് പണം തട്ടുന്നതാണ് ഇവരുടെ രീതി.
ഈ കെണിയില്‍ വീണ് കഞ്ഞിക്കുഴി സ്വദേശിക്ക് നഷ്ടമായത് 1.25 കോടിയാണ്. വര്‍ക്ക് അറ്റ് ഹോം തട്ടിപ്പുകാരും സോഷ്യല്‍ മീഡിയ വഴിയാണ് ഇരകളെ തേടുന്നത്. 1000 രൂപ മുടക്കി രജിസ്‌ട്രേഷന്‍ നടത്താനായിരിക്കും ആദ്യം ആവശ്യപ്പെടുക. പിന്നീട് തരുന്ന ഓരോ ടാസ്‌കുകളും പൂര്‍ത്തിയാക്കി ഇരട്ടി പണം സമ്പാദിക്കാം എന്നായിരിക്കും വാഗ്ദാനം. ഇതിനായി ആദ്യം ചെറിയ സമ്മാനങ്ങള്‍ തന്ന് നമ്മുടെ വിശ്വാസം നേടുകയും ചെയ്യും.
കൂടുതല്‍ പണം മുടക്കുമ്പോള്‍ കൂടുതല്‍ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുക്കുന്നതാണ് ഇവരുടെ രീതി. ഇത്തരത്തില്‍ ഏറ്റുമാനൂര്‍ സ്വദേശിനിയില്‍ നിന്ന് 9.50 ലക്ഷവും പെരുവ സ്വദേശിയില്‍ നിന്ന് 5 ലക്ഷവും കാരാപ്പുഴ സ്വദേശിനിയില്‍ നിന്ന് 5 ലക്ഷവും തട്ടിയെടുത്തിട്ടുണ്ട് എന്നും പൊലീസ് പറയുന്നു.












Click it and Unblock the Notifications