മകന്‍ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചു, അച്ഛന് ദാരുണാന്ത്യം... സംഭവം കോട്ടയത്ത്
കോട്ടയം: മകനുമായുണ്ടായ തര്‍ക്കത്തില്‍ തലയ്ക്ക് അടിയേറ്റ അച്ഛന്‍ മരിച്ചു. കോട്ടയം ജില്ലയിലെ പൊന്‍കുന്നം ചേപ്പുംപാറ പടലുങ്കല്‍ പി ആര്‍ ഷാജി (55) ആണ് മകന്‍ രാഹുല്‍ ഷാജിയുടെ (29) മര്‍ദ്ദനമേറ്റ് മരിച്ചത്. മദ്യലഹരിയിലായിരുന്ന രാഹുല്‍ അച്ഛനെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിയ്ക്കുകയായിരുന്നു. ഇന്നലെ വൈകീട്ട് നാല് മണിയോടെയാണ് സംഭവം. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷാജി തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെയാണ് മരിച്ചത്.
രാഹുലിനെ പൊന്‍കുന്നം പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്തു. ഇയാളുടെ തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. രണ്ട് ദിവസമായി ഷാജിയും രാഹുലും തമ്മില്‍ വഴക്കിലായിരുന്നു. ഇന്നലെ വീട്ടുമുറ്റത്ത് കിടന്ന വാഹനത്തിന്റെ ഡോര്‍ തുറന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കമ്പിപ്പാര കൊണ്ട് തലയ്ക്കടിയേറ്റ ഷാജിക്ക് സാരമായി പരിക്കേറ്റിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്.

ആദ്യം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ക്യാന്‍സര്‍ രോഗിയായിരുന്നു ഷാജി എന്നാണ് വിവരം. രാഹുല്‍ ഒരു കുത്തുകേസിലെ പ്രതിയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.


Click it and Unblock the Notifications