'കൊന്നു, ഇനി പൊലീസിനെ വിളിച്ചോ..'; ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തിയത് സംശയത്തിന്റെ പേരില്‍
കോട്ടയം: മാടപ്പള്ളിയില്‍ ഭര്‍ത്താവ് രണ്ടാം ഭാര്യയെ കൊലപ്പെടുത്തിയത് സംശയത്തിന്റെ പേരില്‍ എന്ന് വ്യക്തമാക്കി പൊലീസ്. മാടപ്പള്ളി പന്‍പുഴ അറയ്ക്കല്‍ വീട്ടില്‍ സനീഷ് ജോസഫ് ആണ് ഭാര്യ സിജിയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. സിജിയുമായി സനീഷ് ജോസഫ് നിരന്തരം വഴക്കിട്ടിരുന്നതായാണ് വിവരം.
നേരത്തെ സിജിയെ ആസിഡൊഴിച്ച് കൊലപ്പെടുത്താന്‍ സനീഷ് ശ്രമിച്ചിരുന്നു. ഈ കേസില്‍ റിമാന്‍ഡിലായിരുന്ന സനീഷ് അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. ഇതിന് പിന്നാലെയാണ് സിജിയെ കൊലപ്പെടുത്തിയത്. വ്യാഴാഴ്ച വൈകിട്ട് ആറരയോടെ ആയിരുന്നു നാടിനെ നടുക്കിയ സംഭവം. ഇവരുടെ വീടിന് സമീപത്തെ ഇടവഴിയില്‍ നിന്ന് ബഹളം കേട്ടെത്തിയ അയല്‍ക്കാരാണ് സിജിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഈ സമയത്ത് സനീഷും സംഭവ സ്ഥലത്തുണ്ടായിരുന്നു. എന്നാല്‍ അടുത്തെത്തിയവരെ എല്ലാം ഇയാള്‍ ഭീഷണിപ്പെടുത്തി മാറ്റി നിര്‍ത്തി. പിന്നാലെ 'കൊന്നു, ഇനി പൊലീസിനെ വിളിച്ചോ' എന്ന് പറഞ്ഞ് സനീഷ് സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇയാളെ പിന്നീട് തെങ്ങണയില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തെങ്ങണ കുന്നുംപുറം റോഡില്‍ നിന്നാണ് സനീഷ് പൊലീസ് പിടിയിലാകുന്നത്. തൃക്കൊടിത്താനം എസ് എച്ച് ഒ ജി അനൂപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications