വിവാഹം ക്ഷണിക്കാത്തതിന് വീട്ടിലേക്ക് കല്ലെറിഞ്ഞു; യുവാവിനെ വെട്ടിക്കൊലപ്പെടുത്തി
ബിനു തങ്ങളെ സ്ഥിരമായി ശല്യപ്പെടുത്താറുണ്ട് എന്നാണ് പ്രതികള്‍ നല്‍കിയ മൊഴി. ബിനുവിനെ വിളിച്ച് വരുത്തി വെട്ടുകയായിരുന്നു

കോട്ടയം: കോട്ടയത്ത് യുവാവിനെ വെട്ടിക്കൊന്നു. കറുകച്ചാല്‍ ഉമ്പിടി സ്വദേശിയും 35 കാരനുമായ കുറ്റിയാനിക്കല്‍ ബിനു ആണ് കൊല്ലപ്പെട്ടത്. ബിനുവിനെ വെട്ടി കൊലപ്പെടുത്തിയ പ്രതികളായ വിഷ്ണു, സെബാസ്റ്റ്യന്‍ എന്നിവര്‍ ആയുധങ്ങളുമായി കറുകച്ചാല്‍ പൊലീസില്‍ കീഴടങ്ങിയിട്ടുണ്ട്.
ഞായറാഴ്ച രാത്രിയാണ് ഉമ്പിടി കോളനി ഭാഗത്ത് റബര്‍തോട്ടത്തിന് സമീപം വെച്ചാണ് ബിനുവിനെ പ്രതികളായ വിഷ്ണു, സെബാസ്റ്റ്യന്‍ എന്നിവര്‍ വെട്ടിക്കൊലപ്പെടുത്തിയത്. വിവാഹം ക്ഷണിക്കാത്തതിന്റെ പേരില്‍ നേരത്തെ ബിനു, സെബാസ്റ്റ്യന്റെ വീടിന് നേരെ കല്ലെറിഞ്ഞിരുന്നു എന്ന് പറയുന്നു.
ഇതിന്റെ വൈരാഗ്യത്തിലാണ് ബിനുവിനെ വെട്ടിക്കൊലപ്പെടുത്തിയത് എന്നാണ് റിപ്പോര്‍ട്ട്. വിഷ്ണുവിന് ബിനുവിനോട് നേരത്തെ വൈരാഗ്യമുണ്ട്. ഇതിനാലാണ് വിഷ്ണുവിനെയും സഹായത്തിന് വിളിച്ചത്. വിഷ്ണുവിനെ ഭാര്യയുടെ മുന്നില്‍ വെച്ച് ബിനു ഭീഷണിപ്പെടുത്തിയിരുന്നു.

ദേഹമാസകലം വെട്ടേറ്റ നിലയിലാണ് ബിനുവിനെ റബ്ബര്‍ തോട്ടത്തില്‍ സുഹൃത്തുക്കള്‍ കണ്ടെത്തിയത്. ബിനുവിനെ ഇന്നലെ രാത്രിയോടെ തന്നെ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെയോടെ ആണ് ബിനു മരിച്ചത്. കഴുത്തിനും കൈപ്പത്തിക്കും കാല്‍മുട്ടു മുതല്‍ പാദം വരെയും ബിനുവിന് വെട്ടേറ്റിരുന്നു.
ബിനു ആക്രമിക്കപ്പെട്ട വിവരം സുഹൃത്തുക്കള്‍ നേരത്തെ തന്നെ പൊലീസ് സ്റ്റേഷനില്‍ അറിയിച്ചിരുന്നു. ഇതിനിടെ ആണ് സെബാസ്റ്റ്യനും വിഷ്ണുവും പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങിയത്. ബിനു സ്ഥിരമായി തങ്ങളെ ശല്യം ചെയ്യാറുണ്ടായിരുന്നു എന്നാണ് സെബാസ്റ്റ്യനും വിഷ്ണുവും പൊലീസിന് നല്‍കിയ മൊഴി.
ബിനുവിന്റെ പ്രകോപനം അതിര് വിട്ടതോടെയാണ് കൊല നടത്തിയത് എന്നാണ് സെബാസ്റ്റ്യനും വിഷ്ണുവും പറയുന്നത്. ബിനുവിനെ വിളിച്ചുവരുത്തിയ ശേഷം വടിവാള്‍ ഉപയോഗിച്ച് വെട്ടുകയായിരുന്നു എന്ന് സെബാസ്റ്റ്യനും വിഷ്ണുവും പൊലീസിനോട് പറഞ്ഞു.












Click it and Unblock the Notifications