കോട്ടയത്ത് താനാകാം സ്ഥാനാര്‍ഥി; യോഗ്യതകള്‍ നിരത്തി എംപി ജോസഫ്, വെട്ടിലായി പിജെ ജോസഫ്
കോട്ടയം: അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിയുടെ മകളുടെ ഭര്‍ത്താവാണ് എംപി ജോസഫ്. പാര്‍ട്ടി ഏറ്റവും ഒടുവില്‍ പിളര്‍ന്നപ്പോഴും പിജെ ജോസഫിനൊപ്പം നിലയുറപ്പിച്ച വ്യക്തി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ മല്‍സരിച്ചെങ്കിലും തോറ്റു. ഇനി വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാന്‍ ഒരുങ്ങുകയാണ് അദ്ദേഹം.
കേരള കോണ്‍ഗ്രസിന് കോട്ടയം സീറ്റ് നല്‍കാന്‍ യുഡിഎഫില്‍ ധാരണയായിട്ടുണ്ട്. ആര് സ്ഥാനാര്‍ഥിയാകുമെന്ന ചര്‍ച്ച കേരള കോണ്‍ഗ്രസില്‍ നടന്നുവരികയാണ്. ഫ്രാന്‍സിസ് ജോര്‍ജ് സ്ഥാനാര്‍ഥിയാകുമെന്നാണ് ഒടുവിലെ വിവരങ്ങള്‍. സജി മഞ്ഞക്കടമ്പിലും നേരത്തെ താല്‍പ്പര്യം അറിയിച്ചിരുന്നു. പന്ത് പിജെ ജോസഫിന്റെ ക്വാര്‍ട്ടിലാണ്. അതിനിടെ, തന്റെ യോഗ്യതകള്‍ അക്കമിട്ട് നിരത്തി മുന്നോട്ട് വന്നിരിക്കുകയാണ് എംപി ജോസഫ്.

കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ ഏറ്റവും ജയസാധ്യത തനിക്കാണെന്ന് എംപി ജോസഫ് പറഞ്ഞു. എനിക്ക് ക്ലീന്‍ ഇമേജുണ്ട്. അത് ചെറുപ്പക്കാര്‍ക്കിടയില്‍ മുന്‍തൂക്കം കിട്ടാന്‍ സഹായിക്കും. എപ്പോഴും യുഡിഎഫില്‍ ഉറച്ച് നിന്ന വ്യക്തിയാണ് താന്‍. എവിടേക്കും പോകില്ലെന്നും അതുകൊണ്ടുതന്നെ യുഡിഎഫ് വോട്ടര്‍മാര്‍ക്ക് തന്നെ കുറിച്ച് എതിരഭിപ്രായം ഉണ്ടാകില്ലെന്നും എംപി ജോസഫ് വിശദീകരിച്ചു.
കോട്ടയത്തെ വോട്ടര്‍മാരില്‍ 60 ശതമാനം 35 വയസിന് താഴെയുള്ളവരാണ്. അവര്‍ക്കിടയില്‍ ഐഎഎസ് എന്നത് വലിയ കാര്യമാണ്. ഐഎസ്എസുകാരാനായി ഏറെ കാലം പ്രവര്‍ത്തിച്ച എന്നെ അവര്‍ ഇഷ്ടപ്പെടും. ഡല്‍ഹി ഐഎഎസുകാരുടെ കേന്ദ്രമാണ്. ഡല്‍ഹിയിലെ സുപ്രധാന പദവികളില്‍ ഇരിക്കുന്നവരെല്ലാം എന്റെ ജൂനിയേഴ്‌സ് ആണെന്നും എംപി ജോസഫ് പറഞ്ഞു.
കേരള കോണ്‍ഗ്രസിനും യുഡിഎഫിനും കേരളത്തിനും വേണ്ടി ഏത് കാര്യവും വേഗത്തില്‍ ചെയ്യാന്‍ തനിക്ക് സാധിക്കും. തന്റെ കാര്‍ഡ് കൊടുത്താല്‍ കയറാന്‍ പറ്റാത്ത ഓഫീസ് ഡല്‍ഹിയിലില്ല. 40 വര്‍ഷത്തെ സര്‍വീസ് പരിചയം എനിക്കുണ്ട്. വിവിധ പദ്ധതികള്‍ നേടിയെടുക്കാന്‍ എങ്ങനെ, എവിടെ സംസാരിക്കണമെന്ന് തന്നെ പോലെ ആര്‍ക്കും അറിയില്ല...
ഹിന്ദി തനിക്ക് നന്നായി വഴങ്ങും. ചെറുപ്പം മുതലേ സ്‌കൂളില്‍ ഹിന്ദി പഠിച്ചിരുന്നു. ഡല്‍ഹിയിലേക്ക് മാറിയപ്പോഴും ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് സംസാരിച്ചത്. പാര്‍ലമെന്റില്‍ അതെല്ലാം ഗുണം ചെയ്യും. യുഎന്നില്‍ 20 വര്‍ഷം പ്രവര്‍ത്തിച്ചു. ശശി തരൂരിന്റെ അടുത്ത് താനെത്തില്ല. എങ്കിലും പി ഫൈവ് റാങ്കില്‍ എത്തിയാണ് താന്‍ മടങ്ങിയത്. അതെല്ലാം ചെറുപ്പാക്കാര്‍ക്കിടയില്‍ തനിക്ക് സ്വാധീനം ചെലുത്താന്‍ കഴിയുന്ന ഘടകമാണെന്നും എംപി ജോസഫ് പറഞ്ഞു.
ജോസ് കെ മാണി ഇടതുപക്ഷത്തേക്ക് പോയത് പാര്‍ട്ടിയിലെ പലര്‍ക്കും വിഷമമുണ്ടാക്കി. പാര്‍ട്ടി നേതാക്കളെ പരസ്യമായി കൊച്ചാക്കുന്ന സാഹചര്യമുണ്ടായി. പാലാ നഗരസഭയില്‍ ജോസ് കെ മാണി വിഭാഗവും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും തമ്മില്‍ അടി നടക്കുകയാണെന്നും ജോസ് കെ മാണി വിഭാഗത്തിന്റെ വോട്ട് തനിക്ക് കിട്ടുമെന്നും എംപി ജോസഫ് പറഞ്ഞു.












Click it and Unblock the Notifications