ഒറ്റമുറിയും ശുചിമുറിയും മതി; സുമനസ്സുള്ളവരുടെ സഹായത്താൽ ലക്ഷ്മി; ‘ഈ ബജറ്റിൽ ഞങ്ങളുണ്ടോ?’;
ഒറ്റമുറിയും ശുചിമുറിയും മതി; സുമനസ്സുള്ളവരുടെ സഹായത്താൽ ലക്ഷ്മി; ‘ഈ ബജറ്റിൽ ഞങ്ങളുണ്ടോ?’;
കോട്ടയം: ജില്ലയിൽ ലക്ഷ്മിയുടെ ചിത്രം കണ്ട് സഹായഹസ്തവുമായി സുമനസ്സുകൾ രംഗത്ത്. 'ഈ ബജറ്റിൽ ഞങ്ങളുണ്ടോ?' ഈ തലവാചകവുമായി മലയാള മനോരമ ദിനപത്രത്തിൽ ബുധനാഴ്ച 'ദിനചിത്ര'മായി പ്രസിദ്ധീകരിച്ചത് ലക്ഷ്മിയുടെ ചിത്രം. ഇത് കണ്ടാണ് സഹായഹസ്തങ്ങൾ എത്തിയത്.
ബജറ്റിലെ പ്രഖ്യാപനങ്ങളും സാധാരണക്കാരുടെ ജീവിതവും നേർചിത്രമാക്കി മലയാള മനോരമയിലെ റിജോ ജോസഫ് പകർത്തിയ ചിത്രം കണ്ടാണ് ലക്ഷ്മിക്കു പിന്തുണയുമായി നാട് ഒപ്പം കൂടിയത്.

കേന്ദ്ര ബജറ്റിൽ 18 ലക്ഷം പേർക്ക് വീടു നിർമിച്ചു കൊടുക്കുമെന്നും 3.8 കോടി വീടുകളിലേക്കു എത്തിക്കുമെന്നും പ്രഖ്യാപനമുണ്ടായ സാഹചര്യത്തിൽ കോട്ടയം തെക്കും ഗോപുരം - കാരാപ്പുഴ റോഡരികിൽ കെട്ടിമറച്ച ഷെഡിൽ താമസിക്കുന്ന ലക്ഷ്മിക്ക് ഇതു രണ്ടും വേണം എന്നു വ്യക്തമാക്കുന്നതായിരുന്നു ചിത്രം.
ആഴ്ചയിൽ 300 രൂപ ചെലവാക്കിയാണ് ലക്ഷ്മി വെള്ളം വാങ്ങുന്നതെന്ന് ചിത്രത്തിലെ അടിക്കുറിപ്പിലൂടെ മനസ്സിലാക്കിയ ജല അതോറിട്ടി അധികൃതരാണ് വിഷയത്തിൽ അടിയന്തര നടപടി സ്വീകരിച്ചത്. ജല അതോറിട്ടി കോട്ടയം സൂപ്രണ്ടിങ് എൻജിനീയർ പി.മുഹമ്മദ് സിദ്ദിഖിന്റെ നിർദ്ദേശത്തിൽ ഉച്ചയോടെ തന്നെ പിഎച്ച് ഡിവിഷൻ കോട്ടയം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ നേതൃത്വത്തിൽ ജല അതോറിട്ടി ജീവനക്കാർ ലക്ഷ്മിയുടെ വീട്ടിലേക്ക് കുടിവെള്ള കണക്‌ഷൻ ലഭ്യമാക്കി.
നിതി ആയോഗ് തയ്യാറാക്കിയ ബഹുതല ദാരിദ്ര്യ സൂചികയിൽ 'ദരിദ്രരില്ലാത്ത' ജില്ല എന്നു രേഖപ്പെടുത്തിയ കോട്ടയത്തെ റോഡരികിലെ ഷെഡിനു മുന്നിൽ ചക്രകസേരയിൽ ഇരിക്കുന്ന ലക്ഷ്മിയുടെ സാഹചര്യം ചിത്രത്തിലൂടെ മനസ്സിലാക്കിയ കോട്ടയത്തെ സിഎസ്ഐ കത്തീഡ്രൽ ഇടവകയുടെ സാമൂഹിക പദ്ധതി 'വിശപ്പിന്റെ അപ്പ'വും സഹായഹസ്തവുമായി രംഗത്തെത്തി. പദ്ധതി കോഓർഡിനേറ്റർ റോയ്‌സ് സി.മാണി ലക്ഷ്മിയുടെ വീട്ടിലെത്തി എല്ലാ ദിവസവും ഉച്ചഭക്ഷണം എത്തിക്കാമെന്നു വാഗ്ദാനം ചെയ്താണ് മടങ്ങിയത്.
കോട്ടയം വാകത്താനത്ത് ഓർത്തഡോക്‌സ് സഭയുടെ പേരിൽ ലഭിക്കുന്ന വസ്തുവിൽ ലക്ഷ്മിക്ക് വീടു വച്ചു നൽകാമെന്ന് മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായും അറിയിച്ചു. കാരാപ്പുഴ പ്രദേശത്ത് തന്നെ ലക്ഷ്മിക്ക് സൗകര്യപ്രദമായി ആരെങ്കിലും മൂന്നു സെന്റ് നൽകിയാൽ വീട് പൂർണമായും നിർമിച്ച് നൽകാൻ സഭ തയാറാണെന്നും പരിശുദ്ധ ബാവാ അറിയിച്ചു.
65 വയസ്സുള്ള ലക്ഷ്മിയുടെ ദുരിത ജീവിതസാഹചര്യമാണ് മനോരമയിലെ ചിത്രത്തിലൂടെ വെളിപ്പെട്ടത്. വിവാഹശേഷം ഏഴു മാസം ഗർഭിണി ആയിരിക്കേ ഭർത്താവ് ഉപേക്ഷിച്ചു പോയ ലക്ഷ്മി തയ്യൽ ജോലി ചെയ്താണ് മകനെ വളർത്തിയത്. 38ാം വയസിൽ മകൻ മരിച്ചു. വീടോ മറ്റ് സ്വത്തുക്കളോ ഇല്ലാതിരുന്ന ലക്ഷ്മി 2013 മുതൽ കോട്ടയം തെക്കും ഗോപുരം - കാരാപ്പുഴ റോഡരികിൽ കെട്ടിമറച്ച ഷെഡിലാണ് താമസം, അതാണ് വീടും ജോലിസ്ഥലവും എല്ലാം.
അതേസമയം, ജില്ലാ കലക്ടർ ഡിസംബർ മാസം എത്തി ലക്ഷ്മിയുടെ വീട് കണ്ടിരുന്നു. തുടർന്ന്, വീട് ശരിയാക്കാം എന്ന ഉറപ്പു നൽകിയിരുന്നു. കെട്ടുറപ്പുള്ള ഒരു ഒറ്റമുറി വീടും ശുചിമുറിയും കിട്ടിയിരുന്നെങ്കിൽ എന്ന ആഗ്രഹം മാത്രമേ ലക്ഷ്മിക്കുള്ളൂ. 2019 ൽ പ്രമേഹം കാരണം ഇടതുകാൽ മുറിക്കേണ്ടതായി വന്നു. ഷെഡിനുള്ളിൽ ഇഴ ജന്തുക്കളുടെ ശല്യമുണ്ട്. ഒരു കാലുകൊണ്ട് അവയെ ഒന്നോടിക്കാൻ പോലും പറ്റാതിരിക്കുന്ന അവസ്ഥയിൽ വലതുകാലിൽ എലി കടിച്ചു. അതോടെ അതിന്റെ ചികിത്സയുമുണ്ട്. ആ കാലുവച്ച് തയ്യൽ മെഷീൻ ചെറിയ രീതിയിൽ ചവിട്ടുന്നുണ്ട്. ക്ഷേമ പെൻഷനുകളും സുമനസ്സുള്ളവരുടെ സഹായത്താലുമാണ് ലക്ഷ്മിയുടെ ജീവിതം. പ്രമുഖ മാധ്യമമായ മലയാള മനോരമയുടെ റിപ്പോർട്ടായിരുന്നു ജനശ്രദ്ധ നേടിയിത്.












Click it and Unblock the Notifications