നവജാത ശിശുവിനെ കടത്തിക്കൊണ്ടുപോയി; ചുരിദാര്‍ ധരിച്ച സ്ത്രീ, മെഡിക്കല്‍ കോളജില്‍...
കോട്ടയം: മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വാര്‍ഡില്‍ നിന്ന് കുഞ്ഞിനെ കടത്തിക്കൊണ്ടുപോയി. റോസ് ചുരിദാര്‍ ധരിച്ച സ്ത്രീയാണ് കുട്ടിയെ അമ്മയില്‍ നിന്ന് വാങ്ങിയതും കൊണ്ടുപോയതും. പിന്നീട് തിരിച്ചുവരാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്. തുടര്‍ന്ന് ബഹളമായി. പോലീസെത്തി സിസിടിവി പരിശോധിച്ചു. ഒരു സ്ത്രീ കുഞ്ഞുമായി പോകുന്നത് വ്യക്തമായി. തുടര്‍ന്ന് തിരച്ചില്‍ വ്യാപകമാക്കുന്നതിനിടെ കുഞ്ഞിനെ സമീപത്തെ ഹോട്ടലില്‍ കണ്ടെത്തി. ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. ഒരു മണിക്കൂറിനിടെ ഉദ്വേഗ നിമിഷങ്ങള്‍ക്കാണ് കോട്ടയം മെഡിക്കല്‍ കോളജ് സാക്ഷിയായത്.

ഉച്ചയ്ക്ക് ശേഷം മൂന്നരയോടെയാണ് ഒരു സ്ത്രീ ഗൈനക്കോളജി വാര്‍ഡിലെത്തിയതും കുഞ്ഞിനെ തരാന്‍ ആവശ്യപ്പെട്ടതും. മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ആവശ്യപ്പെട്ടത്. കണ്ടാല്‍ നഴ്‌സാണെന്ന് തോന്നുന്ന സ്ത്രീയാണ് കുഞ്ഞിനെ ചോദിച്ചെത്തിയതെന്ന് അമ്മ പറയുന്നു. കുട്ടിക്ക് ചില പ്രശ്‌നങ്ങളുണ്ടെന്നും ഡോക്ടര്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞാണ് കുഞ്ഞിനെ ചോദിച്ചത്. അമ്മ നല്‍കുകയും ചെയ്തു. എന്നാല്‍ പിന്നീട് സ്ത്രീ തിരിച്ചുവന്നില്ല. ഇതോടെയാണ് അമ്മ കുഞ്ഞിനെ അന്വേഷിച്ചത്. ആരും കുഞ്ഞിനെ വാങ്ങിയില്ലല്ലോ എന്നായിരുന്നു നഴ്‌സുമാരുടെ പ്രതികരണം. ഇതോടെ ബഹളമായി.
ഗാന്ധി നഗര്‍ പോലീസെത്തി പരിശോധന നടത്തി. സിസിടിവി പരിശോധിച്ചു. ചുരിദാര്‍ ധരിച്ച സ്ത്രീ കുഞ്ഞുമായി പോകുന്നത് കണ്ടു. അതിവേഗ പരിശോധനയില്‍ സമീപത്തെ ഹോട്ടലില്‍ നിന്ന് കുഞ്ഞിനെയും ഒരു സ്ത്രീയെയും പോലീസ് കണ്ടെത്തി. ഈ സ്ത്രീയെ ചോദ്യം ചെയ്തുവരികയാണ്. ഇവരോടൊപ്പം ചെറിയ ആണ്‍കുട്ടിയുമുണ്ടെന്ന് പറയപ്പെടുന്നു. ഈ സ്ത്രീയെ കഴിഞ്ഞ മൂന്ന് ദിവസമായി ആശുപത്രിയില്‍ പലയിടത്തായി കണ്ടവരുണ്ട്. ഗൈനക്കോളജി വാര്‍ഡിനടുത്ത് സ്ത്രീയെ കണ്ടിരുന്നുവെന്ന് ആശുപത്രിയിലെത്തിയവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഏറ്റുമാനൂര്‍ എസ്‌ഐ ആണ് കുഞ്ഞിനെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെ സുരക്ഷാ കാര്യങ്ങള്‍ ചോദ്യം ചെയ്യപ്പെടുന്ന സംഭവമാണിത്. പൊതുജനങ്ങള്‍ക്ക് നിയന്ത്രണമുള്ള സ്ഥലമാണ് ഗൈനക്കോളജി വാര്‍ഡ്. ഇവിടെ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുന്ന സംഭവം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. സ്ത്രീയാണ് ഇത് ചെയ്തത് എന്നതു കൊണ്ടുതന്നെ ആര്‍ക്കും സംശയം തോന്നിയില്ല എന്ന് ആശുപത്രിയിലുണ്ടായിരുന്നവര്‍ പറയുന്നു. ഈ സ്ത്രീ ദിവസങ്ങളായി ഇവിടെ കറങ്ങി കടക്കുന്നു. ഫോണ്‍ ചെയ്യുന്ന രീതിയിലും അല്ലാതെയും സ്ത്രീയെ കണ്ടവരുണ്ട്. കുഞ്ഞിനെ തിരിച്ചെത്തിക്കുന്ന ദൃശ്യങ്ങള്‍ വളരെ വികാര നിര്‍ഭരമായിരുന്നു. കുഞ്ഞിനെ വാങ്ങിയ അമ്മയ്ക്ക് കരച്ചിലടയ്ക്കാനായില്ല. കസ്റ്റഡിയിലുള്ള സ്ത്രീയെ ചോദ്യം ചെയ്തുവരികയാണ്.












Click it and Unblock the Notifications