കോട്ടയം നഗരസഭയിലെ പെന്‍ഷന്‍ തട്ടിപ്പ്; 22 ദിവസമായിട്ടും പ്രതി കാണാമറയത്ത്, ലുക്ക് ഔട്ട് നോട്ടീസിറക്കി
കോട്ടയം: കോട്ടയം നഗരസഭയിലെ പെന്‍ഷന്‍ തട്ടിപ്പ് കേസിലെ മുഖ്യ പ്രതി അഖില്‍ സി. വര്‍ഗീസിനെ കണ്ടെത്താന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ആഗസ്റ്റ് ഏഴിന് പുറത്തുവന്ന തട്ടിപ്പില്‍ 22 ദിവസം കഴിഞ്ഞിട്ടും അഖിലിനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത്. ഇയാള്‍ വിദേശത്തേക്ക് കടന്നിരിക്കാം എന്നാണ് പൊലീസ് നിഗമനം.
ജില്ലാ പൊലീസ് മേധാവിയുടെയും ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും ഫോണ്‍ നമ്പറുകള്‍ നോട്ടീസില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നഗരസഭയിലെ പെന്‍ഷന്‍ ഫണ്ടില്‍ നിന്ന് മൂന്ന് കോടി രൂപയാണ് അഖില്‍ തട്ടിയെടുത്തത്. തട്ടിപ്പ് പുറത്തായതോടെ ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. നിലവില്‍ വൈക്കം നഗരസഭയിലെ ക്ലാര്‍ക്കായ അഖില്‍ സി. വര്‍ഗീസ് 2020 മുതല്‍ കോട്ടയം നഗരസഭയില്‍ ജൂനിയര്‍ ക്ലര്‍ക്കായിരുന്നു.

വാര്‍ഷിക സാമ്പത്തിക പരിശോധനയിലാണ് വന്‍ തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. കോട്ടയം നഗരസഭയില്‍ ജോലി ചെയ്തിരുന്നപ്പോള്‍ പെന്‍ഷന്‍ വിഭാഗം കൈകാര്യം ചെയ്തിരുന്നത് അഖിലായിരുന്നു. ആ കാലം മുതല്‍ അഖില്‍ മൂന്ന് കോടി രൂപയ്ക്ക് മുകളില്‍ തട്ടിയെടുത്ത് എന്നാണ് കണ്ടെത്തിയത്. പരിശോധനയില്‍ തട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നഗരസഭാ സെക്രട്ടറി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
വിരമിച്ച ജീവനക്കാരിയല്ലാത്ത അമ്മയുടെ അക്കൗണ്ടിലേക്കാണ് അഖില്‍ പെന്‍ഷന്‍ തുക അയച്ചത്. നഗരസഭയില്‍ നിന്ന് വിരമിച്ചവരുടെ ബാങ്ക് അക്കൗണ്ടില്‍ ചില അപാകതകള്‍ ഉള്ളതായി നേരത്തേ തന്നെ പ്രാഥമിക റിപ്പോര്‍ട്ട് വന്നിരുന്നു. അഖിലിന്റെ അമ്മ പി. ശ്യാമളയുടെ പേരിലുള്ള എസ്ബിഐ അക്കൗണ്ടിലേക്ക് അനധികൃതമായി പെന്‍ഷന്‍ തുക അയച്ചതായാണ് കണ്ടെത്തിയത്.
സംഭവത്തില്‍ നഗരസഭയിലെ ഡെപ്യൂട്ടി സെക്രട്ടറി ഉള്‍പ്പെടെ നാല് പേരെ തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അഖിലിനെ കൂടാതെ ഡെപ്യൂട്ടി സെക്രട്ടറി ഫിലിസ് ഫെലിക്‌സ്, സൂപ്രണ്ട് എസ് കെ ശ്യാം, സീനിയര്‍ ക്ലര്‍ക്ക് വി ജി സന്തോഷ്, പബ്ലിക് ഹെല്‍ത്ത് നഴ്‌സ് കെ ജി ബിന്ദു എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. റെഗുലര്‍ ഫാമിലി പെന്‍ഷന്‍ ഫണ്ടില്‍ നിന്നാണ് അഖില്‍ പണം തട്ടിയത്.
അതേസമയം സംഭവം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കും വഴി വെച്ചിരുന്നു. യുഡിഎഫ് ഭരിക്കുന്ന നഗരസഭയില്‍ ഭരണസമിതി അറിയാതെ തട്ടിപ്പ് നടക്കില്ല എന്നാണ് എല്‍ഡിഎഫ് ആരോപിക്കുന്നത്. അതിനിടെ തട്ടിപ്പുമായി ബന്ധപ്പെട്ട് കോട്ടയം നഗരസഭാ അധ്യക്ഷ ബിന്‍സി സെബാസ്റ്റ്യനും വൈസ് ചെയര്‍മാന്‍ ബി ഗോപകുമാറിനുമെതിരേ എല്‍ ഡി എഫ് കഴിഞ്ഞ ദിവസം കൊണ്ടുവന്ന അവിശ്വാസപ്രമേയം ക്വാറം തികയാത്തതിനെത്തുടര്‍ന്ന് ചര്‍ച്ചയ്‌ക്കെടുത്തിരുന്നില്ല.












Click it and Unblock the Notifications