കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്‌റ്റേഷന് മുമ്പിലിട്ടു; ഗുണ്ടാ നേതാവ് കസ്റ്റഡിയില്‍
കോട്ടയം: കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് മൃതദേഹം പൊലീസ് സ്‌റ്റേഷന് മുന്നിലിട്ടു. വിമലഗിരി സ്വദേശി ഷാന്‍ ബാബുവാണ് കൊല്ലപ്പെട്ടത്. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുമ്പിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് നഗരത്തിലെ ഗുണ്ട പട്ടികയില്‍ ഉള്‍പ്പെട്ട കെടി ജോമോനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. യുവാവിനെ കൊലപ്പെടുത്തിയത് ജോമോന്‍ തന്നെ പൊലീസില്‍ അറിയിക്കുകയായിരുന്നു.
യുവാവിനെ കൊലപ്പെടുത്തിയതിന് ശേഷം ജോമോന്‍ തന്നെ തോളിലേറ്റി പൊലീസ് സ്റ്റേഷന് മുമ്പില്‍ എത്തിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കേസില്‍ നാല് പേര്‍ കൂടി പിടിയിലാകാനുണ്ടെന്നാണ് സൂചന.

എന്നാല്‍ കൊലപാതകത്തിലേക്ക് നയിച്ചതിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. കഴിഞ്ഞ ദിവസം ഷാനിനെ കാണാനില്ലെന്ന് ചൂണ്ടിക്കാണിച്ച് പൊലീസില്‍ പരാതി നല്‍കിയിരുന്നു, ഷാനിനെ നാല് പേര്‍ ചേര്‍ന്ന് ഒട്ടോറിക്ഷയില്‍ എത്തി കൂട്ടിക്കൊണ്ടു പോകുകയായിരുന്നു എന്നാണ് പരാതിയില്‍ പറഞ്ഞത്. ഇതേ തുടര്‍ന്ന് പരിശോധന ശക്തമാക്കിയിരുന്നു.
അതേസമയം, ജോമോന്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. മുന്‍പ് നഗരമധ്യത്തില്‍ ഓട്ടോറിക്ഷ ഡ്രൈവറെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് കവര്‍ച്ച നടത്തിയ കേസില്‍ അടക്കം ജോമോന്‍ പ്രതിയാണ്. ഞായറാഴ്ച രാത്രി കഞ്ചാവിന്റെയും മദ്യത്തിന്റെയും ലഹരിയിലാണ് ജോമോനും സംഘവും ഷാനെ ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. ഷാനെ പൊലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പ്രതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. 2021 നലംബര്‍ 19ന് ജോമോനെതിരെ പൊലീസ് കാപ്പ ചുമത്തി നാട് കടത്തിയിരുന്നു. കാപ്പ നിരോധനം ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ചാല്‍ മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാം. കാപ്പയുടെ വിലക്ക് നിലനില്‍ക്കെയാണ് പ്രതി ജില്ലയില്‍ എത്തി ക്രൂര കൊലപാതകം നടത്തിയത്.
അതേസമയം, കോട്ടയത്തെ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെതിരെയും പൊലീസിനെതിരെയും വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തെത്തി. കേരള പോലീസിന്റെ കിരീടത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി എന്ന് പരിഹസിച്ചാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിമര്‍ശനം. കാപ്പ ചുമത്തിയ ഒരു ഗുണ്ട കോട്ടയത്ത് , ഒരാളെ തല്ലിക്കൊന്നു പോലീസ് സ്റ്റേഷനില്‍ കൊണ്ടു വന്നിട്ട് കീഴടങ്ങി.
അതേ സമയം, കീഴടങ്ങിയ പ്രതിയെ അതി സാഹസികമായി പിടിച്ച കേരള പോലീസ് ഇപ്പോഴും നമ്പര്‍ 1 തന്നെയാണെന്നും, അതില്‍ ഒരു മാറ്റവുമില്ലായെന്നും സംഘാടക സമിതിക്കു വേണ്ടി മുഖ്യ സംഘാടകന്‍ അറിയിച്ചു- രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു.












Click it and Unblock the Notifications