കുവൈത്തിലെത്തിയിട്ട് അഞ്ച് ദിവസം മാത്രം, തൊട്ടടുത്ത് അച്ഛന്‍.. ശ്രീഹരിയുടെ വിയോഗത്തില്‍ ഞെട്ടി നാട്
കോട്ടയം: മംഗഫിലെ തീപിടിത്തത്തില്‍ മരിച്ച കോട്ടയം ചങ്ങനാശ്ശേരി ഇത്തിത്താനം കിഴക്കേടത്ത് പി ശ്രീഹരി കുവൈത്തിലെത്തിയത് അഞ്ച് ദിവസങ്ങള്‍ക്ക് മുന്‍പ്. ജൂണ്‍ എട്ടിനാണ് ശ്രീഹരി കുവൈത്തില്‍ എത്തുന്നത്. ശ്രീഹരിയുടെ അച്ഛന്‍ പ്രദീപ് കുവൈത്തിലാണ്. പ്രദീപ് എന്‍ബിടിസി കമ്പനിയില്‍ ഇലക്ട്രിക്കല്‍ സൂപ്പര്‍ വൈസറായിരുന്നു. ഈ കമ്പനിയുടെ തന്നെ സൂപ്പര്‍മാര്‍ക്കറ്റിലാണ് ശ്രീഹരി ജോലിക്കായി എത്തിയത്.
ദിവസങ്ങള്‍ക്ക് മുന്‍പ് മകനെ കെട്ടിപ്പിടിച്ച് യാത്രയാക്കിയ അമ്മ ദീപയ്ക്കും സഹോദരങ്ങളായ അര്‍ജുനും ആനന്ദിനും ശ്രീഹരിയുടെ മരണവാര്‍ത്ത ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. 27 കാരനായ ശ്രീഹരി ആദ്യമായാണ് വിദേശത്ത് ജോലിക്ക് എത്തുന്നത്. പ്രദീപിന്റെ താമസ സ്ഥലത്തിന് അടുത്ത് തന്നെയായിരുന്നു ശ്രീഹരിയുടേയും താമസം. വര്‍ഷങ്ങളായി കുവൈത്തില്‍ ജോലി ചെയ്യുകയാണ് പ്രദീപ്.

സമീപത്തെ ഫ്‌ളാറ്റില്‍ തീപിടിത്തമുണ്ടായത് അറിഞ്ഞെത്തിയ പ്രദീപിന് സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞതിനെ തുടര്‍ന്ന് സംഭവസ്ഥലത്തേക്ക് കയറാനായില്ല. വിവരം അറിഞ്ഞ്, ബുധനാഴ്ച തന്നെ പ്രദീപ് മകന്‍ താമസിക്കുന്ന അപ്പാര്‍ട്ട്മെന്റിലേക്ക് ഓടിയെത്തിയിരുന്നു. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് കാരണം കെട്ടിടത്തിന് അകത്തേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ശ്രീഹരിക്ക് പരിക്കേറ്റിട്ടുണ്ട് എന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും പറഞ്ഞത് അനുസരിച്ച് പ്രദീപ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരുന്ന എല്ലാ ആശുപത്രികളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ശ്രീഹരിയുടെ കൈയ്യിലുണ്ടായിരുന്ന ടാറ്റു അടയാളമാക്കി മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയി. മുഖം മുഴുവന്‍ നീര് വന്ന് തിരിച്ചറിയാനാകാത്ത അവസ്ഥയിലായിരുന്നു.
ടാറ്റു കണ്ടതോടെയാണ് ശ്രീഹരിയെ തിരിച്ചറിയാനായത് എന്ന് പ്രദീപ് പറയുന്നു. ശ്രീഹരിക്ക് പൊള്ളലേറ്റിട്ടില്ലെന്നും പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നും അയല്‍വാസിയും പറഞ്ഞു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് കുവൈത്തില്‍ നിന്നും ശ്രീഹരിയുടെ മരണ വാര്‍ത്ത അറിയിച്ചുള്ള ഫോണ്‍ കോള്‍ വന്നത്. പ്രദീപ് ഒരു ദശാബ്ദത്തോളമായി എന്‍ബിടിസിയിലെ ജോലിക്കാരനാണ്.
അതിനിടെ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 50 കടന്നു. ചികിത്സിയില്‍ തുടരുകയായിരുന്ന ഒരു ഇന്ത്യക്കാരന്‍ കൂടി മരിച്ചിട്ടുണ്ട് എന്നാണ് വിവരം. എന്നാല്‍ മരിച്ചയാളുടെ പേര് വിവരങ്ങള്‍ ലഭ്യമല്ല. ഇയാളെ തിരിച്ചറിയുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. നിരവധി പേരാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.
അപകടത്തില്‍ മരിച്ചവരില്‍ ഭൂരിഭാഗവും മലയാളികളാണ്. 45 ഇന്ത്യക്കാരാണ് അപകടത്തില്‍ മരിച്ചത്. ഇതില്‍ 23 പേരും മലയാളികളാണ്. ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് എന്‍ബിടിസി കമ്പനിയിലെ തൊഴിലാളികള്‍ താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ തീപിടിത്തമുണ്ടായത്. അപകടത്തില്‍ രണ്ട് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട് എന്നാണ് വിവരം.












Click it and Unblock the Notifications