കഞ്ചാവുമായി അസിസ്റ്റന്റ് ക്യാമറമാന്‍ പിടിയില്‍; പിടിയിലായത് നീലവെളിച്ചം, ചതുരം സിനിമയില്‍ പ്രവര്‍ത്തിച്ചയാള്‍
കോട്ടയം: കഞ്ചാവുമായി സിനിമ അസിസ്റ്റന്റ് ക്യാമറമാന്‍ പിടിയില്‍. മുണ്ടക്കയം പുത്തന്‍വീട്ടില്‍ സുഹൈല്‍ സുലൈമാനെയാണ് കോട്ടയം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്. 225 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിനാണ് സുഹൈലിനെ അറസ്റ്റ് ചെയ്തത്. മുണ്ടക്കയം കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് മാഫിയ സംഘത്തിലെ പ്രധാന കണ്ണിയാണ് സുഹൈല്‍ എന്നാണ് എക്‌സൈസ് സംഘം പറയുന്നത്.
50 ഗ്രാം വീതമുള്ള പാക്കറ്റുകളിലാക്കിയാണ് ഇയാള്‍ കഞ്ചാവ് വീട്ടില്‍ സൂക്ഷിച്ചിരുന്നത്. അന്വേഷണത്തിനായി എത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരെ പ്രതിയുടെ കുടുംബാംഗങ്ങള്‍ തടയാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിനിടയാക്കി. സുഹൈലിന്റെ വീട്ടിലെ കിടപ്പുമുറിയില്‍ കിടക്കയ്ക്ക് അടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് തൂക്കി എടുക്കുന്നതിനുള്ള ചെറിയ ഇലക്ട്രോണിക് ത്രാസും ഇവിടെ നിന്ന് എക്‌സൈസ് കണ്ടെത്തിയിട്ടുണ്ട്.

50 ഗ്രാം കഞ്ചാവിന്റെ പാക്കറ്റിന് 2000 രൂപ വാങ്ങിയാണ് സുഹൈല്‍ വിറ്റിരുന്നത്. നീലവെളിച്ചം, ചതുരം, ഹിഗ്വിറ്റ എന്നീ സിനിമകളില്‍ സുഹൈല്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നാണ് എക്സൈസ് അധികൃതര്‍ പറയുന്നത്. സുഹൈല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് അടക്കം ലഹരി കൈമാറിയിരുന്നു എന്നാണ് വിവരം. സുഹൈലില്‍ നിന്ന് കഞ്ചാവ് വാങ്ങിയ, എരുമേലി തെക്ക് കരിങ്കല്ലുംമൂഴി പടിഞ്ഞാറെ തടത്തേല്‍ ആരോമല്‍ സജിയെ രണ്ടാം പ്രതിയാക്കി കേസെടുത്തിട്ടുണ്ട് എന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.
അതേസമയം കസ്റ്റഡിയിലെടുക്കുമ്പോഴും നിരവധി പേര്‍ കഞ്ചാവ് ആവശ്യപ്പെട്ട് സുഹൈല്‍ സുലൈമാന്റെ ഫോണില്‍ ബന്ധപ്പെടുന്നുണ്ടായിരുന്നു എന്നാണ് വിവരം. കോട്ടയം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജേഷ് ജോണ്‍, പ്രിവന്റീവ് ഓഫീസര്‍മാരായ ബിനോദ് കെ ആര്‍, അനില്‍കുമാര്‍, നൗഷാദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നിമേഷ് കെ എസ്, പ്രശോഭ് കെ വി, ഹരിത മോഹന്‍, എക്‌സൈസ് ഡ്രൈവര്‍ അനില്‍ കെ കെ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടിച്ചത്.
സിനിമ സെറ്റുകളിലെ ലഹരി ഉപയോഗം സംബന്ധിച്ച അന്വേഷണങ്ങള്‍ വലിയ വിവാദമാകുന്നതിനിടെയാണ് ചലച്ചിത്ര പ്രവര്‍ത്തകരില്‍ നിന്ന് ലഹരി കണ്ടെടുക്കുന്നത് എന്നതും ശ്രദ്ധേയമാണ്. നേരത്തെ സിനിമയിലെ ലഹരി ഉപയോഗം നിരീക്ഷിക്കാനും തടയിടാനും സിനിമാ സെറ്റുകളില്‍ ഷാഡോ പൊലീസിനെ വിന്യസിക്കുമെന്ന് കൊച്ചി പൊലീസ് കമ്മിഷണര്‍ പറഞ്ഞിരുന്നു. എന്നാല്‍ സിനിമാ മേഖലയെ മുഴുവന്‍സമയ നിരീക്ഷണത്തില്‍ നിര്‍ത്തുന്നത് എതിര്‍ക്കും എന്നാണ് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞിരിക്കുന്നത്.












Click it and Unblock the Notifications