വനം വകുപ്പ് ഓഫീസിലെ കഞ്ചാവ് കൃഷി; നടപടിയും പ്രതികാര നടപടിയും; പിന്നില്‍ ഉദ്യോഗസ്ഥരുടെ ചേരിപ്പോര്?
കോട്ടയം: വനം വകുപ്പ് ഓഫീസിന്റെ പരിസരത്ത് കഞ്ചാവ് ചെടി വളര്‍ത്തിയ സംഭവം പുറത്തായതിന് പിന്നില്‍ ഉദ്യോഗസ്ഥരുടെ ചേരിപ്പോര്. എരുമേലി റെയ്ഞ്ച് ഓഫിസര്‍ ബിആര്‍ ജയനാണ് കഞ്ചാവ് ചെടി വളര്‍ത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ പിന്നീട് ഇദ്ദേഹത്തെ വനിതാ ജീവനക്കാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഥലം മാറ്റുകയും ചെയ്തു. ഇതിന് പിന്നില്‍ വനം വകുപ്പിലെ ഒരുവിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയ ഗൂഢാലോചനയാണ് എന്നാണ് ഉയരുന്ന ആരോപണം.
വനിതാ ജീവനക്കാര്‍ നല്‍കിയ പരാതിയില്‍ ശാരീരിക പീഡനങ്ങളൊന്നുമില്ല. ജോലിഭാരം കൂട്ടുന്നുവെന്നും മറ്റുള്ളവരുടെ മുന്നില്‍ വച്ച് അധിക്ഷേപിക്കുന്നു എന്നുമാണ് വനിതാ ജീവനക്കാരുടെ പരാതി. കഞ്ചാവ് ചെടി വളര്‍ത്തിയ സംഭവം പുറത്തായതിന് പിന്നാലെയാണ് ഈ പരാതിയില്‍ തിടുക്കപ്പെട്ട് അന്വേഷണം പൂര്‍ത്തിയാക്കുകയും നടപടി സ്വീകരിക്കുകയും ചെയ്തിരിക്കുന്നത്.

ഡിഎഫ്ഒയും യൂണിയനും ആണ് ജയനെതിരെ പ്രവര്‍ത്തിക്കുന്നത് എന്നാണ് ആരോപണം. നേരത്തെ എരുമേലി പ്ലാച്ചേരി ഡെപ്യൂട്ടി വനം വകുപ്പ് ഓഫിസ് പരിസരങ്ങളില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട് എന്ന റിപ്പോര്‍ട്ട് ജയന്‍ ഡി എഫ് ഒക്ക് സമര്‍പ്പിച്ചിരുന്നു. ഇത് ഉദ്യേഗസ്ഥര്‍ തന്നെ നട്ടുവളര്‍ത്തിയതാണ് എന്ന് ഒരു താല്‍ക്കാലിക ജീവനക്കാരന്‍ ജയന് മൊഴി നല്‍കിയിരുന്നു.
ഇത് അടക്കമുള്ള റിപ്പോര്‍ട്ടായിരുന്നു ജയന്‍ സമര്‍പ്പിച്ചിരുന്നത്. റിപ്പോര്‍ട്ട് നല്‍കി രണ്ട് ദിവസത്തിന് ശേഷം ജയനെ മലപ്പുറത്തേക്ക് സ്ഥലം മാറ്റുകയും ചെയ്തു. ഇതാണ് ആരോപണം ഉയരാന്‍ കാരണമായത്. 40 ഗ്രോബാഗുകളിലായി രണ്ട് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കഞ്ചാവ് കൃഷി നടത്തുന്നുണ്ട് എന്നായിരുന്നു റിപ്പോര്‍ട്ട്. പരിശോധനക്കായി ഉദ്യോഗസ്ഥര്‍ എത്തുമ്പോഴേക്കും ഇവ നശിപ്പിച്ച നിലയിലായിരുന്നു.
എങ്കിലും ഇതിന്റെ അവശിഷ്ടങ്ങള്‍ അവിടെയുണ്ടായിരുന്നു. എന്നാല്‍ കഞ്ചാവ് വളര്‍ത്തിയത് വനംവകുപ്പിലെ ഉദ്യോഗസ്ഥരല്ലെന്നും താത്കാലിക ജീവനക്കാരാണെന്നും ആണ് ഡി എഫ് ഒ അവകാശപ്പെടുന്നത്. സ്ഥലം മാറ്റിയതിന് പിന്നാലെയാണ് കഞ്ചാവ് കേസ് റിപ്പോര്‍ട്ട് ചെയ്തത് എന്നും വനിതാ ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി എന്നുമാണ് ഡി എഫ് ഒ പറയുന്നത്.
കോട്ടയം ജില്ലാ പൊലീസ് മേധാവി, ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍, ഫ്‌ളയിങ് സ്‌ക്വാഡ് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ എന്നിവര്‍ക്ക് ജയന്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് അയച്ചിട്ടുണ്ട്. വനം വകുപ്പിന് നാണക്കേട് ഉണ്ടാക്കുന്ന സംഭവത്തില്‍ ഉള്‍പ്പെട്ട ജീവനക്കാരനെ സര്‍വീസില്‍ നിന്ന് നീക്കണമെന്നും നടപടിയെടുക്കുന്നതില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരേയും നടപടി വേണം എന്നും ജയന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.












Click it and Unblock the Notifications