ഉമ്മന്‍ ചാണ്ടിയുടെ പിതൃസഹോദരി അന്തരിച്ചു; അന്ത്യം ഉമ്മന്‍ ചാണ്ടിയുടെ മരണത്തിന് പിന്നാലെ
കോട്ടയം: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പിതൃസഹോദരി അന്തരിച്ചു. പുതുപ്പള്ളി കിഴക്കേക്കര തങ്കമ്മ കുര്യന്‍ ആണ് ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിന് പിന്നാലെ അന്തരിച്ചത്. 94 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ കരോട്ട് വെള്ളക്കാലില്‍ വീടിന് സമീപമുള്ള വീട്ടിലായിരുന്നു തങ്കമ്മ കുര്യന്റെ താമസം.
ഉമ്മന്‍ ചാണ്ടിയുടെ മരണത്തിന്റെ നടുക്കത്തിനിടെ തങ്കമ്മ കുര്യന്റെ വേര്‍പാടും കുടുംബത്തെ ദുഖത്തിലാഴ്ത്തി. പരേതനായ കെ സി കുര്യന്‍ ആണ് തങ്കമ്മ കുര്യന്റെ ഭര്‍ത്താവ്. മുന്‍ എം എല്‍ സിയായിരുന്ന വള്ളക്കാലില്‍ വി ജെ ഉമ്മന്‍ ആണ് പിതാവ്. പരേതനായ കെ കെ. കുര്യന്‍ (തമ്പാന്‍), സുസി അലക്‌സ്, സൂസന്‍ ഗീവര്‍ഗീസ്, പ്രേമി ജേക്കബ്, മെറീന ജേക്കബ് എന്നിവരാണ് മക്കള്‍.

ബീനാ കുര്യന്‍ (വെങ്ങോല പെരുമ്പാവൂര്‍) എം സി അലക്‌സാണ്ടര്‍ (മുലേച്ചേരില്‍ വെള്ളുര്‍), ഗീവര്‍ഗീസ് ഏബ്രഹാം (താഴയില്‍, തിരുവനന്തപുരം), സണ്ണി ജേക്കബ്, ജേക്കബ് വര്‍ഗീസ് (കോയിപ്പുറം, ചാത്തന്നൂര്‍) എന്നിവരാണ് മരുമക്കള്‍. തങ്കമ്മ കുര്യന്റെ സംസ്‌കാരം പിന്നീട് നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. പുതുപ്പള്ളി കിഴക്കേക്കര കുടുംബാംഗമാണ് തങ്കമ്മ കുര്യന്‍.
അതേസമയം ഇന്ന് പുലര്‍ച്ചെ അന്തരിച്ച ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാരം മറ്റന്നാള്‍ പുതുപ്പള്ളിയില്‍ നടക്കും. ബംഗളുരുവിലെ ചിന്മയ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഉമ്മന്‍ ചാണ്ടി മരിച്ചത്. തൊണ്ടയിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു 79 കാരനായ ഉമ്മന്‍ചാണ്ടി. ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹം നിലവില്‍ പാളയം സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പൊതുദര്‍ശനത്തിന് വെച്ചിരിക്കുകയാണ്.
ഇന്ന് രണ്ടരയോടെയാണ് മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്. വന്‍ജനാവലിയാണ് ഉമ്മന്‍ ചാണ്ടിക്ക് അന്തിമോപചാരം അര്‍പ്പിക്കാനായി തിരുവനന്തപുരത്ത് എത്തിയത്. ആദ്യം പുതുപ്പള്ളി ഹൗസിലും പിന്നീട് ദര്‍ബാര്‍ ഹാളിലും മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. പാളയം പള്ളിയിലെ പൊതുദര്‍ശനത്തിന് ശേഷം കെ പി സി സി ആസ്ഥാനമായ ഇന്ദിരാഭവനിലും പൊതുദര്‍ശനമുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ എ കെ ആന്റണി, വി എം സുധീരന്‍ തുടങ്ങിയവര്‍ ഉമ്മന്‍ ചാണ്ടിക്ക് അന്തിമോപചാരം അര്‍പ്പിച്ചു. ബുധനാഴ്ച രാവിലെ ഏഴ് മണിയോടെ കോട്ടയത്തേക്ക് കൊണ്ടുപോകുന്ന ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരം തിരുനക്കര മൈതാനത്തും പുതുപ്പള്ളിയിലെ വീട്ടിലും പൊതുദര്‍ശനത്തിന് വെക്കും. സംസ്‌ക്കാരം പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ വ്യാഴാ്‌ഴ്ച നടക്കും.












Click it and Unblock the Notifications