അമിത ജോലിഭാരം? കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനെ കാണാതായി
പേഴ്‌സ് എല്ലാം എടുത്താണ് ബഷീര്‍ പോയിരിക്കുന്നത്. എന്നാല്‍ ഫോണ്‍ ക്വാര്‍ട്ടേഴ്‌സില്‍ തന്നെയുണ്ടായിരുന്നു

കോട്ടയം: കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനെ കാണാതായതായി പരാതി. ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സി പി ഒ ബഷീറിനെ ആണ് കാണാതായിരിക്കുന്നത്. വാറണ്ട് പ്രതിയെ പിടികൂടാന്‍ പോകാനിരുന്നതായിരുന്നു ബഷീര്‍. എന്നാല്‍ ഇന്ന് പുലര്‍ച്ചെ മുതലാണ് ബഷീറിനെ കാണാതായത് എന്നാണ് വിവരം.
അമിത ജോലിഭാരം മൂലം ബഷീര്‍ സമ്മര്‍ദത്തിലായിരുന്നു എന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ലോങ്ങ് പെന്‍ഡിങ് വാറണ്ട് കേസിലെ പ്രതികളെ പിടിക്കാനുള്ള ചുമതല സി പി ഒ ബഷീറിനായിരുന്നു. 50 ഓളം ലോങ്ങ് പെന്‍ഡിങ് വാറണ്ട് ആയിരുന്നു ബഷീറിന്റെ ചുമതലയില്‍ ഉണ്ടായിരുന്നത്.
ഇത്തരത്തില്‍ എറണാകുളത്തുള്ള ഒരു വാറണ്ട് പ്രതിയെ അന്വേഷിച്ച് പോകാനിരിക്കെ ആണ് ബഷീറിനെ കാണാതാകുന്നത്. എറണാകുളത്ത് പോകാനായി സഹപ്രവര്‍ത്തകനോട് വരാനും പറഞ്ഞിരുന്നു. എന്നാല്‍ സമയമായിട്ടും ബഷീര്‍ വിളിക്കാതായതോടെ ഉദ്യോഗസ്ഥന്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് അന്വേഷിച്ചെത്തി.

ബഷീര്‍ ഇവിടെ നിന്ന് പോയ കാര്യം അപ്പോഴാണ് അറിഞ്ഞത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആണ് ബഷീര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയതായി അറിഞ്ഞത്. ഫോണ്‍ ക്വാര്‍ട്ടേഴ്‌സില്‍ വെച്ചാണ് പോയിരിക്കുന്നത്. എന്നാല്‍ പേഴ്‌സും മറ്റ് കാര്യങ്ങളും എടുത്തിട്ടുണ്ട്.
കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ബഷീര്‍ ട്രെയിനില്‍ എവിടേക്കോ പോയി എന്നാണ് സംശയം. സംഭവത്തില്‍ ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications