ചുട്ടുപൊള്ളി കോട്ടയം; രാജ്യത്ത് ഏറ്റവുമധികം ചൂട് ജില്ലയില്‍, 39 ഡിഗ്രി സെല്‍ഷ്യസ് കടന്നു
ഈ മാസം പകുതിയോടെ വേനല്‍മഴ എത്തും. എന്നാല്‍ ചൂടിന് ശമനമുണ്ടാകില്ല എന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗം പറയുന്നത്

കോട്ടയം: രാജ്യത്ത് ഏറ്റവുമധികം ചൂട് രേഖപ്പെടുത്തുന്നത് കോട്ടയം ജില്ലയില്‍. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാജ്യത്ത് ഏറ്റവും കൂടുതല്‍ ചൂട് ജില്ലയില്‍ ആണ് രേഖപ്പെടുക്കിയത്. വ്യാഴാഴ്ച 38.7 ഡിഗ്രി സെല്‍ഷ്യസാണ് ജില്ലയില്‍ അനുഭവപ്പെട്ട ചൂട് എന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ കണക്ക്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30ന് ആയിരുന്നു ഇത്രയും ചൂട് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ തന്നെ ഓട്ടമാറ്റിക് വെതര്‍ സ്റ്റേഷനില്‍ 39 ഡിഗ്രിക്കു മുകളിലാണ് ജില്ലയിലെ താപനില എന്നാണ് പറയുന്നത്. അതേസമയം വെള്ളിയാഴ്ച ഈ താപനിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി.
38.2 ഡിഗ്രി സെല്‍ഷ്യസാണ് ഇന്നലെ കോട്ടയത്ത് രേഖപ്പെടുത്തി താപനില. അതേസമയം ഓട്ടമാറ്റിക് വെതര്‍ സ്റ്റേഷനില്‍ ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് കോട്ടയത് വടവാതൂരാണ്, 39.4 ഡിഗ്രി സെല്‍ഷ്യസ്. പൂഞ്ഞാറില്‍ ഇന്നലെ 39.3 ഡിഗ്രി സെല്‍ഷ്യസും ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്.
വൈക്കം 38.2 ഡിഗ്രി സെല്‍ഷ്യസ്, കോട്ടയം 36.4 ഡിഗ്രി സെല്‍ഷ്യസ്, കുമരകം 35.8 എന്നിങ്ങനെയാണ് മറ്റ് കണക്ക്. അതിനിടെ കോട്ടയം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഈ മാസം പകുതിയോടെ വേനല്‍മഴ ലഭിക്കും എന്നാണ് പ്രതീക്ഷ.സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിലെ കാലാവസ്ഥ വിദഗ്ധന്‍ രാജീവ് എരികുളം ആണ് ഇക്കാര്യം പറയുന്നത്.
എന്നാല്‍ മഴ പെയ്താലും ചൂടിന് ശമനമുണ്ടാകില്ല. ഹ്യുമിഡിറ്റി ഉയര്‍ന്ന് ചൂട് കൂടാന്‍ വേനല്‍ മഴ കാരണമാകും. അതേസമയം ചൂട് കൂടുന്ന സാഹചര്യത്തില്‍ നിര്‍ജലീകരണം സംഭവിക്കാതെ നോക്കണം എന്നാണ് ആരോഗ്യ വിദഗ്ധര്‍ എല്ലാം പറയുന്നത്. ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കില്‍ മറ്റ് അസുഖങ്ങളും പിടിപെട്ടേക്കാം.












Click it and Unblock the Notifications