റെയില്‍വേ സ്റ്റേഷനില്‍ ഓടിത്തുടങ്ങിയ ട്രെയിനില്‍ നിന്ന് യാത്രക്കാരിയുടെ മാല കവര്‍ന്ന പ്രതി പിടിയില്‍
കോട്ടയം: കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഓടിത്തുടങ്ങിയ ട്രെയിനില്‍ നിന്ന് യാത്രക്കാരിയുടെ സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയില്‍. അസം സ്വദേശിയായ അബ്ദുള്‍ ഹുസൈനെ ആണ് പൊലീസ് പിടികൂടിയത്. ക്രിസ്മസ് ദിനത്തില്‍ രാത്രി 11.30-ഓടെ ആണ് ഇയാള്‍ ട്രെയിന്‍ യാത്രക്കാരിയുടെ മാല പൊട്ടിച്ചത്. പ്ലാറ്റ്ഫോമില്‍ നിന്ന് ട്രെയിന്‍ നീങ്ങി തുടങ്ങിയതിന് പിന്നാലെ വിന്‍ഡോ സീറ്റിലിരിക്കുകയായിരുന്ന തൃശ്ശൂര്‍ സ്വദേശിനിയുടെ മാല അബ്ദുള്‍ ഹുസൈന്‍ പൊട്ടിക്കുകയായിരുന്നു.
ട്രെയിന്‍ നിര്‍ത്തിയിട്ടപ്പോള്‍ പ്ലാറ്റ്ഫോമില്‍ നില്‍ക്കുകയായിരുന്നു ഇയാള്‍. ട്രെയിന്‍ നീങ്ങിയതോടെ പ്രതി ജനലിനുള്ളിലൂടെ കൈയിട്ട് മാല പൊട്ടിക്കുകയായിരുന്നു. തുടര്‍ന്ന് മാലയുമായി ഇയാള്‍ സ്റ്റേഷനിലൂടെ നടന്നുപോകുന്നത് സി സി ടി വി ക്യാമറയില്‍ പതിഞ്ഞിരുന്നു. അതേദിവസം തന്നെ അമൃത എക്സ്പ്രസില്‍ ഉറങ്ങികിടക്കുകയായിരുന്ന യാത്രക്കാരന്റെ മൊബൈല്‍ ഫോണും ഇയാള്‍ മോഷ്ടിച്ചിരുന്നു.

രണ്ട് യാത്രക്കാരുടെയും പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അബ്ദുള്‍ ഹുസൈനെ പിടികൂടിയത്. ശബരിമല തീര്‍ഥാടന കാലമായതിനാല്‍ സംശയം തോന്നാതിരിക്കാനായി കറുത്ത വസ്ത്രം ധരിച്ചാണ് ഇയാള്‍ മോഷണം നടത്തിയത് എന്നാണ് പൊലീസ് പറയുന്നത്. ഒരു വര്‍ഷമായി ഇയാള്‍ കാഞ്ഞിരപ്പള്ളിയില്‍ പെയിന്റിങ് തൊഴിലാളിയാണ് എന്നും പൊലീസ് വ്യക്തമാക്കി.












Click it and Unblock the Notifications