ബസിന് മുന്നിലെ കൊടികുത്തി സമരം; എസ്പിയുടെ ആവശ്യം തള്ളി ഹൈക്കോടതി, 'നേരിട്ട് ഹാജരാകണം'
കോട്ടയം: തിരുവാര്‍പ്പിലെ ബസ് സമരവുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യക്കേസില്‍ എസ് പിയും കുമരകം എസ് എച്ച് ഒയും നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. നേരത്തെ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് തങ്ങളെ ഒഴിവാക്കണം എന്ന് എസ് പിയും സി ഐയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം ഹൈക്കോടതി നിരസിക്കുകയായിരുന്നു. നേരത്തെ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ബസ് ഉടമ ആക്രമിക്കപ്പെട്ടിരുന്നു.
ഇതോടെ ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചിരുന്നു. ജില്ലാ പൊലീസ് മേധാവി, കുമരകം സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ എന്നിവര്‍ നാളെ 10.15 ന് ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാകണം എന്നാണ് ജസ്റ്റിസ് എന്‍ നഗരേഷ് ഉത്തരവിട്ടിരിക്കുന്നത്. ബസുടമകളായ മിനിക്കുട്ടിക്കും ഭര്‍ത്താവ് രാജ്‌മോഹനും ഒരു മാസത്തേക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദേശം.

ബസുടമയുടെ നാല് ബസുകള്‍ക്കും തടസമില്ലാതെ സര്‍വീസ് നടത്താന്‍ സംരക്ഷണം നല്‍കണം എന്നും ഹൈക്കോടതി വിധിച്ചിരുന്നു. നേരത്തെ സി ഐ ടി യു കൊടികുത്തി ബസ് സര്‍വീസ് നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി സര്‍വീസ് പുനരാരംഭിക്കാന്‍ അനുമതി നല്‍കി. ഇത് പ്രകാരം ബസിന് മുന്നില്‍ കെട്ടിയ കൊടിതോരണങ്ങള്‍ അഴിച്ചുമാറ്റുന്നതിനിടെ രാജ്‌മോഹനെ സി പി എം നേതാവ് മര്‍ദ്ദിച്ചിരുന്നു.
സി പി എം തിരുവാര്‍പ്പ് പഞ്ചായത്ത് അംഗവും സി ഐ ടി യു നേതാവുമായികെ ആര്‍ അജയ് ആണ് രാജ്‌മോഹനെ കൈയേറ്റം ചെയ്തിരുന്നത്. വെട്ടിക്കുളങ്ങര ബസിന്റെ ഉടമയാണ് രാജ്മോഹന്‍. അതേസമയം കൊടിതോരണം നശിപ്പിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തത് എന്നായിരുന്നു സി ഐ ടി യുവിന്റെ പ്രതികരണം. തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്നാണ് സി ഐ ടി യു ബസ് സര്‍വീസ് നിര്‍ത്തിച്ചത്.












Click it and Unblock the Notifications