സമ്മാനമില്ലെന്ന് കരുതി ടിക്കറ്റ് വലിച്ചെറിഞ്ഞു, വീണ്ടും നോക്കിയപ്പോള്‍ ട്വിസ്റ്റ്..! ഓട്ടോ ഡ്രൈവറുടെ ഭാഗ്യം..!
കോട്ടയം: ലോട്ടറി വിജയം സംബന്ധിച്ച വാര്‍ത്തകള്‍ പലപ്പോഴും കൗതുകം നിറഞ്ഞതാകാറുണ്ട്. വര്‍ഷങ്ങളായി ലോട്ടറി എടുത്തിട്ടും ഒരു രൂപയുടെ പോലും സമ്മാനം ലഭിക്കാത്തവരും ആദ്യ പരീക്ഷണത്തില്‍ തന്നെ കോടീശ്വരന്‍മായവരായവരും ഉണ്ട്. ചിലരൊക്കെ താല്‍പര്യമില്ലാതെ എടുത്ത ലോട്ടറി കൊണ്ട് ഭാഗ്യവാന്‍മാരായ ചരിത്രവും ഉണ്ട്. എന്നാല്‍ ഒന്നാം സമ്മാനം അടിച്ച ടിക്കറ്റ് സമ്മാനമില്ലെന്ന് കരുതി ഉപേക്ഷിച്ച് കളഞ്ഞാല്‍ എന്തായിരിക്കും അവസ്ഥ..!
സങ്കടവും നിരാശയും എത്രത്തോളമുണ്ടാകുമെന്ന് ചിന്തിക്കാന്‍ പോലും വയ്യ അല്ലേ. എന്നാല്‍ അത്തരമൊരു അവസ്ഥയുടെ വക്കില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തില്‍ കോട്ടയം സ്വദേശിയായ ഒരു ഓട്ടോ ഡ്രൈവര്‍. സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയാണ് മൂലവട്ടം ചെറുവീട്ടില്‍ വടക്കേതില്‍ സി കെ സുനില്‍കുമാറിന് മുന്നില്‍ ഭാഗ്യദേവതയായി മാറിയത്.

എന്നാല്‍ കൈയില്‍ കിട്ടിയ ഭാഗ്യം ഒരു വേള സുനില്‍ കുമാര്‍ വലിച്ചെറിഞ്ഞതാണ്. വീണ്ടും ഒന്നുകൂടി നോക്കാന്‍ സുനില്‍ കുമാറിന് തോന്നിയതാണ് നഷ്ടപ്പെട്ട ഭാഗ്യം വീണ്ടും തിരിച്ച് ലഭിക്കാന്‍ കാരണമായത്. വ്യാഴാഴ്ച രാവിലെയാണ് ബുധനാഴ്ച നറുക്കെടുത്ത ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം സുനില്‍ കുമാര്‍ നോക്കിയത്. ചെറിയ സമ്മാനങ്ങളുടെ നമ്പറുകള്‍ ഒത്ത് നോക്കിയ സുനില്‍ കുമാര്‍ സമ്മാനമില്ലെന്ന് കണ്ട് ടിക്കറ്റ് ചവറ്റുകുട്ടയിലിട്ടു.
അതിനിടെ ഒന്നുകൂടെ ഫലം നോക്കുന്നതിനിടെയാണ് ഒന്നാം സമ്മാനം ലഭിച്ച നമ്പറില്‍ കണ്ണുടക്കുന്നത്. ഇതോടെ വീണ്ടും ടിക്കറ്റെടുത്ത് പരിശോധിച്ചതോടെയാണ് ഒന്നാം സമ്മാനം തനിക്കാണ് എന്ന് സുനില്‍ കുമാറിന് മനസിലായത്. ഒരു കോടി രൂപയാണ് ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിയിലെ ഒന്നാം സമ്മാനം. വീട് പണയം വെച്ചെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയിരിക്കെ ആണ് സുനില്‍ കുമാറിനെ തേടി ഭാഗ്യമെത്തിയിരിക്കുന്നത്.
അമ്മ സരസമ്മ, ഭാര്യ ബിന്ദു, മകള്‍ സ്‌നേഹ, മരുമകന്‍ ജെനിഫ് എന്നിവര്‍ അടങ്ങുന്നതാണ് സുനില്‍ കുമാറിന്റെ കുടുംബം. പൂവന്തുരുത്ത് പ്ലാമ്മൂട് സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറാണ് സുനില്‍ കുമാര്‍. 50 രൂപയാണ് ഫിഫ്റ്റി ഫിഫ്റ്റി ടിക്കറ്റിന്റെ വില. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക മാറ്റിയെടുക്കാം.
5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പ്പിച്ചാല്‍ മാത്രമെ സമ്മാനത്തുക ലഭിക്കൂ. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തി 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കണം എന്നാണ് ചട്ടം.












Click it and Unblock the Notifications