നട്ടപ്പാതിരയ്ക്ക് മുറിയിൽ കള്ളൻ, കടിച്ചോടിച്ച് അമ്മയും ഗർഭിണിയായ മകളും; സംഭവം കോട്ടയത്ത്
കോട്ടയം: രാത്രി നല്ല ഉറക്കത്തിനിടെ കണ്ണുതുറന്നു നോക്കുമ്പോൾ മുന്നിൽ ഒരാളെ കണ്ടാൽ എന്തായിരിക്കും നിങ്ങളുടെ അവസ്ഥ? ആകെ ഞെട്ടിപ്പോകുമല്ലേ. കഴിഞ്ഞ ദിവസം കോട്ടയത്ത് ഒരു സംഭവം നടന്നു. അർദ്ധരാത്രി ഒരു വീട്ടിൽ കള്ളൻ കയറി. കോട്ടയം എരുമേലി മുക്കൂട്ടുതറയിലാണ് സംഭവം. പലകക്കാവിൽ പുത്തൻപുരയ്‌ക്കൽ സജിയുടെ വീട്ടിലാണ് കള്ളൻ കയറിയത്. ആരായാലും പകച്ചുപോകുന്ന അവസ്ഥ. എന്നാൽ വീട്ടിൽ കയറിയ കള്ളനെ അമ്മയും ഗർഭിണിയായ മകളും കടിച്ചോടിച്ചു. സജിയുടെ ഭാര്യ മേഴ്‌സി, ഗർഭിണിയായ മകൾ മെൽബിൻ എന്നിവരാണ് മോഷ്‌ടാവിനെ ഓടിച്ചത്.
മേഴ്‌സിയും മകളും ഒരു മുറിയിലും മറ്റൊരു മകനും സജിയും വേറെ മുറിയിലും ആണ് കിടന്നിരുന്നത്. രാത്രി ഒരുമണിയോടെ വീടിന്റെ പിൻവശത്ത് ആരോ പതിഞ്ഞ സ്വരത്തിൽ സംസാരിക്കുന്നത് മേഴ്‌സിയും മെൽബിനും കേട്ടിരുന്നു. എന്നാൽ തോന്നിയതാകും എന്നാണ് ഇവർ കരുതിയത്. അതുകൊണ്ട് അത് കാര്യമാക്കിയില്ല. എന്നാൽ ഇതിനിടെ വീടിന്റെ പിൻവാതിൽ കുത്തിത്തുറന്ന് മോഷ്‌ടാക്കൾ അകത്തുകയറി. ഇവരിൽ ഒരാൾ മേഴ്‌സിയും മകളും കിടന്നിരുന്ന മുറിയിലേക്ക് വന്ന് മാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചു.

അപ്പോഴേക്കും മുറിയിലെ ചെറിയ വെളിച്ചത്തിൽ കള്ളനെ കണ്ട മേഴ്‌സി ബഹളം ഉണ്ടാക്കി. ശബ്ദമുണ്ടാക്കിയതോടെ മേഴ്‌സിയുടെ വായ കള്ളൻ പൊത്തിപ്പിടിച്ചു. ഈ സമയക്ക് മേഴ്സി കള്ളന്റെ കയ്യിൽ കടിക്കുകയായിരുന്നു. ഈ സമയം മെൽബിനും ഉണർന്ന് അമ്മയുടെ വായ പൊത്തിപ്പിടിച്ച കള്ളന്റെ കൈ വിടുവിപ്പിക്കാൻ ശ്രമിച്ചു. കള്ളന്റെ കൈയ്യിൽ കടിക്കുകയും ചെയ്തു. അപ്പോഴേക്കും മറ്റൊരു മോഷ്ടാവ് മുറിയിലെത്തി മെൽബിന്റെ കഴുത്തിൽ പിടിക്കാൻ ശ്രമിച്ചു. മേഴ്‌സിയും മെൽബിനും ബഹളം വെച്ചതോടെ സജി ഉണർന്നു. ഭാര്യക്കോ മകൾക്കോ ഷോക്കേറ്റുവെന്നാണ് സജി കരുതയത്.
അതിനാൽ സജി മെയിൻ സ്വിച്ച് ഓഫാക്കിയ ശേഷം ആണ് റൂമിലേക്ക് എത്തിയത്, വെളിച്ചവും ഉണ്ടായിരുന്നു. ഈ സമയത്ത് മോഷ്ടാക്കൾ ഓടി . സജിയുടെ വീടിന് സമീപത്തെ മൂന്ന് വീടുകളിലും മോഷണശ്രമം ഉണ്ടായി. മോഷ്ടാക്കളെന്ന് കരുതുന്ന വ്യക്തികളുടെ സി സി ടി വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവര് തമിഴിലാണ് സംസാരിച്ചത്, അതിനാൽ ഇതര സംസ്ഥാനത്ത് നിന്നുള്ളവരാണ് മോഷ്ടാക്കൾ എന്നാണ് കരുതുന്നത്. അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications