കോട്ടയത്ത് യുഡിഎഫിന് വന്‍ നഷ്ടമുണ്ടാവും; കോട്ടകള്‍ ഇളകും, ആറിലേറെ സീറ്റുകളില്‍ വിജയം ഉറപ്പ്: സിപിഎം
കോട്ടയം: സംസ്ഥാനം ഇടത്തോട്ടും വലത്തോട്ടും മാറി ചിന്തിക്കുമ്പോഴും എക്കാലത്തും യുഡിഎഫിനൊപ്പം ഉറച്ച് നില്‍ക്കുന്ന കോട്ടയാണ് കോട്ടയം. ഇക്കുറിയും അതിന് മാറ്റം ഒന്നും ഉണ്ടാവില്ലാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇത്തവണ കോട്ടയത്തിന്‍റെ രാഷ്ട്രീയ ചിത്രം ഉടച്ച് വാര്‍ക്കുമെന്നുള്ള ഉറച്ച വാശിയിലാണ് ഇടതുമുന്നണി. ജോസ് കെ മാണി നയിക്കുന്ന കേരള കോണ്‍ഗ്രസ് എം മുന്നണിയുടെ ഭാഗമായതോടെയാണ് കോട്ടയത്തെ എല്‍ഡിഎഫിന്‍റെ പ്രതീക്ഷകള്‍ കൂടുതല്‍ ഉയര്‍ന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് നിലയും എല്‍ഡിഎഫിന് വലിയ ആത്മവിശ്വാസം നല്‍കുന്നതാണ്.

പലായും പുഞ്ഞാറും കാഞ്ഞിരപ്പള്ളിയും
ആകെ പലായും പുഞ്ഞാറും കാഞ്ഞിരപ്പള്ളിയും പുതുപ്പള്ളിയും അടക്കം ആകെ 9 നിയമസഭ മണ്ഡലങ്ങളാണ് കോട്ടയം ജില്ലയില്‍ ഉള്ളത്. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആകെ ഇടത് തരക്കം ഉണ്ടായിട്ടും യുഡിഎഫിനൊപ്പം അടിയുറച്ച് നിന്ന ചുരുക്കം ജില ജില്ലകളില്‍ ഒന്നായിരുന്നു കോട്ടയം. പരമ്പരാഗത വോട്ടുകള്‍ ഉറപ്പിച്ച യുഡിഎഫ് തങ്ങളുടെ സിറ്റിങ് മണ്ഡലങ്ങള്‍ നിലനിര്‍ത്തുകയായിരുന്നു.

ആറിടത്തും യുഡിഎഫ്
അകെയുള്ള ഒമ്പത് സീറ്റുകളില്‍ ആറിടത്തും യുഡിഎഫ് വിജയിച്ചപ്പോള്‍ ഇടതുമുന്നണിക്ക് ജയിക്കാന്‍ സാധിച്ചത് ഏറ്റുമാനൂരും വൈക്കത്തും മാത്രം. പൂഞ്ഞാറില്‍ മൂന്ന് മുന്നണികളേയും വെല്ലുവിളിച്ചുകൊണ്ട് സ്വന്തന്ത്രനായി മത്സരിച്ച പിസി ജോര്‍ജും വിജയിച്ചു. ഉപതിരഞ്ഞെടുപ്പില്‍ പാലാ കൂടി ഇടതുമുന്നണി പിടിച്ചെടുത്തതോടെ ഇടത് അംഗബലം മൂന്നായി ഉയര്‍ന്നിരുന്നു.

മുന്നണി മാറ്റം
കേരള കോണ്‍ഗ്രസിന്‍റെ മുന്നണി മാറ്റമാണ് കോട്ടയത്തിന്‍റെ രാഷ്ട്രീയ ചിത്രം ആകെ മാറ്റുന്നത്. മോന്‍സ് ജോസഫ് യുഡിഎഫില്‍ ഉറച്ച് നിന്നപ്പോള്‍ എന്‍ ജയരാജ് ജോസിനൊപ്പം ഇടതുമുന്നണിയില്‍ എത്തി. ജോസിന്‍റെ വരവോടെ പാലാ സീറ്റ് നഷ്ടമാവുമെന്ന് ഉറപ്പിച്ച മാണി സി കാപ്പന്‍ യുഡിഎഫിലേക്ക് എത്തുന്നതിനും ഇതിനിടയില്‍ സാക്ഷ്യം വഹിച്ചു.

ആറിലേറേ സീറ്റുകള്‍
ജോസ് കെ മാണിയുടെ വരവ് തന്നെയാണ് ഇടതുമുന്നണിയുടെ ഏറ്റവും വലിയ പ്രതീക്ഷ. ആറിലേറേ സീറ്റുകള്‍ ഇത്തവണ ഉറപ്പായും കോട്ടയത്ത് നിന്നും ലഭിക്കുമെന്നാണ് അവര്‍ അവകാശപ്പെടുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ അവരുടെ ആത്മവിശ്വാസത്തെ കുറച്ച് കാണാനും കഴിയില്ല.

തദ്ദേശ തിരഞ്ഞെടുപ്പില്‍
തദ്ദേശ തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലാ പഞ്ചായത്ത് അടക്കം ജില്ലയിലെ ഭൂരിപക്ഷം പഞ്ചായത്തുകളും പിടിച്ചെടുക്കാന്‍ ഇടതുമുന്നണിക്ക് സാധിച്ചിരുന്നു. ഇതുവരെ അധികാരം ലഭിക്കാത്ത പഞ്ചായത്തുകള്‍ മുതല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളി പഞ്ചായത്തില്‍ വരെ വിജയിച്ചത് എല്‍ഡിഎഫ് ആയിരുന്നു.

പുതുപ്പള്ളിയിലും
തദ്ദേശത്തിലെ വോട്ട് കണക്കില്‍ പുതുപ്പള്ളി അടക്കം ഒന്‍പതി ഇടത്തും ലീഡ് ഇടതുമുന്നണിക്കാണ്. എന്നാല്‍ തദ്ദേശം കണ്ട് നിയമസഭയിലേക്ക് എല്‍ഡിഎഫ് മനപ്പായസം ഉണ്ണേണ്ടതില്ലെന്നാണ് യുഡിഎഫ് നിലപാട്. പാലാ ഉള്‍പ്പടെ ഭൂരിപക്ഷം മണ്ഡലങ്ങളും ഇത്തവണ തങ്ങള്‍ തന്നെ നിലനിര്‍ത്തുമെന്നാണ് യുഡിഎഫ് അവകാശവാദം.

പാലാ
ജില്ലയില്‍ ഏറ്റവും പ്രധാനപ്പെട്ട മത്സരം നടക്കുന്ന ഒരു മണ്ഡലം പാലായാണ്. രണ്ട് സ്ഥാനാര്‍ത്ഥികളും മുന്നണികള്‍ മാറി മത്സരിക്കുന്നവരാണ്. കഴിഞ്ഞ നിയമസഭ, ലോക്സഭ തിരഞ്ഞെടുപ്പുകളിലാണ് യുഡിഎഫിന്‍റെ ആത്മവിശ്വാസം. എന്നാല്‍ തദ്ദേശത്തിലെ ലീഡ് നില കാട്ടി എല്‍ഡിഎഫ് ഇതിനെ പ്രതിരോധിക്കുന്നു.

ഏറ്റുമാനൂരും കടുത്തുരുത്തിയും
മഹിള കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന ലതിക സുഭാഷ് സ്വതന്ത്രയായി മത്സരിക്കാന്‍ എത്തിയ മണ്ഡലമാണ് ഏറ്റുമാനൂര്‍. ലതിക പിടിക്കുന്ന വോട്ടുകള്‍ ആരുടേത് എന്നതാവും വിജയ-പരാജയങ്ങളെ നിര്‍ണ്ണയിക്കുന്ന പ്രധാന ഘടകം. കഴിഞ്ഞ തവണ യുഡിഎഫിന് റെക്കോര്‍ഡ് ഭൂരിപക്ഷം ലഭിച്ച കടുത്തുരുത്തിയില്‍ ജോസ്-ജോസഫ് പക്ഷം തമ്മില്‍ നേരിട്ടുള്ള പോരാട്ടമാണ്

കാഞ്ഞിരപ്പള്ളി
അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ വരവാണ് കാഞ്ഞിരപ്പള്ളിയെ ശ്രദ്ധേയമാക്കുന്നത്. അല്‍ഫോണ്‍സിന്‍റെ വരവ് തങ്ങള്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ അനുകൂലമാക്കിയെന്നാണ് ഇടതുമുന്നണി അവകാശപ്പെടുന്നത്. ജോസ്-ജോസഫ് പക്ഷം ഏറ്റുമുട്ടുന്ന മറ്റൊരു മണ്ഡലമാണ് ചങ്ങനാശ്ശേരി. പുതുപ്പള്ളിയില്‍ അട്ടിമറി സാധ്യതിയില്ലെങ്കിലും മത്സരം കടുക്കും.

പൂഞ്ഞാര്‍
സംസ്ഥാനം തന്നെ ഉറ്റ് നോക്കുന്ന മത്സരം നടക്കുന്ന മണ്ഡലമാണ് പൂഞ്ഞാര്‍. ഇത്തവണയും മൂന്ന് മുന്നണികളേയും വെല്ലുവിളിച്ച പിസി ജോര്‍ജ് ഇവിടെ സ്വതന്ത്രനായി മത്സരിക്കുന്നു. കഴിഞ്ഞ തവണത്തെ വിജയം ആവര്‍ത്തിക്കാന്‍ പിസി ജോര്‍ജിന് കഴിയുമോയെന്നാണ് ഏവരും ഉറ്റു നോക്കുന്നത്. എല്‍ഡിഎഫില്‍ കേരള കോണ്‍ഗ്രസ് എമ്മിനും യുഡിഎഫില്‍ കോണ്‍ഗ്രസിനുമാണ് സീറ്റ്.
സോഷ്യല്‍ മീഡിയയെ പിടിച്ചുകുലുക്കി ശ്രീലങ്കന്‍ താരം പിയൂമി ഹന്‍സമാലി, ഗ്ലാമര്‍ ഫോട്ടോഷൂട്ട് വൈറല്‍












Click it and Unblock the Notifications