13 വര്‍ഷം കൊണ്ട് ആസ്തിയിലുണ്ടായത് കോടികളുടെ വര്‍ധന! തോമസ് ചാഴിക്കാടന്റെ ആസ്തി ഇത്ര
കേരള കോണ്‍ഗ്രസുകാരുടെ മത്സരം എന്ന നിലയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട മണ്ഡലമാണ് കോട്ടയം. അതിനേക്കാളുപരി കഴിഞ്ഞ തവണ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി ജയിച്ചയാളാണ് ഇത്തവണ എല്‍ ഡി എഫിന്റെ സ്ഥാനാര്‍ത്ഥി എന്ന പ്രത്യേകതയും ഉണ്ട്. തോമസ് ചാഴിക്കാടനാണ് കോട്ടയത്ത് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയാകുന്നത്. കേരള കോണ്‍ഗ്രസ് എം നേതാവാണ് തോമസ് ചാഴിക്കാടന്‍.
ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ഔദ്യോഗിക ജീവിതമാരംഭിച്ച തോമസ് ചാഴിക്കാടന്‍ തികച്ചും ആകസ്മികമായാണ് രാഷ്ട്രീയ രംഗത്ത് എത്തുന്നത്. 1991-ലെ നിയമസഭ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയായിരുന്ന ബാബു ചാഴിക്കാടന്‍ മരിച്ചതിനെ തുടര്‍ന്നാണ് സഹോദരനായ തോമസ് ചാഴിക്കാടന്‍ ആദ്യമായി മത്സരിക്കുന്നത്. ഏറ്റുമാനൂരില്‍ സി പി എം നേതാവ് വൈക്കം വിശ്വനെ പരാജയപ്പെടുത്തിയാണ് ആദ്യമായി നിയസഭയില്‍ എത്തിയത്.

പിന്നീട് നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിലും (1996, 2001, 2006) അദ്ദേഹം ഏറ്റുമാനൂരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. 2011 - ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഏറ്റുമാനൂരില്‍ നിന്ന് വീണ്ടും മത്സരിച്ചെങ്കിലും സി പി എമ്മിലെ സുരേഷ് കുറുപ്പിനോട് പരാജയപ്പെട്ടു. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തോമസ് ചാഴിക്കാടന്‍ ജയിക്കുന്നത്.
2019 ല്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പ്രകാരം 26027478 രൂപയാണ് തോമസ് ചാഴിക്കാടന്റെ ആസ്തി. നാല് ലക്ഷം രൂപയുടെ ബാധ്യതയും അദ്ദേഹത്തിനുണ്ട്. 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് 56 ലക്ഷം രൂപയായിരുന്നു അദ്ദേഹത്തിന്റെ ആസ്തി. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത് 1.35 കോടി രൂപയും 2016 ല്‍ ഇത് 2.32 കോടി രൂപയായും വര്‍ധിച്ചു എന്നാണ് സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്.
ഭാര്യയുടേയും അദ്ദേഹത്തിന്റേയും പേരിലായി ഒരു കോടിയിലേറെ രൂപയാണ് തോമസ് ചാഴിക്കാടന് ബാങ്കില്‍ നിക്ഷേപമായുള്ളത്. ഒമ്പത് ലക്ഷം രൂപയുടെ വോക്‌സ്‌വാഗണ്‍ പോളോ കാറാണ് തോമസ് ചാഴിക്കാടന് സ്വന്തമായുള്ളത്. സ്വന്തം പേരില്‍ 24 ഗ്രാം സ്വര്‍ണവും ഭാര്യയുടെ പേരില്‍ 476 ഗ്രാം സ്വര്‍ണവും ഉണ്ട്. ഇതിന് 15 ലക്ഷം രൂപാ വില വരും. വെളിയന്നൂര്‍ പഞ്ചായത്തില്‍ 45 ലക്ഷം രൂപ വില വരുന്ന കൃഷിഭൂമിയും 7.92 ലക്ഷം രൂപ വില വരുന്ന കാര്‍ഷികേതര ഭൂമിയുമുണ്ട്.
സ്വന്തം പേരിലും ഭാര്യയുടെ പേരിലുമായി താമസയോഗ്യമായ ഒരു കെട്ടിടം പെരുമ്പൈക്കാട് ഗ്രാമത്തിലുണ്ട്. ഇതിന് 33 ലക്ഷം രൂപ വില വരും. എം എല്‍ എ പെന്‍ഷന്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, ബാങ്ക് പലിശ എന്നിവയില്‍ നിന്നാണ് തോമസിന് വരുമാനം ലഭിക്കുന്നത്.












Click it and Unblock the Notifications