കോട്ടയം പിടിക്കാന്‍ തുഷാര്‍, ഇടുക്കിയില്‍ സംഗീത; ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളായി
കോട്ടയം/ ഇടുക്കി: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള ബി ഡി ജെ എസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കേരളത്തില്‍ എന്‍ ഡി എയിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായ ബി ഡി ജെ എസ് നാല് സീറ്റുകളിലാണ് മത്സരിക്കുന്നത്. രണ്ട് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇന്ന് ശേഷിച്ച രണ്ട് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ കൂടിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ബി ഡി ജെ എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി കോട്ടയത്ത് നിന്നും സംസ്ഥാന വൈസ് പ്രസിഡന്റ് സംഗീത വിശ്വനാഥ് ഇടുക്കിയില്‍ നിന്നും ജനവിധി തേടും. മാവേലിക്കരയില്‍ ബൈജു കലാശാലയും ചാലക്കുടിയില്‍ കെ എ ഉണ്ണികൃഷ്ണനുമാണ് എന്‍ ഡി എ സ്ഥാനാര്‍ത്ഥികള്‍. കോട്ടയത്ത് നേരത്തെ തന്നെ തുഷാര്‍ വെള്ളാപ്പള്ളിയുടെ പേര് ഉയര്‍ന്ന് കേട്ടിരുന്നു. കഴിഞ്ഞ തിരഞ്ഞൈടുപ്പില്‍ കേരള കോണ്‍ഗ്രസായിരുന്നു എന്‍ ഡി എയില്‍ നിന്ന് കോട്ടയത്ത് മത്സരിച്ചത്.

ഇത്തവണ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനൊപ്പമാണ് പി സി തോമസ്. ഇതോടെയാണ് ബി ഡി ജെ എസിന് മണ്ഡലം അനുവദിക്കപ്പെട്ടത്. കോട്ടയത്ത് എസ് എന്‍ ഡി പിക്കുള്ള സ്വാധീനം പൂര്‍ണമായി മുതലാക്കാന്‍ ബി ഡി ജെ എസിന് സാധിക്കും എന്നതിനാലാണ് സീറ്റ് അനുവദിച്ചത്. കോട്ടയത്തെ ഏറ്റുമാനൂര്‍, വൈക്കം നിയോജക മണ്ഡലങ്ങളില്‍ ബി ഡി ജെ എസിന് നിര്‍ണായക സ്വാധീനമുണ്ട്.
2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റുമാനൂരില്‍ കടുത്ത മത്സരം കാഴ്ചവെക്കാനും ബി ഡി ജെ എസിനായിരുന്നു. എന്നാല്‍ പി സി ജോര്‍ജ് ബി ഡി ജെ എസുമായി ഇടഞ്ഞ് നില്‍ക്കുന്നത് ക്രിസ്ത്യന്‍ വോട്ട് ബാങ്കിനെ എങ്ങനെ സ്വാധീനിക്കും എന്ന് കണ്ടറിയണം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് 155135 വോട്ടാണ് എന്‍ ഡി എക്ക് ലഭിച്ചത്. ഇടുക്കിയില്‍ കഴിഞ്ഞ തവണയും ബി ഡി ജെ എസ് തന്നെയായിരുന്നു മത്സരിച്ചത്.
എന്നാല്‍ ഒരു ലക്ഷം വോട്ട് പോലും നേടാന്‍ അന്ന് സാധിച്ചിരുന്നില്ല. ഡീന്‍ കുര്യാക്കോസ് 498493 വോട്ട് നേടി വിജയിച്ചപ്പോള്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ജോയ്‌സ് ജോര്‍ജിന് 327440 വോട്ടാണ് ലഭിച്ചത്. ബി ഡി ജെ എസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ബിജു കൃഷ്ണന് വെറും 78648 വോട്ടാണ് ലഭിച്ചത്. 2019 ല്‍ ആകെ നാല് സീറ്റില്‍ മത്സരിച്ച ബി ഡി ജെ എസിന് 380847 വോട്ടുകളാണ് ആകെ നേടാനായത്.












Click it and Unblock the Notifications