കോട്ടയം വിട്ടുകൊടുക്കില്ലെന്ന് ജോസഫ് ഗ്രൂപ്പ്: മത്സരിക്കാന്‍ ഏഴ് പേർ, ജോസഫിന് ലക്ഷ്യം വേറേയും
കോട്ടയം: ജോസ് കെ മാണിയും കൂട്ടരും മുന്നണി വിട്ടതോടെ കോട്ടയം ലോക്സഭ സീറ്റ് തിരികെ എടുക്കണമെന്ന ചർച്ചകള്‍ കോണ്‍ഗ്രസില്‍ സജീവമാണ്. എന്നാല്‍ ഒരു തരത്തിലും കോട്ടയം സീറ്റ് വിട്ടു നല്‍കാന്‍ കഴിയില്ലെന്ന കർശന നിലപാട് ആവർത്തിക്കുകയാണ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം. കോട്ടയം സീറ്റ് കേരളാ കോണ്‍ഗ്രസിന്റേതാണെന്ന കാര്യത്തില്‍ യാതൊരു തർക്കവും വേണ്ടെതില്ലെന്നാണ് മോന്‍സ് ജോസഫ് എം എല്‍ എ വ്യക്തമാക്കുന്നത്.
കെ എം മാണിയും പിജെ ജോസഫും ഉള്‍പ്പെട്ട ഐക്യ കേരള കോണ്‍ഗ്രസിനായിരുന്നു കോട്ടയം സീറ്റ്. കെ എം മാണി മരണം വരെ യുഡിഎഫിലായിരുന്നു. പിന്നീട് ഒരു വിഭാഗം എല്‍ ഡി എഫിലേക്ക് പോയെങ്കിലും ഭൂരിഭാഗം കേരള കോണ്‍ഗ്രസ് പ്രവർത്തകരും ഇപ്പോഴും യു ഡി എഫിനൊപ്പം തുടരുകയാണ്. സ്വാഭാവികമായും കേരള കോണ്‍ഗ്രസിന് കോട്ടയം സീറ്റില്‍ അവകാശമുണ്ട്. യു ഡി എഫില്‍ ചർച്ച വരുമ്പോള്‍ ഇക്കാര്യം വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയം സീറ്റിന് പകരം മറ്റേതെങ്കിലും സീറ്റ് ചോദിക്കുമോയെന്ന കാര്യത്തിലടക്കം പാർട്ടി ചെയർമാന്‍ പി ജെ ജോസഫ് നിലപാട് വ്യക്തമാക്കുമെന്നും മോന്‍സ് പറഞ്ഞു. യു ഡി എഫില്‍ സ്ഥിരമായി കേരള കോണ്‍ഗ്രസ് എം മത്സരിച്ചുകൊണ്ടിരിക്കുന്ന ലോക്സഭ സീറ്റാണ് കോട്ടയം. സംസ്ഥാനത്ത് പാർട്ടി മത്സരിക്കുന്ന ഏക സീറ്റും ഇത് തന്നെ.
2019 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ ഭാഗമായി മത്സരിച്ച കേരള കോണ്‍ഗ്രസ് എം സ്ഥാനാർത്ഥി തോമസ് ചാഴിക്കാടന്‍ ഒരു ലക്ഷത്തിലേറെ വോട്ടിനായിരുന്നു മണ്ഡലത്തില്‍ വിജയിച്ചത്. ചാഴിക്കാടന് 421046 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എല്‍ ഡി എഫ് സ്ഥാനാർത്ഥി വിഎന്‍ വാസവന് 314787 വോട്ടുകളായിരുന്നു നേടാന്‍ സാധിച്ചത്. എന്‍ ഡി എയ്ക്ക് വേണ്ടി കേരള കോണ്‍ഗ്രസ് നേതാവും മുന്‍ എംപിയുമായ പിസി തോമസായിരുന്നു മണ്ഡലത്തില്‍ പോരിനിറങ്ങിയത്. 154658 വോട്ടുകള്‍ നേടി മണ്ഡലത്തില്‍ വലിയ മുന്നേറ്റം നടത്താനും അദ്ദേഹത്തിന് സാധിച്ചു.
എല്‍ ഡി എഫില്‍ ഇത്തവണ സീറ്റ് കേരള കോണ്‍ഗ്രസിനായിരിക്കുമെന്നതില്‍ സംശയമില്ല. തോമസ് ചാഴിക്കാടന്‍ തന്നെ വീണ്ടും സ്ഥാനാർത്ഥിയായേക്കും. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ പാർട്ടി തട്ടകമായ പാലായില്‍ തോറ്റതിന്റെ ക്ഷീണം ലോക്സഭ തിരഞ്ഞെടുപ്പില്‍ തീർക്കുകയെന്ന ലക്ഷ്യത്തോടെ ജോസ് കെ മാണി തന്നെ രംഗത്ത് വന്നാലും അത്ഭുതപ്പെടേണ്ടതില്ല.
അതേസമയം, കോട്ടയം സീറ്റിലേക്കുള്ള സ്ഥാനാർത്ഥി ചർച്ചകള്‍ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിലും സജീവമാണ്. കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പിജെ ജോസഫ് ഉള്‍പ്പെടെ ഏഴുപേരാണ് സ്ഥാനാർത്ഥിത്വം ലക്ഷ്യമിട്ട് രംഗത്തുള്ളത്. ഇതിന് പുറമെ മകന്‍ അപു ജോസഫ്, മുന്‍ എംപിമാരായ പി സി തോമസ്, ഫ്രാന്‍സിസ് ജോര്‍ജ്, കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍, എംപി ജോസഫ്, മോന്‍സ് ജോസഫ് എന്നിവരാണ് സാധ്യതാ പട്ടികയിലുള്ളത്.
തൊടുപുഴ നിയമസഭാ സീറ്റ് വിട്ട് കോട്ടയം ലോക്സഭാ സീറ്റിലേക്ക് മത്സരിക്കാനുള്ള പി ജെ ജോസഫിന്റെ നീക്കത്തിന് പിന്നില്‍ മറ്റ് ചില രാഷ്ട്രീയ നീക്കങ്ങളുമുണ്ട്. കോട്ടയത്ത് പി ജെ ജോസഫ് ജയിച്ചാല്‍ തൊടുപുഴയില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മകന്‍ അപു ജോണ്‍ ജോസഫിനെ സ്ഥാനാർത്ഥിയാക്കാനാണ് നീക്കം. മുതിർന്ന നേതാവ് പിസി തോമസും കോട്ടയം സീറ്റിനായി രംഗത്തുണ്ട്. ഫ്രാന്‍സിസ് ജോര്‍ജും സജി മഞ്ഞക്കടമ്പന്‍ എന്നിവർക്ക് പുറമെ സമവായ സ്ഥാനാർത്ഥിയായി കെ എം മാണിയുടെ മരുമകന്‍ എംപി ജോസഫും പരിഗണനയിലുണ്ട്.












Click it and Unblock the Notifications