ലോട്ടറിയെടുക്കാൻ രാശിയുള്ള സ്ഥലമാണോ കോട്ടയം; പാലയിൽ ഇത് ആറാമത്തെ ഒന്നാം സമ്മാനം
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-713 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം കഴിഞ്ഞദിവസമാണ് പ്രഖ്യാപിച്ചത്. കോട്ടയത്ത് വിറ്റ WW 149590 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ അടിച്ചത്. അങ്ങനെ സംസ്ഥാന ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിലൂടെ വീണ്ടും ഭാഗ്യം എത്തിയത് പാലയിൽ തന്നെ.
കട്ടക്കയം റോഡിലെ സതി മാത്യുവിന്റെ ഉടമസ്ഥതയിലുള്ള ഹന്ന ലക്കി സെന്ററിൽ നിന്ന് വിറ്റ ഡബ്ല്യു 713 സീരീസിലെ 149590 നമ്പർ ലോട്ടറി ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. വിജയിച്ച ലോട്ടറി ടിക്കറ്റിന്റെ ഉടമയെ തിരിച്ചറിഞ്ഞിട്ടില്ല. പാലായിൽ സമീപകാലത്ത് ലഭിക്കുന്ന ആറാമത്തെ ഒന്നാം സമ്മാനമാണിത്.

കഴിഞ്ഞ വർഷം ഡിസംബർ 30 ന് നറുക്കെടുപ്പ് നടത്തിയ നിർമ്മൽ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ ലഭിച്ചത് പാലായിലെ ഒരു ഏജൻസി വിറ്റ ടിക്കറ്റിനാണ്. ഉഴവൂർ സ്വദേശിക്കാണ് ഭാഗ്യം ലഭിച്ചത്. പാലായിൽ വിറ്റ ഒരു ടിക്കറ്റിന് കഴിഞ്ഞ സെപ്റ്റംബറിൽ ഓണം ബമ്പറിൽ രണ്ടാം സമ്മാനമായ 5 കോടി രൂപയും ലഭിച്ചു. സമ്മാനം നേടിയ ഇടനാട് സ്വദേശി തന്റെ പേര് വെളിപ്പെടുത്തിയില്ല.
കഴിഞ്ഞ ജൂണിലെ നിർമൽ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ പൂഞ്ഞാർ സ്വദേശിക്ക് ലഭിച്ചു. പാലായിൽ ലോട്ടറി വിൽപന നടത്തുന്ന ഇയാൾ വിൽക്കാതെ സൂക്ഷിച്ചിരുന്ന ടിക്കറ്റാണ് ഭാഗ്യം കൊണ്ടുവന്നത്.പാലായിൽ വിറ്റ ടിക്കറ്റുകൾ 2021 ജൂലൈയിൽ "ഭാഗ്യ മിത്ര"യിലും സെപ്റ്റംബറിൽ "കാരുണ്യ"യിലും ഒന്നാം സമ്മാനം നേടി. ഇതോടെ ടിക്കറ്റെടുക്കാൻ പറ്റിയ സ്ഥലമാണ് പാല എന്ന് അഭിപ്രായത്തിലെത്തിയിരിക്കുകയാണ് ആളുകൾ. ഭാഗ്യമില്ലെങ്കിൽ ആറ് ഒന്നാം സമ്മാനമൊക്കെ ലഭിക്കുമോ എന്നാണ് ചോദ്യം.
അതേസമയം, രണ്ടാം സമ്മാനമായ അഞ്ചുലക്ഷം രൂപ അടൂരിൽ വിറ്റ WU 490213 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. ഉച്ചക്കഴിഞ്ഞ് മൂന്ന് 3 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com/ൽ ഫലം ലഭ്യമാകും. എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം












Click it and Unblock the Notifications